മഴ* മന്ത്രങ്ങള്‍ .....!!! ഇത് എന്‍റെ മാത്രം പ്രയത്നമല്ല.......!!! ഒരുപാട് നല്ല കൂട്ടുകാരുടെ നിസ്വാര്‍ത്ഥമായ സ്നേഹമുണ്ട് ഇതില്‍ .....!! ഇവിടെ കാണുന്ന മഴമന്ത്രങ്ങളിലെ വരികളിലൂടെ മാത്രമേ നിങ്ങള്‍ക്കെന്നെ കാണാന്‍ കഴിയൂ.......!!!അതിനുമപ്പുറം.....!! ഈ ബ്ലോഗ് എനിക്ക് വേണ്ടി ഡിസൈന്‍ ചെയ്തു തന്ന ജുനു എന്ന ജുനൈദ്...!! എന്‍റെ രചനകള്‍ ചിത്രങ്ങളിലേക്ക് പകര്‍ത്തി.. ആ വരികള്‍ക്ക് മിഴിവേകി തന്ന എന്‍റെ പ്രിയതുള്ളികളായ നാഷ്, ജുനു, സ്നേഹ (ഷേയ), റൈമു, സുഷിന്‍, നാസ്........!!! ഒരു മടിയനായ എന്നെ എഴുതാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കുകയും,സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുകയും ചെയ്ത/ചെയ്തുകൊണ്ടിരിക്കുന്ന .. സന്നു (ദീദി), സ്നേഹ, മിനി, നാഷ്, ജുനു, ഹരിക്കുട്ടന്‍ & ചന്ത്വേട്ടന്‍ ...!!! ചിത്രങ്ങള്‍ അയച്ചു തന്നു സ്നേഹം പങ്കുവെച്ച എന്‍റെ പ്രിയ കൂട്ടുകാരന്‍ ഷാജഹാന്‍ നന്മണ്ടന്‍ ....!! എല്ലാവരോടും ഞാന്‍ നന്ദി പറയുന്നില്ല... കാരണം... നന്ദി പറഞ്ഞാല്‍ അതോടു കൂടി ആ പ്രയത്നങ്ങളുടെ ഫലം തീര്‍ന്നു പോയേക്കാം....!! അതുകൊണ്ട്.. ഒരിക്കലും മായാതെ..എന്നുമെന്നും മനസ്സിനുള്ളില്‍ ഈ കടപ്പാട് ഞാന്‍ സൂക്ഷിച്ച് വെക്കുന്നു........!!

Monday, 20 August 2012

ചിറകൊടിഞ്ഞ പക്ഷി..........!!! (ചെറുകഥ)



പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ക്ക് കൂട്ടായ് ഒഴുകിയെത്തുന്ന ഇളംതെന്നല്‍ സ്നേഹയുടെ മുഖത്ത് ഇക്കിളിയിട്ടു കൊണ്ടിരുന്നു. എന്നിട്ടും കാറിന്‍റെ ഗ്ലാസ് അടച്ചു വെക്കാന്‍ അവള്‍ക്കു തോന്നിയില്ല. വയനാട്ടില്‍ നിന്നും ചുരമിറങ്ങിയുള്ള യാത്ര എന്നും അവള്‍ക്കു ഹരമായിരുന്നു.പുറകിലേക്കോടിയൊളിക്കുന്ന വൃക്ഷങ്ങളും, പച്ച വിരിച്ച മൈതാനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തേയിലത്തോട്ടങ്ങളും, താഴോട്ടു നോക്കുമ്പോള്‍ കണ്മുന്നില്‍ തെളിഞ്ഞു കാണാനാവാത്ത അഗാധതയും എന്നും അവളെ ഹരം പിടിപ്പിച്ചിട്ടേയുള്ളൂ.എത്ര തവണയിങ്ങിനെ ചുരമിറങ്ങിയെന്ന് സ്നേഹക്കു അറിയില്ല. മനസ്സു വല്ലാതെ വേദനിക്കുമ്പോള്‍ , അല്ലെങ്കില്‍ സ്വന്തം നഷ്ടങ്ങളെ കുറിച്ച് സങ്കടപ്പെടുമ്പോള്‍ അവള്‍ക്കു തോന്നും മറ്റുള്ളവരെ പോലെ തനിക്കും ലോകം ചുറ്റണമെന്ന്.എണ്ണിയാലൊടുങ്ങാത്ത മോഹങ്ങളുടെ അക്കങ്ങള്‍ എന്നും വര്‍ദ്ധിച്ചിട്ടേയുള്ളൂ. ഏഴുവയസ്സു മുതല്‍ കൂട്ടി വെച്ച മോഹങ്ങളില്‍ പലതും സഫലമാവാതെ മണ്ണടിഞ്ഞിട്ടും പിന്നെയും പിന്നെയും പുതിയ മോഹങ്ങളെ അവള്‍ കൂട്ടിവെച്ചു കൊണ്ടേയിരുന്നു.
“ചേച്ചീ, ഇന്നു നമ്മളെങ്ങോട്ടേക്കാ യാത്ര? “ ഉണ്ണിക്കുട്ടന്‍റെ വാക്കുകള്‍ അവളെ ചിന്തകളില്‍ നിന്നുണര്‍ത്തി
ഉണ്ണിക്കുട്ടന്‍ .  മൂന്നു വര്‍ഷമായി എപ്പോഴും അവളുടെ കൂടെ ഊരു ചുറ്റാന്‍ നടക്കുന്ന കുഞ്ഞനിയന്‍ . അയലത്തെ ഉഷ ചേച്ചിയുടെയും വാസുവേട്ടന്‍റെയും മകനാണെങ്കിലും, സ്വന്തം അനിയനാണവള്‍ക്ക്. ഉണ്ണിക്കുട്ടനും അങ്ങിനെ തന്നെയാണ്. എല്ലാവരും പറയാറുണ്ട് ഉണ്ണിക്കുട്ടനു സ്നേഹയുണ്ടേല്‍ പിന്നെ അമ്മയും അച്ഛനും വേണ്ടാ എന്ന്. പതിനെട്ട് വയസ്സു കഴിഞ്ഞപ്പോള്‍ സ്നേഹയാണ് അവനെ നിര്‍ബന്ധിച്ച് ഡ്രൈവിംഗ് പഠിക്കാന്‍ അയച്ചത് . അതിനു വേണ്ട പൈസയും സഹായങ്ങളും എല്ലാം കൊടുത്തതും അവള്‍ തന്നെയാണ്.അതു വരെ വാസു ചേട്ടനായിരുന്നു അവളുടെ യാത്രകള്‍ക്ക് കൂട്ടായ് വന്നിരുന്നത്.
“ഇന്നു നമുക്ക് തിരക്കൊഴിഞ്ഞ ഏതെങ്കിലും കടല്‍ തീരത്തേക്ക് പോയാലോ ഉണ്ണീ? “ ചോദ്യഭാവത്തില്‍ കാറിന്‍റെ റിയര്‍വ്യൂ മിററിലൂടേ അവന്‍റെ മുഖത്തേക്ക് നോക്കി അവള്‍ മറുപടിക്കായ് കാത്തിരുന്നു.
സ്നേഹ പറയുന്നതിനു മറുവാക്കില്ലാത്ത ഉണ്ണിക്ക് വേറെ ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.
“എങ്കില്‍ നമുക്ക് സ്നേഹതീരത്തേക്ക് പോകാം ചേച്ചി. തൃപ്രയാര്‍ അമ്പലത്തിനടുത്തെന്നാ കേട്ടിട്ടുള്ളത്. തിരക്കല്പം കൂടുമെങ്കിലും സായാഹ്നങ്ങളില്‍ അസ്തമയ സൂര്യനും കടലും ഒന്നു ചേരുന്ന സമയത്ത് അവിടെയിരുന്നാല്‍ എത്ര പരുക്കനായ മനുഷ്യന്റ്റെ മനസ്സിലും കവിത ജനിക്കുമെന്നാ എന്റ്റെ  കൂട്ടുകാരന്‍ പറഞ്ഞിട്ടുള്ളത്. അപ്പോ പിന്നെ എന്‍റെ ചേച്ചിയുടേ കാര്യം പറയണോ ? ” അവന്‍ കണ്ണാടിയിലൂടെ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
ശരിയാണ്. ഓരോ യാത്രയും സ്നേഹക്ക് ഓരോ കവിതകളാണ്. പ്രകൃതിയും,ഋതുക്കളും, മനുഷ്യനും, മണ്ണും ,മലയും, മഞ്ഞും, മഴയും, പുഴയും,എന്നു വേണ്ട സൂര്യനു താഴെയുള്ള ഏതൊരു കാര്യവും സ്നേഹയുടെ വിരല്‍തുമ്പിലൂടേ കവിതയായ് പുസ്തകത്താളുകളില്‍ നിറഞ്ഞവയാണ്.
“ഒത്തിരി ദൂരമില്ലേ ഉണ്ണീ അവിടേക്ക്.? അപ്പോ നാളെയോ മറ്റെന്നാളോ നമുക്കിനി തിരിച്ചു വരാനൊക്കൂ അല്ലേ. ? “
“അതിനെന്താ ചേച്ചി. ലക്ഷ്മി ചിറ്റയുടെ വീട് ഗുരുവായൂരമ്പലത്തിനടുത്തല്ലേ ? മുമ്പ് നമ്മള്‍ അമ്പലത്തിലേക്ക് പോയപ്പോള്‍ ഒരു ദിവസം അവിടെ താമസിച്ചതുമാണല്ലോ. അവിടെ നിന്നും വെറും ഇരുപത്-ഇരുപത്തിമൂന്ന് കിലോമീറ്ററേയുള്ളൂ ഈ പറയുന്ന സ്ഥലത്തേക്ക്.”
ഉണ്ണി വാ താരോതെ പറയുന്നത് അവള്‍ സാകൂതം കേട്ടു കൊണ്ടിരുന്നു.
“എന്നാല്‍ നമുക്ക് ഇപ്പോള്‍ ചിറ്റയുടെ വീട്ടിലേക്കും, അവിടെ ചെന്ന് ഒന്നു ഫ്രെഷായിട്ട് നേരെ സ്നേഹതീരത്തേക്കും പോകാം” അതു പറഞ്ഞിട്ട് സ്നേഹ ഒന്നു കൂടി വിന്‍ഡോ സൈഡിലേക്ക് നീങ്ങി പുറത്തെ കാഴ്ചകളിലേക്ക് മിഴി നട്ടിരുന്നു.മലനാട്ടില്‍ നിന്നും സൈകതഭൂവിലേക്ക് ഒരു യാത്ര. ഹരിതവനങ്ങള്‍ നിറഞ്ഞ കാടുകള്‍ക്കുള്ളില്‍ നിന്നും പഞ്ചാരമണല്‍ നിറഞ്ഞ കടല്‍തീരത്തിലൂടെ കാല്‍നനച്ചു, തിരകളെ കളിയാക്കി ഒരുപാട് ദൂരം ഓടിക്കളിക്കുവാന്‍ ഒത്തിരി തവണ അവളാഗ്രഹിച്ചിരുന്നതാണ്.ഓര്‍ത്തപ്പോള്‍ എന്തിനെന്നറിയാതെ കണ്ണിലെ കാഴ്ച മറച്ചുകൊണ്ട് രണ്ടു നീര്‍ത്തുള്ളികള്‍ അവളുടെ കവിളിലൂടെ ഉതിര്‍ന്നു വീണു. ഹെയര്‍പിന്‍ വളവുകള്‍ ഓരോന്നായ് പുറകിലേക്ക് മാഞ്ഞു പോകുമ്പോള്‍ സ്നേഹയുടെ ഓര്‍മ്മകള്‍ ഒരുപാട് പുറകിലേക്ക് യാത്ര ചെയ്യുകയായിരുന്നു.
പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ ഹെയര്‍പിന്‍ വളവുകളുടെ സൌന്ദര്യം ആസ്വദിച്ചു ചുരം കയറി മുകളിലേക്ക് പോകുമ്പോള്‍ ബ്രേക്ക് നഷ്ടപ്പെട്ട് കുതിച്ചു പാഞ്ഞു വന്ന ഒരു ലോറിയുടെ ചിത്രം മനസ്സിലേക്കോടി വന്നു.
“ഏട്ടാ...” പെട്ടെന്നു അവളറിയാതെ അവളുടെ ഉള്ളില്‍ നിന്നും ഒരു നിലവിളി പുറത്തേക്കു വന്നു. പൊടുന്നനെ ഉണ്ണിയുടെ കാല്‍ ബ്രേക്കിലമര്‍ന്നു.വല്ലാത്തൊരു കുലുക്കത്തോടെ നിന്ന കാര്‍ സൈഡില്‍ പാര്‍ക്ക് ചെയ്തു പെട്ടെന്നു പുറത്തിറങ്ങി. പുറകിലെ ഡോര്‍ തുറന്നു ഉണ്ണി സ്നേഹയെ രണ്ടു കൈകൊണ്ടും പിടിച്ചു കുലുക്കികൊണ്ടു ചോദിച്ചു.
“എന്താ..എന്തു പറ്റി ചേച്ചി”
“ഒന്നുമില്ല...ഒന്നുമില്ല ഉണ്ണീ. പെട്ടെന്നു എന്തോ ചിന്തിച്ചു. വണ്ടിയെടുക്ക് നമുക്ക് വേഗം പോകാം “ വിയര്‍പ്പുമണികളും കണ്ണീര്‍ത്തുള്ളികളും കവിളിലൂടെ ഒലിച്ചിറങ്ങുന്നത് തൂവാല കൊണ്ട് തുടച്ച് സ്നേഹ ഉണ്ണിയോട് പറഞ്ഞു.
ഉണ്ണിക്കറിയാം, ആ മനസ്സിലെന്താണെന്ന്. അതുകൊണ്ടു തന്നെ കൂടുതലൊന്നും ചോദിക്കാന്‍ അവന്‍ ആഗ്രഹിച്ചില്ല. എത്രയോ രാത്രികളില്‍ ചേച്ചിയെ കുറിച്ചാലോചിച്ച് കിടന്നു തലയിണ നനച്ചിരിക്കുന്നു. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കാണുന്നതാണ് ആ മുഖം. അനുഭവിക്കുന്നതാണ് ആ സ്നേഹം. തോട്ടത്തില്‍ പണിയെടുക്കാന്‍ വരുന്ന ആദിവാസി സ്ത്രീകളെ പോലും പേരിനോടൊപ്പം അമ്മ എന്നു കൂട്ടി ചേര്‍ത്തു മാത്രമേ സ്നേഹ വിളിക്കാറുള്ളൂ.ഇത്രയും നല്ലൊരു മനസ്സുള്ള തന്‍റെ ചേച്ചിക്ക് ദുരന്തങ്ങള്‍ മാത്രമേ എന്നും ഈശ്വരന്‍ നല്‍കിയിട്ടുള്ളൂ എന്നാലോചിച്ചപ്പോള്‍ ഈശ്വരനോട് പോലും അവനു ദേഷ്യം തോന്നി.
കോഴിക്കോടെത്തി, ഗുരുവായൂര്‍ റോഡിലേക്ക് തിരിഞ്ഞു കുറച്ചു കഴിഞ്ഞപ്പോഴേക്കും, മുമ്പില്‍ ഗതാഗതക്കുരുക്ക്. ഇന്നെന്താണാവോ പ്രശ്നം എന്നു മനസ്സില്‍ പിറുപിറുത്തുകൊണ്ട് ഉണ്ണി കാര്‍ സ്റ്റോപ്പ് ചെയ്തു.
“ചേട്ടാ , എന്താ അവിടെ കുഴപ്പം “ റോഡ് സൈഡിലൂടെ പോകുന്ന ഒരു വൃദ്ധനോട് ഉണ്ണി ഉറക്കെ വിളിച്ചു ചോദിച്ചു.
“ഒരു ആക്സിഡന്‍റാ മോനേ. ഓട്ടോറിക്ഷയും ബസും.  അച്ഛനും അമ്മയും മോളും,  മൂന്നും തീര്‍ന്നൂന്നാ പറയുന്നത്. എല്ലാറ്റിനെം പെറുക്കി കൂട്ടി ആശൂത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.” പിന്നെയുമെന്തൊക്കെയോ ആത്മഗതം ചെയ്ത് വൃദ്ധന്‍ നടന്നകന്നു.
ഉണ്ണി മെല്ലെ തിരിഞ്ഞു നോക്കി. പിന്‍സീറ്റില്‍ തലവെച്ചു കണ്ണു തുറന്നു കിടക്കുന്ന സ്നേഹയോട് അവന്‍ ചോദിച്ചു.
“ചേച്ചീ...എന്തേലും കഴിക്കാം നമുക്ക്. ഇതിനി കുറച്ചു നേരം പിടിക്കും ശരിയാവാന്‍ .? “
“ഉണ്ണി പോയി എന്തേലും കഴിച്ചു വാ. ചേച്ചിക്ക് വിശപ്പില്ല “ സ്നേഹ തലയനക്കാതെ പറഞ്ഞു
ഉണ്ണിക്കും വിശപ്പുണ്ടായിരുന്നില്ല. എന്നാലും ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് തെല്ലൊരു മാറ്റം കിട്ടിയെങ്കിലോ എന്ന ചിന്ത മനസ്സില്‍ വന്നതു കൊണ്ടായിരുന്നു ഉണ്ണി അങ്ങിനെ ചോദിച്ചത്.
“എനിക്കും വിശപ്പില്ല ചേച്ചി.നമുക്ക് കുറെ കൂടി പോയിട്ട് കഴിക്കാം.” അതും പറഞ്ഞ് ഉണ്ണി സ്റ്റീരിയോ ഓണ്‍ ചെയ്തു.അല്പനേരം കഴിഞ്ഞപ്പോള്‍ മുന്നിലെ വാഹനങ്ങള്‍ക്ക് അനക്കം വെച്ചു തുടങ്ങി. മനസ്സില്‍ ദൈവങ്ങള്‍ക്കു നന്ദി പറഞ്ഞുകൊണ്ട് ഉണ്ണി കാര്‍ മുന്നോട്ടെടുത്തു.
സ്നേഹയുടെ മനസ്സ് അപ്പോഴും അവിടെ നിന്നു വരാന്‍ മടിച്ചു നിന്നു.ബാല്യത്തില്‍ തന്നെ തനിച്ചാക്കി കണ്ണെത്താ ദൂരത്തേക്ക് പറന്നു പോയ ആത്മാക്കളിലൂടെ യാത്ര ചെയ്യുകയായിരുന്നു സ്നേഹ. സ്നേഹം എന്തെന്ന് അറിയാന്‍ തുടങ്ങുന്നതിനു മുന്നേ വിധി തട്ടിയെടുത്ത മൂന്ന് ആത്മാക്കള്‍ വര്‍ഷങ്ങളായ്... അരൂപികളായ് സ്നേഹയുടെ കൂടെ യാത്ര ചെയ്യുന്നു. സങ്കടങ്ങള്‍ കൂട്ടിനെത്തുന്ന രാത്രികളില്‍ തനിയെ കിടന്നു കണ്ണു നിറക്കുമ്പോള്‍ ആശ്വാസവാക്കുമായെത്തുന്ന, അമ്മയും അച്ഛനും പുന്നാര ഏട്ടനും.വര്‍ഷങ്ങളെത്ര കഴിഞ്ഞിട്ടും കാതില്‍ പതിഞ്ഞു കേള്‍ക്കുന്ന അവരുടെ ആശ്വാസവാക്കുകളും, അക്ഷരങ്ങളും, പിന്നെ എണ്ണിയാലൊടുങ്ങാത്ത യാത്രയോടുള്ള അഭിനിവേശവുമാണ് സ്നേഹയെ മരണമെന്ന കോമാളിയില്‍ നിന്നും അകന്നു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.സ്നേഹയുടെ മനസ്സിലും ഒന്നേയുള്ളൂ...ഒരുപാട് യാത്ര ചെയ്യുമ്പോള്‍ എന്നെങ്കിലുമൊരിക്കല്‍ , എപ്പോഴെങ്കിലുമൊരിക്കല്‍ , തന്‍റെ എല്ലാമെല്ലാമായ മൂന്ന് ജീവനെ തട്ടിയെടുത്ത വിധിയുടെ കറുത്ത കൈകളുടെ കനിവ് ഒരു ലോറിയുടെയോ, ബസിന്‍റെയോ രൂപത്തില്‍ വന്നു തന്നെ കൂട്ടി കൊണ്ടു പോകുന്ന ദിവസം. സ്വയം മരിക്കാന്‍ പേടിയുണ്ടായിട്ടല്ല. എന്തുകൊണ്ടോ കഴിയുന്നില്ല.
പെട്ടെന്ന് മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തു. മറുപുറത്തു ഉഷേച്ചിയാണ്.
“എവിടെയെത്തി മോളെ ഇപ്പോള്‍..? “ അറ്റന്‍ഡ് ചെയ്തു ഹെലോ എന്നു പറയുന്നതിനു മുന്നേ ഉഷേച്ചിയുടെ സ്വരം കാതുകളിലേക്കെത്തി
“എത്താറായി ഉഷാമ്മേ. ഇടപ്പാള്‍ കഴിഞ്ഞൂന്നാ തോന്നുന്നെ.“ പറഞ്ഞതും സ്നേഹ ഫോണിലേക്ക് നോക്കി. സമയം 3 കഴിഞ്ഞിരിക്കുന്നു
“വഴിയില്‍ ട്രാഫിക്ക് ബ്ലോക്കില്‍ പെട്ടു ഉഷാമ്മേ, ഞങ്ങള്‍ സ്നേഹതീരത്തേക്ക് പോവാണ്. അതിനു ശേഷം ലക്ഷ്മി ചിറ്റയുടെ വീട്ടിലേക്ക് പോവും.അല്ലെങ്കില്‍ അസ്തമയം കാണാനൊക്കില്ല. അവിടെയെത്തിയിട്ടു വിളിക്കാം ഞാന്‍ . “
നിമിഷ നേരം കൊണ്ടു അത്രയും പറഞ്ഞു സ്നേഹ ഫോണ്‍ കട്ടു ചെയ്തു. കൂടുതല്‍ സംസാരിക്കാന്‍ നിന്നാല്‍ ഊണു കഴിക്കാത്ത കാര്യം കൂടി പറയേണ്ടി വരും. അങ്ങിനെ പറഞ്ഞാല്‍ ഉണ്ണിക്കായിരിക്കും വഴക്ക് മുഴുവന്‍ . നീ ശ്രദ്ധിക്കാഞ്ഞിട്ടാ..പറയാഞ്ഞിട്ടാ എന്നൊക്കെ പറഞ്ഞു അവനു സ്വൈര്യം കൊടുക്കില്ല.
“ഉണ്ണീ, സമയം വൈകി, നമുക്ക് നേരെ സ്നേഹതീരത്തേക്കു പോവാം. ഇനി ലക്ഷ്മിചിറ്റയുടെ വീട്ടില്‍ കയറിയാല്‍ അസ്തമയം കാണാനൊക്കില്ല. അടുത്തു കാണുന്ന കോഫീ ഷോപ്പിനു മുന്നില്‍ നിര്‍ത്തി എന്തേലും കഴിച്ചിട്ടു മതി ഇനി ഡ്രൈവിംഗ്” സ്നേഹ കയ്യില്‍ കരുതിയിരുന്ന വെള്ളം കുടിക്കുന്നതിനിടയില്‍ ഉണ്ണിയോടു പറഞ്ഞു.
പോകുന്ന വഴിക്ക് ഐസ്ക്രീം പാര്‍ലറില്‍ നിന്ന് ജ്യൂസും കട്‍ലറ്റും പാര്‍സല്‍ വാങ്ങികൊണ്ടു വന്നു ഉണ്ണി സ്നേഹക്കു കൊടുത്തു.എന്നിട്ട് നേരെ ഡ്രൈവിംഗ് സീറ്റിലേക്ക് പോയി.
“ഉണ്ണീ, നമുക്കിതു കഴിച്ചിട്ട് പോയാല്‍ മതി. “ പൊതിയഴിച്ച് രണ്ട് കട്‍ലറ്റ് ടിഷ്യൂ പേപ്പറില്‍ വെച്ച് ഉണ്ണിക്ക് നീട്ടികൊണ്ട് സ്നേഹ പറഞ്ഞു.
“നല്ല വിശപ്പുണ്ടല്ലേ ഉണ്ണീ നിനക്ക്..? “ സ്നേഹ ചോദിച്ചപ്പോള്‍ ഒരു കള്ളച്ചിരിയോടെ അവന്‍ നിഷേധഭാവത്തില്‍ തല വെട്ടിച്ചു.
പിന്നെയും യാത്ര. കുന്നംകുളം എത്താറായപ്പോള്‍ സ്നേഹ വീണ്ടും മൊബൈല്‍ ഫോണിലേക്ക് നോക്കി. സമയം നാല്, നാല്പത്തഞ്ച് . ഇനി എങ്ങിനെ ഓടിയാലും കുറഞ്ഞത് മുക്കാല്‍ മണിക്കൂറെങ്കിലുമാവും അവിടെയെത്താന്‍ .
‘സാരമില്ല. അഞ്ചരക്കെത്തിയാലും സമാധാനമായി അസ്തമയം കണ്ടു തിരിച്ചു വരാം.‘ സ്നേഹ സ്വയം പറഞ്ഞു.
അതിനിടയില്‍ ലക്ഷ്മി ചിറ്റക്ക് വിളിച്ച് രാത്രി എട്ടരയോടു കൂടി അവിടേക്ക് വരുന്നുണ്ടെന്ന് പറഞ്ഞു. വിശേഷങ്ങള്‍ ചോദിക്കാന്‍ നിന്നപ്പോള്‍ വന്നിട്ട് എല്ലാം വള്ളിപുള്ളി വിടാതെ പറഞ്ഞു തരാമെന്ന് പറഞ്ഞു സ്നേഹ ഫോണ്‍ വെച്ചു.
“ഉണ്ണീ , ഇനി കുറച്ചു പതിയെ പോവൂ..“ ചേറ്റുവ ടോള്‍ കഴിഞ്ഞപ്പോള്‍ സ്നേഹ ഉണ്ണിയോട് പറഞ്ഞു,
ശാന്തമായൊഴുകുന്ന, കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന പുഴയുടേയും..പുഴക്ക് ഇരുകരയിലുമായി നിറഞ്ഞു നില്‍ക്കുന്ന കേരവൃക്ഷങ്ങളുടെയും , ഭംഗിയാസ്വദിക്കാനെന്ന വണ്ണം ഉണ്ണി വളരെ സാവധാനത്തിലായിരുന്നു കാര്‍ ഡ്രൈവ് ചെയ്തിരുന്നത്.പാലം കടന്നു കുറച്ചു കഴിഞ്ഞപ്പോള്‍ വേഗത്തിലായി യാത്ര. അഞ്ചുമണിയായപ്പോഴേക്കും വാടാനപ്പള്ളിയിലെത്തി.
“ചേച്ചി, ഇത്തിരി കൂടി കഴിഞ്ഞാല്‍ നമുക്ക് ആരോടെങ്കിലും സ്നേഹതീരത്തിലേക്കുള്ള വഴി ചോദിക്കാം ” സ്നേഹയോട് ഡ്രൈവ് ചെയ്യുന്നതിനിടയില്‍ പറഞ്ഞപ്പോള്‍ അവളൊന്നു മൂളി.
അവിടെ നിന്നും കുറച്ചു നീങ്ങി ഒരു വളവു കഴിഞ്ഞപ്പോഴേക്കും ചെറിയൊരു ജംഗ്ഷനെത്തിയപ്പോള്‍  ഉണ്ണി വേഗത കുറച്ചു. ബസ്സ് സ്റ്റോപ്പിനടുത്തുള്ള ടാക്സി സ്റ്റാന്‍റിലെ കാറിനടുത്ത് നിര്‍ത്തി ചോദിച്ചു.
“ചേട്ടാ.. ഈ സ്നേഹതീരത്തേക്ക് ഇനി എത്ര ദൂരമുണ്ട്?“
“മൂന്നര കിലോമീറ്ററില്‍ കൂടുതലുണ്ട്. ഇവിടെ നിന്ന് പടിഞ്ഞാറോട്ട് പോയി തമ്പാംകടവിലൂടെ പോകാം. അതല്ലെങ്കില്‍ നേരെ തളിക്കുളത്തേക്ക് പോയാല്‍ നിങ്ങള്‍ക്ക് എളുപ്പമായിരിക്കും.  അവിടെ നിന്നു പടിഞ്ഞാറോട്ട് പോകുമ്പോള്‍ ഇടക്കിടെ ദൂരവും റൂട്ടുമെല്ലാം കാണിച്ചുള്ള സൈന്‍ ബോര്‍ഡുകളുണ്ടാവും, കൂടാതെ നല്ല റോഡുമാണ്“
കാര്‍ ഡ്രൈവര്‍ക്ക് നന്ദിയും പറഞ്ഞു ഉണ്ണി കാര്‍ മുന്നോട്ടെടുത്തു.
ചെങ്കല്‍ നിറമണിഞ്ഞ ഹൈസ്ക്കൂള്‍ ഗ്രൌണ്ട് കഴിയാന്‍ നേരം, ഗുല്‍മോഹര്‍ പൂക്കള്‍ മുകളിലും താഴെയുമായ് ചുവപ്പുവിരിയിട്ട പാതയോരവും, സ്കൂളുമെല്ലാം സ്നേഹയുടെ മനസ്സില്‍ വല്ലാത്തൊരു സുഖം നിറച്ചു.
“എത്ര നല്ല സ്ഥലങ്ങള്‍, അല്ലേ ഉണ്ണീ., കണ്ണിനും മനസ്സിനും വിരുന്നു നല്‍കുന്ന ഈ സ്ഥലത്തുകൂടി എത്ര യാത്ര ചെയ്താലും മതിവരില്ല.“
“ആഹാ..ചേച്ചിക്ക് ഞാന്‍ പേനയും പേപ്പറും വാങ്ങി തരട്ടെ. ഇപ്പോ തന്നെ എഴുതി തുടങ്ങിക്കോ “
അവന്‍ അല്പം തമാശയോടെയാണ് പറഞ്ഞതെങ്കിലും, സ്നേഹയുടെ ഉള്ളിലും ആ ഒരു മോഹമുണ്ടായിരുന്നു.
“ ദാ ചേച്ചി സ്നേഹതീരം സൈന്‍ ബോഡ്. “ പറഞ്ഞതും ഉണ്ണി കാര്‍ ബീച്ച് റോഡിലേക്ക് തിരിച്ചു.
മുഖമെല്ലാം തുടച്ചു, ഡ്രെസ്സെല്ലാം നേരെയാക്കി സ്നേഹയും കൌതുകത്തോടെ തലയുയര്‍ത്തി.ഒരുപാട് വളവുകളും തിരിവുകളുമുള്ള റോഡിലൂടെ കാറിനു വിചാരിച്ച വേഗത കിട്ടാത്തതു കാരണം ഉണ്ണി ഇടക്കിടെ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
“സ്നേഹതീരം“എന്ന വലിയ സൈന്‍ ബോഡ് കുറച്ചകലെ കണ്ടപ്പോള്‍ ഉണ്ണി നെടുവീര്‍പ്പോടെ പറഞ്ഞു.
“ചേച്ചി, സ്ഥലമെത്തി”
കാര്‍ നിര്‍ത്തിയപ്പോഴേക്കും, റോഡിനടുത്തുള്ള വീട്ടില്‍ ഒരു വലിയ ആള്‍ക്കൂട്ടം. പലരുടെയും ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.പക്ഷേ ഒന്നും വ്യക്തമായിട്ടു കേള്‍ക്കുന്നില്ല.
“ഉണ്ണീ .. ഒന്നു പോയി നോക്കിയേ..എന്താണെന്ന്.” മനസ്സിലിരുന്നു ആരോ പറഞ്ഞു ചെയ്യിക്കുന്നതു പോലെയാണ് സ്നേഹക്കു തോന്നിയത്.
മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് ഇതുവരെ എത്തി നോക്കിയിട്ടില്ല..പക്ഷേ..ഇപ്പോള്‍ ....
“ ചേച്ചി...അതു വല്ലാത്തൊരു പ്രശ്നമാ, ഒരു കുഞ്ഞിനെ ചൊല്ലിയാ സംസാരം. “
എവിടെ നിന്നോ വന്നു, മൂന്നുനാലു മാസങ്ങളായ് വാടകക്ക് വീടെടുത്ത് താമസിച്ചിരുന്ന അച്ഛനും അമ്മയും നാലുവയസ്സുകാരനായ ഒരു കുഞ്ഞും. കടക്കെണി മൂലം അച്ഛനും അമ്മയും ഇന്നു രാവിലെ വിഷം കഴിച്ചു മരിച്ചു. മരിക്കുന്നതിനു മുമ്പേ ഒരു കുറിപ്പ് കുഞ്ഞിന്‍റെ പോക്കറ്റില്‍ വെച്ചു കൊടുത്തിരുന്നു.അതില്‍ ഇങ്ങിനെ എഴുതിയിരുന്നു.
‘ഒരിക്കലും തീര്‍ക്കാന്‍ പറ്റാത്തത്രയും കടം കൊണ്ടു ശ്വസിക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണ് ഞങ്ങള്‍ . ഇനി കണ്മുന്നില്‍ ഒരു വഴിയേയുള്ളൂ..മരണം. ഇത്രയും കാലം ഞങ്ങള്‍ ജീവിച്ചു, ജീവിതമെന്തെന്നറിഞ്ഞു. സന്തോഷത്തേക്കാള്‍ ദുഃഖങ്ങളും വേദനയും മാത്രമാണ് കൂടെയുണ്ടായിരുന്നത്. ബന്ധമെന്നോ സ്വന്തമെന്നോ പറയാന്‍ ആരുമില്ല ഞങ്ങള്‍ക്ക്. ജനിച്ചിട്ടിതുവരെ ജീവിതമെന്തെന്നറിയാത്ത ഞങ്ങളുടെ പൊന്നുമോനെ ഇല്ലാതാക്കാന്‍ മനസ്സു വരുന്നില്ല. കരുണയും സ്നേഹവുള്ള ആരെങ്കിലും ഞങ്ങളുടെ മോനെ ഏറ്റെടുക്കുമെന്ന് കൊതിച്ച് ഞങ്ങള്‍ പോകുന്നു.“
പോലീസു വന്നു നിയമ നടപടികളൊക്കെ പൂര്‍ത്തിയാക്കി പിന്നെ വരാമെന്നു പറഞ്ഞു പോയി. നാട്ടുകാരുടെ സഹകരണത്തോടെ ശവം മറവു ചെയ്തു.എല്ലാം കഴിഞ്ഞപ്പോള്‍ കുട്ടിയുടെ കാര്യത്തില്‍ സംസാരം നടക്കുന്നു.ആരെ ഏല്‍പ്പിക്കണം, ആരു സം‍രക്ഷിക്കും. എന്നിങ്ങനെയുള്ള സംസാരമാണ് നടക്കുന്നത്. ചിലര്‍ പറയുന്നു അനാഥാലയത്തിലേക്കയക്കാമെന്ന്.ചിലര്‍ പറയുന്നു എല്ലാവര്‍ക്കും കൂടി ഏറ്റെടുക്കാമെന്ന്. പക്ഷേ. ആരുമാരും മുന്നോട്ട് വരുന്നില്ല.
“ചേച്ചീ.. വണ്ടി മെയിന്‍ ഗേറ്റിനു മുന്നിലുള്ള സ്ഥലത്തും പാര്‍ക്ക് ചെയ്യാമെന്നു തോന്നുന്നു. അങ്ങോട്ടേക്കെടുക്കട്ടേ?” ഡ്രൈവിംഗ് സീറ്റില്‍ കയറിയിരുന്നു ഉണ്ണി ചോദിച്ചു.
“നിക്ക് ഉണ്ണീ, ആ കുഞ്ഞിനെ എനിക്കൊന്നു കാണണം” വളരെ ആര്‍ദ്രമായ സ്വരത്തോടു കൂടി സ്നേഹ ഉണ്ണിയോട് പറഞ്ഞു.
 “എന്താ ചേച്ചി ഉദ്ദേശിക്കുന്നത്“ അല്പം സംശയത്തോടു കൂടി ഉണ്ണി ചോദിച്ചു.
“എനിക്കൊന്നു കാണണം. അവിടെയുള്ളവരോട് പറഞ്ഞ് ഒന്നു കൂട്ടി കൊണ്ടുവാ.അല്ലേല്‍ ഞാന്‍ വരാം അങ്ങോട്ട്..”
“ചേച്ചിയവിടെ ഇരുന്നോ. ഞാന്‍ കൂട്ടികൊണ്ടു വരാം..”എന്നു പറഞ്ഞ് ഉണ്ണി പെട്ടെന്നു കാറില്‍ നിന്നിറങ്ങി.
അല്പസമയം കഴിഞ്ഞപ്പോള്‍ ഒരു കുഞ്ഞിന്‍റെ കയ്യില്‍ പിടിച്ചു ഉണ്ണി വന്നു. പുറകില്‍ ആണും പെണ്ണുമായി അമ്പതിലേറേ ആളുകളും.
“ ചേച്ചി, ഇതാണ് കുഞ്ഞ്.” കുട്ടിയെ എടുത്ത് കാറിന്‍റെ വിന്‍ഡോയുടെ അടുത്ത് സ്നേഹക്ക് അഭിമുഖമായി ചേര്‍ത്തു വെച്ച് ഉണ്ണി പറഞ്ഞു.
കളിപ്പാട്ടം നഷ്ടപ്പെട്ട കൊച്ചു കുഞ്ഞിന്‍റെ മുഖം. അല്പം പരിഭ്രാന്തിയുമുണ്ട് . ഓമനത്തമുള്ള ആ മുഖത്ത് കുറച്ചു നേരം നോക്കിയിരുന്നപ്പോള്‍ സ്നേഹയുടെ മനസ്സില്‍ അന്നു വരെ തോന്നാതിരുന്ന ഒരു വാത്സല്യം ഉറവ പൊട്ടി.ആ കുഞ്ഞു മുഖം സ്നേഹയുടെ കൈകുമ്പിളില്‍ വെച്ചപ്പോള്‍ , അല്പം പരിഭ്രമത്തോടെയാണെങ്കിലും അവന്‍റെ കുഞ്ഞു അധരങ്ങളില്‍ നേര്‍ത്തൊരു പുഞ്ചിരി തെളിഞ്ഞു.
“ ഈ കുഞ്ഞിനെ..... ഈ കുഞ്ഞിനെ എനിക്കു തരുമോ. ഞാനിവനെ വളര്‍ത്തിക്കോളാം .....?” വളരെ നിഷ്കളങ്കതയോടെ കൂടിയാണെങ്കിലും, പെട്ടെന്നു തന്നെ ഏതോ ഉള്‍വിളി പോലെ സ്നേഹ അവരോടു ചോദിച്ചു.
ആദ്യമൊന്നു അമ്പരന്നു നിന്ന ആളുകളില്‍ പിന്നെ പല തരത്തിലുള്ള സംശയങ്ങളും, പിറുപിറുക്കലുകളും ഉയര്‍ന്നത് വ്യക്തമല്ല്ലെങ്കിലും
സ്നേഹക്കു കേള്‍ക്കാമായിരുന്നു. ചിലരുടെ മുഖത്ത് പ്രശ്നത്തിനു പരിഹാരം കണ്ടതുപോലെയുള്ള ഭാവങ്ങള്‍ , മറ്റു ചിലര്‍ക്ക് ആശങ്ക.
“ഈ കുഞ്ഞിനെ ബാലവേല ചെയ്യിക്കാനാവും.  കണ്ടില്ലേ , കുഞ്ഞിനെ വളര്‍ത്തിക്കോളാമെന്നു പറഞ്ഞിട്ടു ഒന്നു കാറില്‍ നിന്നിറങ്ങി വരുന്നുണ്ടോ എന്നു നോക്കിയേ, ഏതോ വെല്യ വീട്ടിലെ കൊച്ചമ്മയാണെന്നു തോന്നുന്നു.” കൂട്ടത്തിലുള്ള വൃദ്ധയായ ഒരു സ്ത്രീയുടെ വാക്കുകള്‍ അല്പം ഉച്ചത്തിലായിരുന്നു.എല്ലാവരും അതു വ്യക്തമായി കേള്ക്കുകയും ചെയ്തു.
“എന്‍റെ ചേച്ചി വെല്യ വീട്ടിലെ ---“
“ഉണ്ണീ..“ ഉണ്ണിയുടെ ശബ്ദം ഉയര്‍ന്നു തുടങ്ങിയപ്പോള്‍ സ്നേഹ അതു വിലക്കി കൊണ്ട് അവനെ വിളിച്ചു, സ്നേഹയുടെ കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ അരുത് എന്ന് ആ കണ്ണുകള്‍ പറയുന്നതുപോലെ തോന്നി.
“എനിക്കൊന്നു പുറത്തിറങ്ങണം ഉണ്ണീ“ പറഞ്ഞു കൊണ്ടവള്‍ ഡോര്‍ തുറന്നു എന്തിനോ വേണ്ടിയെന്ന പോലെ കാത്തിരുന്നു.
പെട്ടെന്നു തന്നെ ഉണ്ണീ കാറിന്റ്റെ ഡിക്കിയില്‍ നിന്ന് വീല്‍ചെയറുരുട്ടി കൊണ്ടു വന്നു തുറന്ന ഡോറിനു മുന്നില്‍ വെച്ചു. എന്നിട്ട് ഡോറിനടുത്ത് ചെന്ന് കുനിഞ്ഞ് സ്നേഹയുടെ കയ്യെടുത്ത് തോളിലൂടെ വെച്ചു. സ്നേഹ നിരങ്ങി നിരങ്ങി വന്നു ഇടതു കാല്‍ നിലത്തൂന്നി മെല്ലെ കാറില്‍ നിന്നെഴുന്നേറ്റു. ഒരു നിമിഷം..കണ്ടു നിന്ന എല്ലാ കണ്ണുകളിലും അമ്പരപ്പും വേദനയും നിറച്ചു കൊണ്ടാണ് സ്നേഹയുടെ വലതുകാല്‍ പുറത്തേക്കെടുത്തത്.മുട്ടിനു മുകളില്‍ നിന്നു മുറിച്ചു മാറ്റപ്പെട്ട കാലിനു താഴെ തൂങ്ങിയാടുന്ന പൈജാമ. അത്രയും മതിയായിരുന്നു എല്ലാവരുടെയും സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടിയായിട്ട്.
വീല്‍ചെയറിലിരുന്നു ഒരു ചെറുപുഞ്ചിരിയോടെ സ്നേഹ പറഞ്ഞു തുടങ്ങി.
”ഇതുപോലൊരു കാലം എനിക്കുമുണ്ടായിരുന്നു.നിങ്ങള്‍ പറഞ്ഞതു പോലെ ഒരുപാട് സമ്പന്നതയുടെ നടുവിലാണ് ഞാന്‍ ജനിച്ചു വീണതും വളര്‍ന്നതും.സമ്പന്നതയേക്കാള്‍ സന്തോഷവും സമാധാനവും സ്നേഹവും നിറഞ്ഞ വീടെന്ന് പറയാനാണ് എനിക്കിഷ്ടം. പക്ഷേ, ജീവിതമെന്തെന്ന് അറിയുന്നതിനു മുമ്പേ, അച്ഛനും അമ്മയും ഏട്ടനുമെല്ലാം എന്നെ തനിച്ചാക്കി കണ്ണെത്താ ദൂരത്തേക്ക് പറന്നു പോയി. പറന്നു പോയതല്ല അവര്‍ . വിധി അവരുടെ ചിറകരിഞ്ഞു കൊണ്ടുപോയതാണ് അതിന്‍റെ കൂടേ എന്‍റെ ഒരു കാലും. എന്നിട്ടും ഇത്രയും കാലം.... “
പറഞ്ഞതും സ്നേഹയുടെ തൊണ്ട ഇടറി. കണ്ണില്‍ നിന്നും കണ്ണീര്‍ത്തുള്ളികള്‍ ചിതറി വീഴാന്‍ തുടങ്ങി.കഴുത്തിലണിഞ്ഞിരുന്ന ഷാള്‍ എടുത്ത് കണ്ണു തുടച്ചു കൊണ്ട് പിന്നെയും എന്തോ പറയാന്‍ തുടങ്ങിയപ്പോഴേക്കും ഉണ്ണി അവളുടെ കയ്യില്‍ പിടിച്ചമര്‍ത്തി കൊണ്ടു പറഞ്ഞു.
“ചേച്ചി ഇനി ഒന്നും പറയേണ്ട. ഞാന്‍ സംസാരിച്ചോളാം” അതും പറഞ്ഞു ഉണ്ണി അവിടെ കൂടി നിന്നവരുടെ നേരെ തിരിഞ്ഞു നിന്നു
“എന്‍റെ ചേച്ചി ജീവിതത്തിലിന്നുവരെ ഒന്നും മോഹിച്ചിട്ടില്ല. മോഹിക്കുന്നതിനും എത്രയോ ഇരട്ടി സ്വന്തമാക്കുവാനുള്ള കഴിവുമുണ്ട്. ജീവിതത്തിലാദ്യമായിട്ടാണ് ഒരാഗ്രഹം പറയുന്നത്. പണം കൊണ്ടു വാങ്ങിക്കാവുന്നതാണെങ്കില്‍ ആരോടും അപേക്ഷിക്കേണ്ട കാര്യമില്ലായിരുന്നു. നിമിഷ നേരം കൊണ്ട് കണ്മുന്നിലെത്തും. ഇതിപ്പോള്‍ അങ്ങിനെയല്ല.ആരുമില്ലാത്ത ഈ കുട്ടിക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഒരു ജീവിതം, അതെന്‍റെ ചേച്ചി നല്‍കും. സ്വന്തം മോനെ പോലെയോ, അനിയനെ പോലെയോ ചേച്ചി ഈ കുഞ്ഞിനെ വളര്‍ത്തും. നിങ്ങള്‍ക്ക് എപ്പോ വേണെങ്കിലും കുഞ്ഞിനെ കാണാനോ അന്വേഷിക്കാനോ ഒക്കെ വരാം.ആരും തടസ്സപ്പെടുത്തില്ല. ഇനി അതുമല്ല ബന്ധുക്കളാരെങ്കിലും അന്വേഷിച്ചു വരികയാണെങ്കില്‍ പോലും കുഞ്ഞിനെ തിരികെ ഏൽപ്പിക്കാന്‍ തയ്യാറുമാണ്. നിയമപരമായ കാര്യങ്ങളെല്ലാം ചെയ്തതിനു ശേഷം മാത്രമേ ഞങ്ങള്‍ കുഞ്ഞിനെ ഇവിടെ നിന്നും കൊണ്ടു പോകൂ..  ” അത്രയും പറഞ്ഞു കൊണ്ടു മറുപടിക്കു വേണ്ടി അവന്‍ കാത്തു നിന്നു.
വീല്‍ചെയറിലേക്ക് കൌതുകത്തോടെ നോക്കി നില്‍ക്കുന്ന കുഞ്ഞിന്‍റെ കവിളില്‍ മെല്ലെ തലോടികൊണ്ട് സ്നേഹയും മറുപടിക്കായ് കാത്തു നിന്നു. അല്പനേരത്തെ ഇടവേളക്കു ശേഷം ആള്‍ക്കൂട്ടത്തില്‍ നിന്ന് മദ്ധ്യവയസ്ക്കനായ ഒരാള്‍ മുന്നോട്ട് വന്ന് ആ കുഞ്ഞിന്‍റെ കൈ സ്നേഹയുടെ കൈകളിലേക്ക് വെച്ചു കൊടുത്തിട്ടു പറഞ്ഞു.
“ദൈവമാണ് കുഞ്ഞിനെ ഈ സമയത്ത് ഇവിടേക്കെത്തിച്ചത്. മണിക്കൂറുകള്‍ കഴിഞ്ഞായിരുന്നു വന്നിരുന്നതെങ്കില്‍ ഈ കൊച്ചു വല്ല അനാഥാലയത്തിലും വളരേണ്ടി വരുമായിരുന്നു. ഇവിടെ ആര്‍ക്കും ഒരു എതിര്‍പ്പുമില്ല, മറിച്ച് ആശ്വാസവും സന്തോഷവും ഒത്തിരിയുണ്ട്. കുഞ്ഞിനെ ഞങ്ങളാരും മറക്കുകയില്ല. നല്ലതേ വരൂ.” എന്നിട്ട് കുഞ്ഞിനെ കാറിനുള്ളിലേക്കെടുത്തിയിരുത്തിയിട്ട് അയാള്‍ സ്നേഹക്ക് കയറാന്‍ വേണ്ടി ഡോറിനു മുന്നില്‍ നിന്നു വഴി മാറി കൊടുത്തു.
കാര്‍മേഘങ്ങള്‍ പെയ്തൊഴിഞ്ഞു തെളിഞ്ഞ മാനം പോലെയായിരുന്നു അവിടെ കൂടിനിന്നിരുന്ന ഓരോ ആളുകളുടെയും മുഖം.നിറഞ്ഞു നിന്ന ആശങ്കകള്‍ക്കും, സംശയങ്ങള്‍ക്കും പൂര്‍ണ്ണവിരാമമായപ്പോള്‍ , കനിവൊഴുകുന്ന കണ്ണുകള്‍ സ്നേഹയുടെ കാലിലേക്കും മുഖത്തുമായി മാറി മാറി നോക്കി കൊണ്ടിരുന്നു.
“എന്നാല്‍ ഞങ്ങള്‍ പൊയ്ക്കോട്ടേ.?“ നിറഞ്ഞു നിന്ന നിശ്ശബ്ദതക്കു വിരാമമിടാനെന്ന പോലെ ഉണ്ണി അവരോടു ചോദിച്ചു.
ആ നിമിഷം ആരുടേയും വായില്‍ നിന്ന് ഒരു വാക്കു പോലും വന്നില്ല. മൌനം സമ്മതമായെടുത്ത് ഉണ്ണി സ്നേഹയെ പിടിച്ചു കാറിനുള്ളിലിരുത്തി.പോകുന്നതിനു മുമ്പേ, സ്നേഹ ഉണ്ണിയുടെ കയ്യില്‍ നിന്നു പേന വാങ്ങി ഒരു തുണ്ടു കടലാസില്‍ അഡ്രസ്സും ഫോണ്‍ നമ്പറും എഴുതി അയാള്ക്കു കൊടുത്തിട്ട്  പറഞ്ഞു.
“കാണണമെന്നു തോന്നുന്നുമ്പോള്‍ മടിക്കാതെ വരണം, അല്ലെങ്കില്‍ വിളിക്കണം”
കാര്‍ സ്റ്റാര്‍ട്ട് ചെയ്തു ഉണ്ണി ചോദ്യഭാവത്തില്‍ സ്നേഹയുടെ കണ്ണുകളിലേക്ക് നോക്കി.
“ഉണ്ണീ നമുക്ക് അസ്തമയം കണ്ടു തിരിക്കാം.വേഗം അങ്ങോട്ടേക്കെടുക്ക്.”അടുത്തിരുന്ന കുഞ്ഞിന്‍റെ തലയില്‍ അരുമയായി തലോടി കൊണ്ടു സ്നേഹ അവനോട് പറഞ്ഞു.
സ്നേഹതീരത്തിന്‍റെ മെയിന്‍ ഗേറ്റിനു മുന്നില്‍ കാര്‍ നിര്‍ത്തി സ്നേഹയെ അതില്‍ നിന്നിറക്കി വീല്‍ ചെയറിലിരുത്തി കുഞ്ഞിനെ അവളുടെ കയ്യില്‍ കൊടുത്തിട്ട് ഉണ്ണി പറഞ്ഞു.
“ഞാനവിടെ പാര്‍ക്ക് ചെയ്തിട്ടു ഓടിവരാം.അതുവരെ ചേച്ചീം മോനും ഇവിടെ ഇരിക്ക് “
പറഞ്ഞതു പോലെ കാര്‍ പാര്‍ക്ക് ചെയ്തു ഉണ്ണി പെട്ടെന്നു തന്നെ തിരികെ വന്നു. എന്നിട്ട് ടൈല്‍‍‍സ് പാകിയ പ്രതലത്തിലൂടെ മെല്ലെ വീല്‍ചെയറുരുട്ടി ഉള്ളിലേക്ക് പോകുമ്പോള്‍ , തിരത്തള്ളലില്ലാതെ ശാന്തമായ് കിടക്കുന്ന കടലും ചെന്നിറമണിഞ്ഞ സൂര്യനും ഒന്നു ചേരാനൊരുങ്ങുകയായിരുന്നു. അസ്തമയ സൂര്യന്‍റെ അവസാന തുണ്ടും സമുദ്രത്തിലലിയാനായ് താഴ്ന്നിറങ്ങുമ്പോള്‍ ,പ്രഭാതങ്ങളില്‍ കിളികൊഞ്ചലുകള്‍ കേട്ടുണരുന്ന നേരം , മരക്കൊമ്പുകളില്‍ നിന്നു വലിയ തുള്ളികളായ് അടര്‍ന്നു വീഴുന്ന മഞ്ഞുകണങ്ങള്‍ക്കൊപ്പം കിഴക്കു നിന്നെത്തിനോക്കുന്ന ഉദയസൂര്യന്‍ ഉണരുന്നതു തന്‍റെ ഹൃദയത്തിലെന്ന പോലെ സ്നേഹക്കു തോന്നി. അതുവരെ തോന്നാതിരുന്ന ഒരു സുരക്ഷിതത്വബോധം, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും, ഇരുളടഞ്ഞേക്കാവുന്ന ഭാവിയില്‍ ഒരു തിരിനാളവുമായ് വന്നെത്തിയ വിധിയോട് ആദ്യമായ് മനസ്സുകൊണ്ട് നന്ദി പറയുമ്പോള്‍ , അവളുടെ കൈക്കുള്ളില്‍ അമര്‍ന്നിരുന്ന കുഞ്ഞു കൈകള്‍ ഒരായിരം സ്വപ്നങ്ങളുടെ സാഫല്യമാവുമെന്ന പ്രതീക്ഷയാല്‍ അവളുടെ ഹൃദയം നിറഞ്ഞു തുളുമ്പുകയായിരുന്നു.
0000

Tuesday, 14 August 2012

പ്രവാസി .........!!!

(വളരെ പഴയൊരു പോസ്റ്റ്)
 
 
ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ വീണുകിട്ടുന്ന
ഒഴിവുസമയങ്ങളില്‍ ചിലപ്പോഴെങ്കിലും
മനസ്സൊരു യാത്ര പോകും…….
ഓരോ പ്രവാസിയെയും കുറിച്ച് ചിന്തിക്കും.....
കാരണം ഞാനും അവരില്‍ ഒരാളാണല്ലോ.......
പിന്നെ ചിലരുടെ വിഷമങ്ങള്‍ നേരില്‍ കേട്ടിട്ടുമുണ്ട്.....
പക്ഷേ...
അതൊക്കെയോര്‍ത്തു സഹതപിക്കാനല്ലാതെ...
മറ്റൊന്നിനും നമുക്ക് കഴിയാറില്ല
എന്നതാണ് സത്യം..........
എങ്കിലും യഥാര്‍ത്ഥ പ്രവാസ ജീവിതം
എന്താണെന്ന് മനസ്സിലാക്കിയത്
ഇവിടെ എത്തിയതിനു ശേഷമാണ്.......
നാട്ടില്‍ ടാറുരുക്കുന്ന തൊഴിലാളികളെ
കാണുമ്പോള്‍ മനസ്സുരുകിയിരുന്ന എനിക്ക്
അതൊക്കെ എത്ര നിസ്സാരമാണെന്നു മനസ്സിലായത്‌
ഇവിടെ വന്നതിനു ശേഷമാണ്.......
വീണു കിട്ടുന്ന ഒഴിവു വേളകളില്‍ പേര്‍സില്‍
വെച്ചിരിക്കുന്ന പ്രിയതമയുടെ ഫോട്ടോയില്‍ നോക്കി
നെടുവീര്‍പ്പിടുന്നവരും,
അച്ചനെയുമമ്മയെയും ആദ്യമായി പിരിഞ്ഞതില്‍
മനംനൊന്തു വിങ്ങിപൊട്ടുന്നവരും
ഇവിടേ അപൂര്‍വ്വമല്ല.........
ഓരോ പ്രവാസിക്കും വീണു കിട്ടുന്ന
ഒഴിവു സമയങ്ങള്‍ വീടിനെ കുറിച്ചോര്‍ക്കാന്‍
മാത്രമുള്ളതാണ്.........
പിന്നെ സ്വതന്ത്രമായവാന്‍ പറക്കും.........
അങ്ങു ദൂരേക്ക്.....
കണ്ണെത്താത്തത്രയും ദൂരേക്ക്….
അവിടെ തന്‍റെ മാത്രം
ജീവനായ കൊച്ചു കുടുംബത്തിലോട്ട്…..
പിന്നെ വര്‍ണ്ണിച്ചാല്‍ തീരാത്ത സൗന്ദര്യമുള്ള
പുഴകളും, പൂക്കളും,പച്ചപുതച്ച പാടങ്ങളും,
അമ്പലക്കാവുകളും,കുളങ്ങളും,
മൃദു സംഗീതമൊഴുകുന്ന കൊച്ചരുവികളും….
എത്ര കണ്ടാലും മതിവരാത്ത വര്‍ഷമേഘങ്ങളും…..
പ്രകൃതിയുടെ പുണ്യതീര്‍ത്ഥമായി
വിണ്ണില്‍ നിന്നുതിരുന്ന അമൃതമഴയും…….
മഴയത്തുലയുന്ന വന്‍മരങ്ങളും ….
എല്ലാം ഓരോ പ്രവാസിയുടെയും കണ്മുന്നില്‍
തെളിയുന്ന സ്വകാര്യ ദുഖമാണ്…….
അല്ലെങ്കില്‍ അവന്‍റെ സ്വപ്നമാണ്…….
ചിലനിമിഷങ്ങളില്‍ ഇതെല്ലാമോര്‍ത്തു
മിഴികളില്‍ നിന്നും കവിളിണകളിലൂടെ
ഒഴുകിവരുന്ന കണ്ണീര്‍ ചാലുകള്‍
അവന്‍റെ ചുണ്ടുകള്‍ക്കിടയിലൂടെ ഊറി വരും.....
പിന്നെ നാവില്‍ നിന്നും മനസ്സിലേക്കൊഴുകുന്ന
ദുഖത്തിന്റെ കയ്പ്പ് രസം എത്രയോ തവണ
അവന്‍റെ രാത്രികളെ ഉറക്കമില്ലാതാക്കിയിരിക്കുന്നു.....
എന്‍റെ ഇത്രയും നാളത്തെ ചുരുങ്ങിയ
പ്രവാസ ജീവിതത്തില്‍ കണ്ട ചില കാഴ്ചകള്‍
ഒരിക്കലും മറക്കാന്‍ കഴിയില്ല.......
പണ്ട് നാട്ടില്‍ ഓരോ ഗള്‍ഫുകാരനും
നമ്മെ കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന സുഗന്ധത്തിനു
നമ്മളറിയാത്ത അല്ലെങ്കില്‍ അനുഭവിക്കാത്ത
ഒത്തിരി ആത്മാക്കളുടെ വിയര്‍പ്പുമണമുണ്ടെന്നു
ആരറിയുന്നു !!!!!
ഇവിടെ എത്ര വിയര്‍ത്തൊഴുകിയാലും
അവന്‍ വിലകൂടിയ സുഗന്ധദ്രവ്യങ്ങള്‍
ഉപയോഗിക്കാറില്ല
കാരണം.....
ചുറ്റിലും അവന്‍ കാണുന്നത്
അവന്‍റെ തന്നെ പ്രതിരൂപങ്ങളാണ്....
അവന്‍റെ വേദനയെ കുറിച്ചോര്‍ത്തു വിഷമിക്കുവാനും
വേദനിക്കുവാനും ആര്‍ക്കും കഴിയാറില്ല.....
കാരണം മറ്റുള്ളവരുടെ സ്ഥിതിയും അവന്‍റെതിനു
തുല്യമോ അതില്‍ കൂടുതലോ ആണ്.....
ഭൂരിഭാഗം പ്രവാസിയും സൂര്യന്‍റെ തീവ്രരശ്മികള്‍
നേരിട്ട് ശരീരത്തില്‍ ഏറ്റുവാങ്ങുന്നവരാണ്…..
പലരുടെയും പുറത്തു വരണ്ടുണങ്ങിയ
പാടങ്ങള്‍ പോലെ നേര്‍ത്ത വിള്ളലുകള്‍
കാണാന്‍ കഴിയും.....
കാഴ്ച മറക്കുന്ന പൊടിക്കാറ്റില്‍ വിയര്‍പ്പുണങ്ങാത്ത
ശരീരവുമായി അടച്ചിട്ട മുറികളില്‍
ശീതീകരണ യന്ത്രത്തിന്റെ സഹായത്തോടെ
അവന്‍ ശരീരം തണുപ്പിച്ചെടുക്കും……..
അപ്പോഴും ഉരുകുന്ന മനസ്സിനെ കുളിരണിയിക്കാനുള്ള
ഒരു യന്ത്രവും കണ്ടു പിടിച്ചിട്ടില്ലല്ലോയെന്നു
അവന്‍ ആത്മഗതം ചെയ്യും …
പിന്നെ.......
മെല്ലെ തളര്‍ച്ചയോടെ മിഴികള്‍ പൂട്ടുന്ന അവന്‍റെ
കണ്മുന്നില്‍ തെളിഞ്ഞുവരുന്നത്
അങ്ങകലെ തന്നെയും കാത്തു വഴികണ്ണുമായ്
കാത്തിരിക്കുന്ന കുടുംബാമ്ഗങ്ങളെയാണ്....
പിന്നെ പേകിനാവു പോലെ കൂടി വരുന്ന ബാദ്ധ്യതകളും……..
ഒരിക്കല്‍ പോലും സമാധാനത്തോടെ ഈ
മരുഭൂമിയിലും നാട്ടിലും അവനു
നില്‍ക്കാന്‍ കഴിയാറില്ല……..
ഇവിടെ നില്‍ക്കുമ്പോള്‍ അവന്‍റെ ജീവിത സ്വപ്നങ്ങളായ
കുടുംബത്തെ കുറിച്ചുള്ള വേവലാതികള്‍
അവന്‍റെ മോഹങ്ങളെ മുളയിലേ കരിച്ചു കളയുന്നു.....
അവരുടെ സാമിപ്യം കൊതിക്കാത്ത ഒരു രാത്രിപോലും
അവന്‍റെ ഈ പ്രവാസ ജീവിതത്തില്‍ ഉണ്ടായിരിക്കില്ല .......
കുളിര്‍മ്മ നിറഞ്ഞ കാലാവസ്ഥയും,
മനസ്സിനെ മോഹിപ്പിക്കുന്ന മഴക്കാലവും മാമ്പഴകാലവും
അവന്‍റെ സ്വപ്‌നങ്ങള്‍ മാത്രമാണിന്ന്........
അവന്‍റെ ഓണവും, ക്രിസ്തുമസ്സും, പെരുന്നാളുമെല്ലാം
ഒരൊറ്റ ഫോണ്‍ വിളിയാല്‍ ആഘോഷിക്കാനുള്ളതാണ്….
മറിച്ചു നാട്ടിലാണേല്‍…….
ദിവസവും ശൂന്യമായികൊണ്ടിരിക്കുന്ന
കീശയിലേക്ക്‌ നോക്കി നെടുവീര്‍പ്പിടുവാനെ
അവനു കഴിയാറുള്ളൂ …….
ഒരിക്കല്‍ പോലും ആരും അവന്‍റെ
വിഷമങ്ങളും വേദനകളും മനസ്സിലാക്കിയിട്ടില്ല …
അല്ലെങ്കില്‍ അവന്‍ ആരെയും അറിയിച്ചിട്ടില്ല .........
കാരണം അവന്‍റെ മേല്‍വിലാസം ഗള്‍ഫുകാരനെന്നാണ് ……..!!!
അങ്ങകലെ എണ്ണ പാഠത്തില്‍ പൊന്നുവിളയിക്കുന്നവന്‍!!!
നാട്ടില്‍ അംബരചുംബികളായ
ബഹുനില കെട്ടിടങ്ങള്‍ പണിയിക്കുന്നവന്‍.......!!!
ആരെയും ഒന്നുമറിയിക്കാതെ
പലിശക്കെടുത്ത പണത്തിനു ടിക്കെറ്റ് വാങ്ങി
അവന്‍ വീണ്ടും ഈ മരുഭൂമിയിലോട്ടു പറക്കും …..
സ്വന്തം ജീവിതവും സ്വപ്നങ്ങളും, ഹോമിച്ചു കൊണ്ട്
മറ്റുള്ളവര്‍ക്ക് വെളിച്ചമേകാന്‍……!!

Friday, 8 April 2011

നൂലറ്റ പട്ടം .........!​!!(എഴുത്താണി ചെറുകഥ രചനാ മത്സരത്തില്‍ രണ്ടാം സ്ഥാനം കിട്ടിയ കഥ)

രാവിലെ തന്നെ കുളി കഴിഞ്ഞ് ഈറന്‍ മാറി സുദീപനുള്ള കാപ്പിയുമായ് രചന പൂമുഖത്തേക്ക് വന്നു.എന്നുമിരിക്കാറുള്ള ആ ചൂരല്‍ കസേര ഇന്നു ശൂന്യം.ഇന്നത്തെ പത്രം ഒന്നു തുറന്നു പോലും നോക്കാതെ ആ ടീപ്പോയില്‍ തന്നെയിരിക്കുന്നുണ്ട്.ദീപേട്ടനിതെവിടെയെന്ന് മനസ്സില്‍ ചിന്തിച്ചു  കൊണ്ട് രചന മുറിയിലേക്ക് ചെന്നു..അവിടെയും സുദീപനുണ്ടായിരുന്നില്ല..!!
“ദീപേട്ടാ... ദീപേട്ടാ..“ രചന ഉറക്കെ വിളിച്ചു കൊണ്ട് പുറത്തേക്കിറങ്ങി..ഒരിടത്തു നിന്നും സുദീപന്‍ വിളി കേട്ടില്ല.
വീടുമുഴുവന്‍ ഒന്നു ചുറ്റിക്കറങ്ങി രചന പടിഞ്ഞാറെ പറമ്പിലെ കുളക്കടവിലേക്ക് ചെന്നു. അവിടെ വെള്ളത്തില്‍ കാലുമിറക്കി വെച്ച് മണ്‍‍തിട്ടയില്‍ തലവെച്ചു സുദീപന്‍ മലര്‍ന്നു കിടക്കുന്നു.
“ദീപേട്ടാ... ഇതെന്താ ഇവിടേ കിടക്കുന്നെ..എന്താ പറ്റിയെ..?“ രചന ഓടി ചെന്ന് സുദീപന്‍റെ മുന്നില്‍ മുട്ടു കുത്തിയിരുന്നു ചോദിച്ചു
“ഒന്നുമില്ല.... ഇവിടെയിങ്ങനെ കിടക്കാന്‍ തോന്നുന്നു...” അലക്ഷ്യമായ് സുദീപന്‍ മറുപടി പറഞ്ഞു.
“എന്നാല്‍ വേഗം എണീറ്റേ.... വീട്ടിലേക്ക് വാ..അവിടെ ഞാനൊറ്റക്കല്ലേയുള്ളൂ....?” അതും പറഞ്ഞ് രചന സുദീപന്‍റെ കയ്യില്‍ പിടിച്ചു പൊക്കി.
‘ഇന്നലെ രാത്രിവരെ പരസ്പരം അതുമിതും പറഞ്ഞു തല്ലുകൂടി കളിച്ചിരുന്ന ദീപേട്ടനിതെന്തു പറ്റി..?ഒരിക്കല്‍  പോലും ആ മുഖത്ത് നിന്നു പുഞ്ചിരി മാഞ്ഞു കണ്ടിട്ടില്ല.ഇന്ന് ആ മുഖം നിറയെ കാര്‍മുകിലുകള്‍ നിറഞ്ഞ ആകാശം പോലെ ഇരുണ്ടിരിക്കുന്നു. കണ്ണുകളിലെ തീളക്കം മാഞ്ഞിരിക്കുന്നു.ദീപേട്ടനു കാര്യമായി എന്തോ സംഭവിച്ചീട്ടുണ്ട്..’രചനയുടെ ചിന്തകള്‍ മുഴുവനും സുദീപനെ കുറിച്ചായിരുന്നു.
പക്ഷേ സുദീപന്‍റെ മനസ്സില്‍ മുഴുവന്‍ ഇന്നലെ രാത്രി പ്രാദേശിക ചാനലില്‍ വന്ന വാര്‍ത്തയായിരുന്നു.എത്രയൊക്കെ മറക്കാന്‍ ശ്രമിച്ചാലും ആ വാര്‍ത്ത പിന്നെയും പിന്നെയും കണ്മുന്നില്‍ തെളിഞ്ഞു വരുന്നു.കൈ കൊണ്ട് ചേര്‍ത്തടച്ചിട്ടും ആ ശബ്ദം ചെവിയില്‍ മുഴങ്ങുന്നതുപോലെ.
ഇന്നലെ രാത്രി ഭക്ഷണം കഴിഞ്ഞു പതിവുപോലെ വാര്‍ത്ത കണ്ടിരിക്കുമ്പോഴായിരുന്നു...... വാര്‍ത്ത വായിക്കുന്ന കുട്ടിയില്‍ നിന്നും വെള്ളിടി പോലെ ആ വാക്കുകള്‍ സുദീപനിലേക്കെത്തിയത്.
“വിസത്തട്ടിപ്പിനിരയായ യുവാവും കുടുംബവും കടബാദ്ധ്യത മൂലം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു....”കൂടെ വെള്ളയില്‍ പൊതിഞ്ഞ നാല് മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ... നാലുപേരുടേയും ക്ലോസപ്പ് ചിത്രങ്ങള്‍ ടീവിയില്‍ മിന്നി മറഞ്ഞപ്പോള്‍ സുദീപന്‍റെ നെഞ്ചിലൂടെയൊരു മിന്നല്‍ പാഞ്ഞു പോയി.
താനും ഈ മരണങ്ങള്‍ക്കു പുറകിലെ ഒഴിച്ചൂ കൂടാനാവാത്ത കണ്ണിയാണെന്നുള്ള സംശയമായിരുന്നു സുദീപന്‍റെ അസ്വസ്ഥതകള്‍ക്കു പുറകില്‍ .. അയാളുടെ ഓര്‍മ്മകള്‍ക്കിപ്പോള്‍ ആ ശപിക്കപ്പെട്ട നാളുകളില്‍ നിന്നും മോചനം കിട്ടുന്നില്ല. ഇന്നലെ രാത്രി ഒരു പോള കണ്ണടക്കാന്‍ കഴിഞ്ഞിട്ടീല്ല. കണ്ണടച്ചാലും തുറന്നാലും കണ്മുന്നില്‍ വെള്ളയില്‍ പൊതിഞ്ഞ നാലു ശവശരിരങ്ങള്‍ മാത്രം...!!
                                            *******************************************
ഉയര്‍ന്ന മാര്‍ക്കോടെ എം കോം പാസായ സുദീപന്‍ ഒരു ജോലിക്കു വേണ്ടി കയറിയിറങ്ങാത്ത വാതിലുകളില്ല.ഒരു പാടു നാളത്തെ അലച്ചില്‍ മാനസികമായും ശാരീരികമായും അവനെ തളര്‍ത്തിയിരുന്നു. വീട്ടിലെ കാര്യങ്ങളാണേല്‍ അതിലും കഷ്ടം. ദാരിദ്ര്യം എന്താണെന്നറിയാന്‍ തുടങ്ങിയ നാളുകള്‍ . രോഗിയായിരുന്ന അച്ചന് മരുന്നു വാങ്ങിക്കാന്‍ പോലും പൈസയില്ലാതെ നട്ടം തിരിയുമ്പോള്‍ കക്ഷത്തിലൊരു ബിരുദാനന്തര ബിരുദവും വെച്ച് എല്ലാ കമ്പനികളുടെയും പടിവാതിക്കല്‍ ഒരു യാചകനെ പോലെ നിന്നിരുന്ന സന്ദര്‍ഭങ്ങള്‍‍‍.ബസ് കൂലിക്ക് പോലും അമ്മയുടെ മുന്നില്‍ കൈ നീട്ടേണ്ട ഗതികേട്.സ്വയം ചെറുതായിപ്പോയിരുന്ന നാളുകള്‍ .
അങ്ങിനെയിരിക്കുമ്പോഴായിരുന്നു ഒരു റിക്രൂട്ടിംഗ് ഏജന്‍സിക്ക് വേണ്ടി കോ-ഓര്‍ഡിനേറ്ററെ ആവശ്യമുണ്ടെന്ന് പത്രത്തില്‍ പരസ്യം വന്നത്.. മാസം മൂവായിരം രൂപ ശമ്പളം.പ്ലസ് കമ്മീഷന്‍.
പഠിച്ച ബിരുദങ്ങളുടെ വലുപ്പത്തേക്കാളേറെ ദാരിദ്ര്യത്തെ കുറിച്ചുള്ള ആകുലതകളായിരുന്നു സുദീപനെ അങ്ങോട്ടെത്തിച്ചത്.
ഇന്‍റര്‍വ്യൂ കഴിഞ്ഞു  സുദീപനെ തെരഞ്ഞെടുത്തപ്പോള്‍ സന്തോഷത്തേക്കാളേറെ ആശ്വാസമായിരുന്നു അവന്‍റെ കണ്ണുകളില്‍ ‍‍.
ജോലി വളരെ എളുപ്പമുള്ളതായിരുന്നു. ഓരോ അപേക്ഷകരില്‍ നിന്നുമുള്ള പൈസ കളക്റ്റ് ചെയ്ത് ബാങ്കിലടക്കുക.അര്‍ഹരായവരെ കണ്ടെത്തുക.
സ്വയം കണ്ടെത്തി കൊണ്ടുവരുന്ന ഓരോ ആളില്‍  നിന്നും രണ്ടായിരം രൂപ വെച്ച് കമ്മീഷനും കമ്പനി ഓഫര്‍ ചെയ്തിരുന്നു.
ആ ഒരു ഓഫറായിരുന്നു. അവനെ ഫീല്‍ഡ് വര്‍ക്കിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. അങ്ങിനെ ഞായറാഴ്ചകളില്‍ ഫീല്‍ഡ് വര്‍ക്കും ബാക്കിയുള്ള ദിവസങ്ങളില്‍ ഓഫീസുമായ് ദിവസങ്ങള്‍ തള്ളി നീക്കുമ്പോഴായിരുന്നു നാസറിന്‍റെ ഉമ്മായെ സുദീപന്‍ പരിചയപ്പെടുന്നത്.
തലച്ചുമടായ് കൊട്ടയില്‍ മീന്‍ നിറച്ച് ഓരോ വീടുകളിലും കയറിയിറങ്ങി ഉപജീവനം നടത്തുന്ന അവരെ എപ്പോഴും കണ്ടിരുന്നു. പക്ഷേ.. അടുത്ത് പരിചയപ്പെട്ടത് ഇപ്പോഴായിരുന്നു.
ആമിന അതായിരുന്നു അവരുടെ പേര്.... എല്ലാവരും ആമിനത്താത്ത എന്നു വിളിച്ച് വിളിച്ച് പേരിപ്പോള്‍ അങ്ങിനെയായി മാറി.. ആമിനത്താത്തയേക്കാള്‍ പ്രായം ചെന്നവരും  അങ്ങിനെയേ അവരെ വിളിക്കാറുള്ളൂ..
ആമിനാത്താത്തക്ക് രണ്ടു മക്കള്‍ ‍. നാസറും നസിയയും.നാസറിന് ഇരുപത്തിരണ്ട് വയസ്സും, നസിയക്ക് പത്തൊമ്പതും, ഭര്‍ത്തവ് ഹംസക്ക..ഒരു ആക്സിഡന്‍റില്‍ നട്ടെല്ലു തകര്‍ന്നു കിടപ്പിലായിട്ട് വര്‍ഷം മൂന്നായിരീക്കുന്നു. അതിനു ശേഷമാണ് ആമിനത്താത്ത കുടുംബം പോറ്റാനായി തലച്ചുമടെടുക്കാന്‍ തുടങ്ങിയത്..മരുന്നും മന്ത്രവുമായ് ഒരുപാട് പൈസ ഹംസക്കാക്ക് ചെലവാക്കി. ആകെയുണ്ടായിരുന്ന പതിനഞ്ചു സെന്‍റ് പറമ്പില്‍ പത്തു സെന്‍റും വിറ്റു.ഇനി വിടിരിക്കുന്ന അഞ്ചു സെന്‍റ് മാത്രമേ സ്വത്തെന്ന് പറഞ്ഞ് ആ കുടുംബത്തിനുള്ളൂ...അതു പറയുമ്പോള്‍ ഇത്താത്തയുടേ കണ്ണില്‍ നിന്നുമൊഴുകിയെത്തുന്ന കണ്ണീര്‍ത്തുള്ളികള്‍ വീണു പൊള്ളിയിരുന്നത് സുദീപന്‍റെ ഹൃദയത്തിലായിരുന്നു.
അതൊക്കെ കേട്ടപ്പോള്‍ താനനുഭവിച്ചിരുന്ന ദാരിദ്ര്യവും വേദനയുമെല്ലാം എത്ര നിസ്സാരമായിരുന്നെന്ന് അപ്പോഴാണവനു മനസ്സിലായത്.
പിന്നെ പിന്നെ ആമിനാത്താത്തയുമായ് സംസാരം പതിവായിരുന്നു. ഒരു ദിവസം ആമിനാത്താത്ത സുദീപനോട് പറഞ്ഞു.
“മോനേ..ഈ ചുമടും കൊണ്ടിനി അധികം നടക്കാനാവുമെന്നു തോന്നുന്നില്ല..എന്‍റെ നാസറിനെ അക്കരെ കടത്തീട്ടു വേണം എനിക്കൊന്ന് വിശ്രമിക്കാന്‍.. വയ്യാതായി തുടങ്ങീരിക്കുന്നു..എന്‍റെ നസിയ മോളാണേല്‍ പുര നിറഞ്ഞ് നിക്കാ..മോനെക്കൊണ്ട് എന്തേലും വഴിയുണ്ടോ അവനെ അക്കരെക്കെത്തിക്കാന്‍.......”അതു പറയുമ്പോള്‍ ഇത്താത്തയൂടെ ശബ്ദം ഇടറിയിരുന്നു.
“നോക്കട്ടേ ഇത്താത്താ.. ഞാന്‍ നാളെ പറയാം ട്ടൊ..........” സുദീപന്‍ അവരെ ആശ്വസിപ്പിച്ചു.
നേരത്തെ തന്നെ നാസറിന്റ്റെ കാര്യങ്ങള്‍ പറഞ്ഞിരുന്നതു കൊണ്ട് സുദീപന് കൂടുതലൊന്നും ചോദിക്കാനുണ്ടായിരുന്നില്ല.
വെറും പത്താം ക്ലാസ് വരെ പഠിച്ചവനെന്തു ജോലി കിട്ടുമെന്‍റീസ്വരാ എന്ന് മനസ്സിലോര്‍ത്തു കൊണ്ടവന്‍ ഓഫീസിലേക്ക് യാത്രയായി.
പീന്നെയും രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് സൌദിയിലെ ഒരു നിര്‍മ്മാണകമ്പനിയിലേക്ക് 15 ഹെല്പര്‍മാരെ അത്യാവശ്യമായി ആവശ്യമെണ്ടെന്നും പറഞ്ഞ് ഒരു മെയില്‍ വന്നത്.അറുന്നൂറ് റിയാല്‍ സാലറി+ഓവര്‍ടൈം+താമസ സൌകര്യം+ഫുഡ്... രണ്ടു വര്‍ഷം കൂടുമ്പോള്‍ ലീവ്+ടിക്കറ്റ്. കമ്പനി പറയുന്നതനുസരീച്ച് മാസം പതിനായിരം രൂപ നാട്ടിലേക്കയക്കാന്‍ പറ്റുമല്ലോന്ന് സുദീപന്‍ മനസ്സിലോര്‍ത്തു.
പെട്ടെന്ന് അവന്‍റെ ചിന്തയില്‍ ആമിനാത്താത്തയുടെ മുഖം തെളിഞ്ഞു വന്നു..
നേരെ മാനേജരുമായി നാസറിന്‍റെ കാര്യം സംസാരിച്ചു..അദ്ദേഹം അനുമതി നല്‍കി.
പക്ഷേ.....സര്‍വ്വീസ് ചാര്‍ജില്‍ നിന്നും ഒരു രൂപ പോലും കുറക്കാന്‍ അയാള്‍ സമ്മതിച്ചില്ല.
ഹെൽപ്പര്‍ വിസക്ക് അമ്പതിനായിരം രൂപയാണ് കമ്പനി ചാര്‍ജ് ചെയ്തിരുന്നത്. അതില്‍ ടിക്കറ്റ് മാത്രം കമ്പനി നല്‍കും.ബാക്കിയൊക്കെ കമ്പനിയുടെ സര്‍വ്വീസ് ചാര്‍ജാണ്.
അടക്കാനാവാത്ത സന്തോഷത്തോടു കൂടി സുദീപന്‍ അന്നു വൈകീട്ട്  ആമിനാത്താത്തയുടെ വീട്ടിലേക്ക് ബൈക്കുമെടുത്ത് പറന്നു. ഒറ്റ ശ്വാസത്തില്‍ തന്നെ എല്ലാം  പറഞ്ഞു..
ആദ്യം സന്തോഷം കൂണ്ടു തിളങ്ങിയ ആമിനത്താത്തയുടെ കണ്ണുകളില്‍ നീരുറഞ്ഞു...പിന്നെ സുദീപനോട് പറഞ്ഞു.
“എങ്ങിനെന്‍റെ കുട്ട്യേ..ഞാനത്രയും ഉറുപ്യ ഉണ്ടാക്കാ...?ആകെയുള്ളത് ഈ അഞ്ചു സെന്‍റല്ലെ.....?ഇതു വിറ്റാല്‍ പിന്നെ കെട്ടിക്കാനായ ഒരു പെണ്ണിനെയും, തളര്‍ന്നു കിടക്കുന്ന ഇക്കായെം കൊണ്ടു ഞാനെവിടെ പോകും.....?
“ഉമ്മ വിഷമിക്കാതിരിക്ക്...നമുക്ക് സഹകരണ ബാങ്കിലൊന്നു ചോദിക്കാം...നാസര്‍ പോയിക്കഴിഞ്ഞാല്‍ പിന്നെ മാസം മാസം അടച്ച് അതു വീട്ടിയാല്‍ മതിയല്ലോ..!“സുദീപന്‍ അവരെ ആശ്വസിപ്പിച്ചു.
പിറ്റേന്ന് വൈകീട്ട് തന്നെ ആമിനാത്താത്ത സുദീപന്‍റെ വീട്ടിലെത്തി...
“ന്റ്റെ കുട്ട്യേ ബാങ്ക് ആ അഞ്ചു സെന്‍റ് സ്ഥലത്തിനും വീടിനും കൂടി ഇരുപത്തയ്യായിരം ഉറുപ്യ തരാത്രെ..ബാക്കി എവിടെ നിന്നൊപ്പിക്കും..?”
ആമിനാത്താത്ത നിസ്സഹായതയോടെ പറഞ്ഞു.
“ഇനീപ്പോ എന്താ ചെയ്യാ ഇത്താത്താ...“സുദീപനും ചിന്തയിലാണ്ടു...
“ഒരു കാര്യം ചെയ്യാം തല്‍ക്കാലം നമുക്ക് ആധാരം വെച്ച് ആ ബ്ലേഡ് രാമുവിന്‍റെ കയ്യില്‍ നിന്നും വാങ്ങിക്കാം..ഒരു അഞ്ചാറു മാസത്തിനുള്ളില്‍ തന്നെ നമുക്ക് അത് തിരിച്ചെടുക്കാം ഇത്താത്താ..ആദ്യം നാസര്‍ അക്കരെ കടക്കട്ടെ...എന്നിട്ടു ബാക്കി നമുക്ക് നോക്കാം‘
സുദീപന്‍ ആമിനത്താത്തക്ക് ധൈര്യം നല്‍കി.
കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ വിസ വന്നു..!!
സുദീപന്‍ നാസറിനെയും കൂട്ടി രാമുവിന്‍റെ കയ്യില്‍ നിന്നും വാങ്ങിയ പൈസയുമായ് കമ്പനിയിലേക്ക് ചെന്നു. വിസയും ടീക്കറ്റും നാസറിന്‍റെ കയ്യില്‍ കൊടുത്തിട്ടു പറഞ്ഞു...
“മോന്‍ വേഗം വീട്ടിലേക്ക് ചെല്ല്..ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനില്ല്ലേ....?”അതും പറഞ്ഞ് സുദീപന്‍ സിസ്റ്റത്തിലേക്ക് മുഖം തിരിച്ചു.
പിന്നെ നാസര്‍ പോകുന്ന അന്നു രാവിലെയാണ് സുദീപന്‍ ആ വീട്ടിലേക്ക് ചെന്നത്.
ചെന്നപ്പോള്‍ നാസര്‍ പോകാനായ് പുറത്തേക്കിറങ്ങി നില്‍ക്കുകയായിരുന്നു.സുദീപനെ കണ്ടതോടെ അവന്‍റെ അടുക്കലേക്ക് ചെന്നിട്ട് നാസര്‍ പറഞ്ഞു.
“ഏട്ടാ... ഉമ്മച്ചിയും,നെസിയും വയ്യാത്ത വാപ്പച്ചിയും മാത്രേ ഇവിടുള്ളൂ..സഹായത്തിനുമാരുമില്ല്ലാ...സ്വന്തക്കാരു പോലും കാണിക്കാത്ത സ്നേഹാ ഏട്ടന്‍ ഞങ്ങളോട് കാണിക്കുന്നത്...ഇവിടെ ഇടക്ക് വരണം ട്ടൊ..എന്‍റെ സ്വന്തം ഏട്ടനായിട്ടാ ഞാനിപ്പോ കാണുന്നെ..“ അതു പറയുമ്പോള്‍ നാസറിന്‍റെ കണ്ണു നിറഞ്ഞിരുന്നു.
“എന്‍റെ നെസിയെ ശ്രദ്ധിക്കണേ ഏട്ടാ.പഠിക്കാന്‍ മടി കാണിച്ചാല്‍ നല്ല വഴക്കും പറയണം...“അവനത് പറയുമ്പോള്‍ ഒരു സഹോദരന്‍റെ ഭീതിയും കരുതലുമാണ് നാസറിന്‍റെ കണ്ണുകളില്‍ സുദീപന്‍ കണ്ടത്.
പോക്കറ്റില്‍ കയ്യിട്ട് ഒരു കവര്‍ നാസറിനെ ഏല്‍പ്പിച്ചുകൊണ്ട് സുദീപന്‍ പറഞ്ഞു.
“ഇപ്പോ ഏട്ടന്‍റെ കയ്യില്‍ ഇത്രേയുള്ളൂട്ടോ..ഇത് കയ്യില്‍ വെച്ചോ..പോകുന്ന വഴിക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് മാറ്റിയാല്‍ മതി.അവിടെ ചെന്നാല്‍ എന്തേലും അത്യാവശ്യ സാധനങ്ങള്‍ വാങ്ങാം..”
 അതും പറഞ്ഞു സുദീപന്‍ അകത്തേക്കു കയറി..അവിടെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായ് ഹംസക്കായുടെ അരികിലിരിക്കുന്ന ആമിനാത്താത്തയുടെയും,നെസിയയെയുടെയും അടുത്തേക്കവന്‍ ചെന്നു.
സുദീപനെ കണ്ടതും ഇരുന്നിടത്തു നിന്നെഴുന്നേറ്റ് ആമിനാത്താ അവന്‍റെ കൈകളില്‍ പിടിച്ചു.
“ന്റ്റെ കുട്ട്യേ...കളിപ്രായം മാറീട്ടില്ല എന്‍റെ മോന്..അവനെ ഇത്ര ചെറുപ്പത്തിലേ തന്നെ കണ്ണെത്താ ദൂരത്തേക്ക് പറഞ്ഞയക്കുന്നത് ഇവിടുത്തെ കാര്യങ്ങളൊക്കെ അത്രെം കഷ്ടായതോണ്ടാ.എല്ലാം ന്റ്റെ കുട്ടിക്കറിയാലോ...ഈ ഉമ്മാന്‍റെ നെഞ്ചു പിടക്കാ.. ഒരു ദിവസം പോലും എനിക്കവനെ കാണാതിരിക്കാനാവില്ല..എന്നിട്ടാ ഞാന്‍....”പറഞ്ഞതു മുഴുമിക്കാതെ ആമിനത്താത്ത പൊട്ടിക്കരഞ്ഞു.
കട്ടിലില്‍ കിടന്നിരുന്ന ഹംസക്കായുടെ കണ്ണുനീര്‍ത്തുള്ളികള്‍ വീണ് പുല്പായില്‍ വിരിച്ചിരുന്ന തുണിയില്‍ വൃത്തം വരക്കുന്നത് ഒരൊറ്റ നോട്ടത്തില്‍ തന്നെ സുദീപന്‍ കണ്ടു.
അധികനേരം അവിടെ നില്‍ക്കാന്‍ ശക്തിയില്ലാതെ അവന്‍ പുറത്തേക്കിറങ്ങി.എന്നിട്ട് നാസറിന്‍റെ അടുത്തേക്ക് ചെന്നു പറഞ്ഞു.
“ഇറങ്ങിക്കോ.. സമയായി..”
അവനെ യാത്രയയച്ചതിനു ശേഷം പിന്നെ രണ്ടോ മൂന്നോ തവണ അവിടെ പോയിരുന്നു .
അവിടെ നിന്ന് കുറച്ച് കഴിഞ്ഞപ്പോഴേക്കും സുദീപന് കനറ ബാങ്കില്‍ ക്ലെര്‍ക്കായിട്ട് നിയമനംകിട്ടി.വീട്ടില്‍ നിന്നുമൊത്തിരി ദൂരമുള്ളതു കൊണ്ട് ആദ്യമവിടെയൊരു വാടക വീട് തരമാക്കി.. അതിനു ശേഷം നാട്ടിലുള്ള പറമ്പ് വിറ്റ് ഒരു വീടും കുറച്ചു സ്ഥലവും വാങ്ങി.
ഇപ്പോള്‍ വര്‍ഷം അഞ്ചു കഴിഞ്ഞിരിക്കുന്നു...അതിനിടയില്‍ എന്തെന്തു മാറ്റങ്ങള്‍ ..അച്ഛനും അമ്മയും മരിച്ചു...കല്യാണം കഴിച്ചു...
                                                    ***********************************
“ദീപേട്ടാ.....എത്രനേരമായി ഈ നില്‍‍പ്പ് തുടങ്ങീട്ട്..”സുദീപന്‍റെ ചുമലില്‍ പിടിച്ച് കുലുക്കി കൊണ്ട് രചന ഉറക്കെ ചോദിച്ചു.
“ങ്ങേ .. ആ .. ഒന്നൂലാ..”
ഓര്‍മ്മയില്‍ നിന്നും ഞെട്ടിയുണര്‍ന്ന സുദീപന്‍ അതും പറഞ്ഞു നേരെ അകത്തു കയറി ഒരു ഷര്‍ട്ടെടുത്തിട്ട് വന്നു.
“ഞാനിപ്പോ വരാം..” രചനയുടെ മുഖത്ത് നോക്കാതെ അത്രയും പറഞ്ഞ് സുദീപന്‍ പുറത്തേക്ക് പോയി.
എന്താണ് സംഭവിക്കുന്നതെന്നറിയാതെ രചന അവിടെ തന്നെ അമ്പരന്നു നിന്നു..!!
സുദീപന്‍ ബസ് കയറി നേരെ പോയത് ആമിനാത്താത്തയുടെ വീട്ടിലേക്കായിരുന്നു.
അവിടെ പലരും അടക്കം പറയുന്നുണ്ടായിരുന്നു. അടുത്ത് നിന്നിരുന്ന ഒരാളോട് സുദീപന്‍ കാര്യങ്ങള്‍ ചോദിച്ചു.
അയാള്‍ പറഞ്ഞ കാര്യങ്ങള്‍ സുദീപന്റ്റെ കുറ്റബോധം ഇരട്ടിയാക്കി..
സൌദിയിലെത്തിയ നാസറിന് റോഡ്സ് ഡിവിഷനില്‍ ഹെല്പറായിട്ടായിരുന്നു ജോലി..രാവിലെ മുതല്‍ വൈകുന്നേരം വരെ പൊള്ളുന്ന വെയിലില്‍ 12 മണിക്കൂര്‍ ജോലി. മാസമെത്തുമ്പോള്‍ കമ്പനി കൊടുത്തിരുന്നത് വെറും അറുന്നൂറ് റിയാല്‍ മാത്രംഓവര്‍ടൈമെന്ന് കമ്പനി പറഞ്ഞിരുന്നത് വെറുതെയായിരുന്നു. എത്രമണിക്കൂര്‍ പണി ചെയ്താലും അടിസ്ഥാന ശമ്പളം മാത്രം.സ്വന്തം ആവശ്യങ്ങളും ആഗ്രഹങ്ങളും മറന്ന് കിട്ടുന്നതു മുഴുവനും നാസര്‍ വീട്ടിലേക്കയച്ചിരുന്നു.ഹംസക്കാക്ക് ഇടക്കിടെ അസുഖം കൂടും..അങ്ങിനെ കിട്ടിയിരുന്ന പൈസയില്‍ ഭൂരിഭാഗവും ആശുപത്രയില്‍ കൊടുത്തു കൊണ്ടേയിരുന്നു. മാസാമാസം നല്ലൊരു തുക തന്നെ ഹംസക്കക്ക് മരുന്നു വാങ്ങിക്കാനും വേണം.. തീരെ നിവൃത്തിയില്ലതെ വന്നപ്പോള്‍ ആമിനത്താത്ത പിന്നേം കൊട്ടയും മീനുമായിറങ്ങി..അവരുടെയും ആരോഗ്യം ക്ഷയിച്ചു തുടങ്ങിയിരുന്നു..നന്നായി പഠിച്ചിരുന്ന നെസിയ പഠിപ്പ് നിര്‍ത്തി അടുത്തുള്ള ടെലഫോണ്‍ ബൂത്തില്‍ ജോലിക്ക് പോകാന്‍ തുടങ്ങി.എന്നിട്ടും കടബാദ്ധ്യത മാത്രം കുറഞ്ഞില്ല്ല.
മാസതവണ അടക്കുന്നതില്‍ തുടര്‍ച്ചയായി പിഴവു വരുത്തിയതു കാരണം മുതലും പലിശയും ചേര്‍ത്ത് വാങ്ങിച്ചതിനേക്കാള്‍ ഇരട്ടിയായി.ബ്ലേഡ് രാമു അതിന്‍റെ പേരില്‍ അവരെ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. കഴിഞ്ഞ മാസമാണ് നാസര്‍ വന്നത്. നീണ്ട അഞ്ചു വര്‍ഷങ്ങള്‍ മരുഭൂമിയിലെ ചൂടും ഉരുക്കിയ ടാറിന്‍റെ ചൂടുമേറ്റ് മനസ്സു മരവിച്ച് നാട്ടിലെത്തിയ നാസറിനെ കാത്തു നിന്നിരുന്നത് എത്രയും പെട്ടെന്ന് വീടൊഴിഞ്ഞു കൊടുക്കണമെന്നുള്ള ബ്ലേഡ് രാമുവിന്‍റെ ഭീഷണിയായിരുന്നു.
ഇന്നായിരുന്നു അവര്‍ വീടൊഴിഞ്ഞു കൊടുക്കാമെന്ന് പറഞ്ഞിരുന്നത്..!!!
“അവര്‍ വീട്ടില്‍ നിന്നു മാത്രമല്ല ഒഴിഞ്ഞു കൊടുത്തത്.. ഈ നശിച്ച ലോകത്തു നിന്നു തന്നെ ഒഴിഞ്ഞു കൊടുത്തു..”
അയാളുടെ വാക്കുകള്‍ സുദീപന്‍റെ ചെവിക്കുള്ളില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു.....!!!
അവിടെ നിന്നും കലങ്ങിയ മനസ്സുമായ് അവന്‍ തിരിച്ചു നടന്നു....!
മനസ്സു സ്വയം തെറ്റുകാരനെന്ന് വിധിക്കുന്നുവോ...സുദീപന്‍ സംശയിച്ചു ....!!
“ഒരേട്ടനെ പോലെ ഇടക്കവിടെ വരണമെന്ന് നാസര്‍ പറഞ്ഞിട്ടും ഒരിക്കല്‍ പോലും ആ കുടുംബത്തിന്‍റെ അവസ്ഥ അന്വേഷിക്കാന്‍  ശ്രമിക്കാഞ്ഞതെന്തെ..?

ബ്ലേഡ് രാമുവിന്റ്റെ അടുക്കലേക്കും അങ്ങിനെയൊരു തീരാക്കടത്തിലേക്കും അവരെ തള്ളിയിട്ട് ഒരിക്കല്‍ പോലും അതിനെ കുറിച്ച് അന്വേഷിക്കാഞ്ഞത് തന്‍റെ തെറ്റല്ലേ........?
ആ ഒരു ബാദ്ധ്യതയല്ലെ അവരെ ഈ മരണത്തിലേക്ക് അടുപ്പിച്ചത്...ജീവിതം വെറുക്കാന്‍ പ്രേരിപ്പിച്ചത്...?
ഒരിക്കലെങ്കിലും അവിടെ ചെന്നൊന്ന് ആശ്വസിപ്പിച്ചിരുന്നെങ്കില്‍ ‍.. അല്ലെങ്കില്‍ താനും രചനയും മാത്രമുള്ള വലിയ വീട്ടില്‍ തല ചായ്ക്കാന്‍ ഒരിടം ഇവര്‍ക്കു കൊടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ആ നാലു ജീവനെങ്കിലും രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലെ...?
പകരം സ്നേഹിക്കാനും കരയാനും മാത്രമറിയാവുന്ന നാലു ജന്മങ്ങളെ മരണമെന്ന കോമാളിയുടെ കയ്യിലേക്ക് എറിഞ്ഞു കൊടുത്ത് സ്വന്തം സുഖത്തിലും ,സന്തോഷത്തിലും മാത്രം ശ്രദ്ധിച്ച താനൊരു ക്രൂരനല്ലെ.........??
ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങള്‍ അവന്‍ സ്വയം ചോദിച്ചു കൊണ്ടിരുന്നു.അറിഞ്ഞോ അറിയാതെയോ ഈ മരണങ്ങള്‍ക്ക് താനും ഉത്തരവാദിയാണെന്ന ചിന്ത അയാളുടെ മനസ്സിനെ ഭ്രാന്തമായ അവസ്ഥയിലേക്കെത്തിച്ചു.
മനസ്സറിഞ്ഞു കൊണ്ട് ഒരു തെറ്റും ഇന്നുവരെ സുദീപന്‍ ചെയ്തിട്ടില്ല പക്ഷേ.. ഇന്ന്...ഈ ദുരന്തത്തിന്‍റെ മുഴുവന്‍ പാപക്കറയും തന്‍റെ കയ്യിലും മനസ്സിലുമാണ് പുരണ്ടിരിക്കുന്നുവെന്ന ചിന്ത സുദീപനെ  തളര്‍ത്തി..
“ന്റ്റെ  കുട്ട്യേ എല്ലാം പോയില്ല്ലെ “എന്നു പറഞ്ഞ് കരയുന്ന ആമിനത്താത്തയുടെ മുഖം...
“ഏട്ടാ..എന്‍റെ കുടുംബം രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ..“ എന്നു പറഞ്ഞു കരയുന്ന നാസറിന്‍റെ മുഖം..
ഇരുമിഴികളിലൂടെയും കണ്ണീരൊഴുക്കി നിസ്സഹായനായ് കരയുന്ന ഹംസക്കായുടേ മുഖം...
തട്ടത്തിന്‍റെ തുമ്പു കടിച്ച് പിടിച്ച് തേങ്ങി കരയുന്ന നെസിയയുടെ വാടിയ മുഖം....
എല്ലാം മനസ്സില്‍ വീണ്ടും വീണ്ടൂം തികട്ടി വരുമ്പോഴും മനസ്സിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ അവന്‍ സ്വയം നീറുകയായിരുന്നു.
പകല്‍ മാഞ്ഞു...അസ്തമയ സൂര്യന്‍ പടിഞ്ഞാറന്‍ കടലില്‍ മുങ്ങിത്താഴ്‍ന്നു....നിലാവ് പരന്നൊഴുകുന്ന മഞ്ഞു പെയ്യുന്ന രാത്രിയുടെ അവസാനയാമങ്ങളിലും നെഞ്ചിലെരിയുന്ന കനലണക്കാനാവാതെ, ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങള്‍ സ്വയം ചോദിച്ചു കൊണ്ട് ദിക്കറിയാത്ത കുരുടനെ പോലെ സുദീപന്‍ നടന്നു. നൂലറ്റ പട്ടം കാറ്റിന്‍റെ താളത്തിനൊത്ത് എവിടെ ചെന്നു പതിക്കുമെന്നറിയാതെ എങ്ങോട്ടോ ആടിയാടി വായുവിലൊഴുകി നടക്കുന്നതു പോലെ..........!!!!
0000


                                    ***********************************

ഡിസംബറില്‍ നടന്ന എഴുത്താണി ചെറുകഥ മത്സരത്തിന്റെ മത്സര ഫലം . ഏറെ സുതാര്യതകള്‍ ഒരു ഓണ്‍ലൈന്‍ മത്സരത്തില്‍ അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും ആരുടേയും യാതൊരു വിധ ഇടപെടലുകളും ഇല്ലാതെ സ്വതന്ത്രമായ വിലയിരുത്തലും ഫല നിര്‍ണ്ണയവും നടത്താന്‍ കഴിഞ്ഞു എന്നത്‌ മനസാക്ഷിയെ വഞ്ചിക്കാതെ പറയുവാന്‍ കഴിയും. ശ്രീ സന്തോഷ്‌ പല്ലശന, ശ്രീമതി ബിന്ദു ഗോപിനാഥ്, ശ്രീമതി സിതാര ഫഹീം എന്നിവര്‍ അടങ്ങിയ പാനലാണ് വിധി നിര്‍ണ്ണയം നടത്തിയത്‌. ഇവര്‍ക്കെല്ലാവര്‍ക്കും എന്റെ വ്യക്തി പരമായ പേരിലും എഴുത്താണി കൂട്ടത്തിന്റെ പേരിലും നന്ദി അര്‍പ്പിക്കുന്നു. ഇവര്‍ തമ്മില്‍ പരസ്പരം ഒരു ആശയവിനിമയം ഇല്ലാതെ സ്വതന്ത്രമായ നിര്‍ണ്ണയമാണ് നടത്തിയത്‌ എന്നത് ഏറെ കഥകളെ വിവിധ ആംഗിളുകളില്‍ സമീപിക്കാന്‍ സഹായിച്ചു. അത് കൊണ്ട് തന്നെ ചില മേഖലകളില്‍ അവസാന റൌണ്ടില്‍ എത്തിയ അഞ്ചു കഥകള്‍ക്ക്‌ മുന്‍തൂക്കം ലഭിച്ചു എങ്കിലും ആകെ ലഭിച്ച മാര്‍ക്കുകള്‍ കൂടി അടിസ്ഥാനമാക്കിയാണ് ഫലം പ്രഖ്യാപിക്കുന്നത്.(അരുണ്‍ . എഴുത്താണി ഗ്രൂപ്പ് ലീഡര്‍ )

അവസാന റൌണ്ടില്‍ എത്തിയ കഥകളെക്കുറിച്ച് വിധികര്‍ത്താക്കളില്‍ ഒരാള്‍ നടത്തിയ വിശകലനം ചുവടെ വായിക്കാം.
നൂലറ്റ പട്ടം -

മൈക്രൊഫൈനാന്‍സിങ്ങിന്റേയും മനുഷ്യത്വരഹിതമായ സാമ്പത്തിക ചൂഷണങ്ങളുടേയും തൊഴിലില്ലായ്മയുടേയും വളരെ ദയനീയമായ ഒരു മുഖത്തെ വരച്ചു കാണിക്കാന്‍ ശ്രമിക്കുന്ന ഒരു കഥയാണ് നൂലറ്റ പട്ടം. വളരെ മിഴിവുള്ള ഒരു ദൃശ്യഭാഷയുടെ തനതായ ആവിഷ്‌ക്കരണം പോലെ തോന്നിച്ചു ഈ കഥ. ആവിഷ്‌ക്കരണത്തില്‍ ചില അടുക്കും ചിട്ടയും ഈ കഥ പാലിക്കുന്നുണ്ട്. ഒരു സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്റെ ആത്മസംഘര്‍ഷങ്ങളിലൂടെ ഒരു ദരിദ്രകുടുംബത്തിലെ ദുരന്തകഥ വലിയ പിഴവുകളില്ലാതെ പറയുന്നുണ്ട് എന്നതാണ് ഈ കഥയുടെ ഒരു ഗുണം.
പ്രമേയം ചര്‍വ്വിത ചര്‍വ്വണമെങ്കിലും കേരളത്തിലെ സമകാലിക ജീവിതത്തിലെ പുനരാവര്‍ത്തനങ്ങളാണ് ഈ കഥയുടെ പ്രമേയം. മാത്രവുമല്ല ആമിനത്താത്തയും അവരുടെ തീരെ ചെറുപ്പക്കാരനായ മകനും അനുജത്തിയും അസുഖക്കാരനായ അച്ഛനും കേരളത്തിലെ ഏതൊരു ഗ്രാമത്തിലും കാണാവുന്ന ഒരു ജീവിത യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുതന്നെ ചില പ്രമേയങ്ങള്‍ അത് എത്രകുറി പലകഥകളും കഥാനുഗായികകളുമായാലും സമൂഹത്തില്‍ നിലനില്‍ക്കുന്ന ദുരന്തമാകയാല്‍ ചര്‍വ്വിത ചര്‍വ്വണം എന്ന പ്രയോഗത്തിന് ഇണങ്ങുന്നതല്ല.
വേറിട്ട ഒരു ഫോക്കസ്സിനായൊന്നും ഈ കഥാകൃത്ത് ശ്രമിക്കുന്നില്ല എന്നത് ഒരു പോരായ്മയായി കാണാം. ഒരു കുടുംബത്തിലെ ദുരന്തം ഒരു ചെറുപ്പക്കാരനിലൂടെ പറയാനുള്ള ഒരു ശ്രമം. അതിന് തെളിച്ചമുള്ള ഒരു ഇലക്‌ട്രോണിക്ക് വിഷനാണ് ഈ കഥയില്‍ കഥാകാരന്‍ ആവിഷ്‌ക്കരിക്കുന്നത്. മനുഷ്യന്റെ പരാധീനതകളെ കൊത്തിപ്പറിക്കുന്ന ബ്ലേഡ് മാഫിയയെ വ്യത്യസ്ഥമായ ബിംബ സാധ്യതകളിലൂടെ ആവിഷ്‌ക്കരിക്കാന്‍ ഈ കഥാകൃത്തിന് ശ്രമിക്കാമായിരുന്നു.!!

Wednesday, 23 March 2011

ഞാന്‍ പഠിച്ച ചങ്ങമ്പുഴ… ഞാനിഷ്ടപ്പെടുന്ന ചങ്ങമ്പുഴ..!




മലയാള സാഹിത്യലോകം എന്താണെന്നറിയുന്നതിനു മുമ്പേ തന്നെ പല വരികളും മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചിട്ടുണ്ട്..!
ബാല്യം മുതലേ…. എന്നു വെച്ചാല്‍ സ്കൂളില്‍ പദ്യം പഠിച്ചു തുടങ്ങിയ നാള്‍ മുതല്‍ അവ ഈണത്തില്‍ ചൊല്ലി നടക്കുന്നതൊരു ശീലമായിരുന്നു.
പഠിക്കുന്ന കാലത്ത് ആകെ ഇഷ്ടമുണ്ടായിരുന്നതും ഇതു തന്നെയായിരുന്നു……! വര്‍ഷങ്ങളേറേ കഴിഞ്ഞിട്ടും ഒരുപാട് വരികള്‍ മനസ്സിലിപ്പോഴും മായാതെ നില്‍ക്കുന്നതും അതുകൊണ്ടു തന്നെയാവാം…. കവിതയെഴുതുന്ന ഏതൊരു കവിയെയും ഇഷ്ടമാണ്..  വീണപൂവിന്‍റെ ഉയര്‍ച്ചയും വീഴ്ചയും വേദനയും മനോഹരമായി പകര്‍ത്തി വെച്ച.. മഹാകാവ്യം എഴുതാതെ മഹാകവിയായ കുമാരനാശാന്‍, “മാമ്പഴം“ എഴുതി മനസ്സു കരയിപ്പിച്ച വൈലോപ്പിള്ളി, “യുവതിയായ ഭ്രാന്തിയുടേ ചേഷ്ഠകളെ“ രാത്രിമഴയോടുപമിച്ച്, ചിന്തിപ്പിച്ച സുഗതകുമാരി. “അമ്മേ വരൂ വരൂ വെക്കം വെളിയിലേയ്ക്കല്ലെങ്കിലീ മഴ തോര്‍ന്നു പോമേ…“ എന്നു അമ്മയോട് വിളിച്ചു പറയുന്ന കുട്ടിയില്‍ എന്നെ തന്നെ കാണിച്ചു തന്ന ബാലാമണിയമ്മ, “ഓര്‍മ്മകളുടെ തീരത്തേക്ക് ഒരിക്കല്‍ കൂടെ തിരികെയെത്താന്‍  മോഹിക്കുന്ന കവിയോടൊപ്പം വായനക്കാരനേയും കൊണ്ടുപോകുന്ന നമ്മുടെയെല്ലാം പ്രിയ കവി ഓ എന്‍ വി.
അങ്ങിനെ എത്രയെത്ര വരികള്‍ മനസ്സിന്‍റെയുള്ളില്‍ മങ്ങാതെ മായാതെ കിടക്കുന്നു… വായനക്കാരന്‍റെ ഹൃദയത്തിലേക്ക് വരികള്‍ കൊത്തിവെക്കാന്‍ കഴിവുള്ള കവികളൊരുപാടുണ്ടായിരുന്നു നമുക്ക്. കാലഘട്ടങ്ങളായ് പറയുകയാണെങ്കില്‍ എഴുത്തച്ഛന്‍, ചെറുശേരി, കുഞ്ചന്‍ നമ്പ്യാരില്‍ നിന്നു തുടങ്ങി… ആശാന്‍ ഉള്ളൂര്‍ വള്ളത്തോളിലൂടെ ആധൂനിക കവികളായ ഓ എന്‍ വി, വയലാര്‍, സുഗതകുമാരി,ബാലചന്ദ്രന്‍ ചൂള്ളിക്കാട്, മധുസൂദനന്‍ നായര്‍ ..പട്ടിക നീണ്ടു കൊണ്ടേയിരിക്കും .. അവസാനമില്ലാതെ..! എങ്കിലും ഇഷ്ടപ്പെട്ട എഴുത്തുകാരന്‍, കവി, എന്നൊക്കെ ആരെങ്കിലും ചോദിച്ചാല്‍ മനസ്സിലേക്കോടിയെത്തുന്നത്. തിങ്ങി വിങ്ങി നില്‍ക്കുന്ന മലരണിക്കാടുകളും..നിറഞ്ഞു നില്‍ക്കുന്ന മരതകാന്തിയൂം.മനസ്സും , മിഴിയും, കരളും കവര്‍ന്ന, കറയില്ലാത്തൊരു ഗ്രാമഭംഗി വരികളിലൂടെ പകര്‍ത്തി വെച്ച ചങ്ങമ്പുഴ തന്നെയാണ്..!! ഏത് കാലഘട്ടത്തിനും അനുരൂപനായ കവിയേതെന്നു ചോദിച്ചാല്‍ ഒരു പേരെ മനസ്സില്‍ ഉയര്‍ന്നു വരാറുള്ളൂ. അതു ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന നമ്മുടെ രമണീയനായ കവിയല്ലാതെ മറ്റാരുമല്ല.
1911, ഒക്ടോബര്‍ 11നാണ്, മലയാളികളുടെ ജനപ്രിയ കവിയായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജനനം, വളരെ ചെറുപ്പത്തില്‍ തന്നെ എല്ലാവരാലും ആരാധിക്കപ്പെട്ട ഒരു കവി മാത്രമായിരുന്നില്ല അദ്ദേഹം.അതിനുമുപരി ഒരു മനുഷ്യസ്നേഹി, വിപ്ലവകാരി, പ്രണയമഴ അക്ഷരങ്ങളിലൂടെ പെയ്തൊഴിച്ച പ്രേമഗന്ധര്‍വ്വന്‍, അങ്ങിനെ പല വിശേഷണങ്ങള്‍ക്കും അര്‍ഹനാണ്. സ്വന്തം കവിത തന്നെ ബിരുദാനന്തര ബിരുദത്തിന് അദ്ദേഹം പഠിക്കേണ്ടി വന്നു എന്നു ചെറുപ്പത്തില്‍, ഏതോ മലയാളം അദ്ധ്യാപകന്‍ പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയിരുന്നു അന്ന്, പില്‍ക്കാലത്ത് അറിഞ്ഞു അത് സത്യമല്ലായിരുന്നുവെന്ന് , എങ്കിലും അദ്ദേഹത്തിന് അതിനുള്ള അര്‍ഹതയുണ്ടെന്ന് മനസ്സിപ്പോഴും പറയുന്നുണ്ട്.
ചങ്ങമ്പുഴയുടെ കവിതകളുടെ പ്രത്യേകതയെന്തെന്നു പറഞ്ഞാല്‍,സൂര്യനു താഴെയുള്ള എന്തും വളരെ ലളിതമായ രീതിയില്‍, താളാത്മകമായി..
സംഗീതമെന്തെന്നറിയാത്ത കൊച്ചു കുട്ടികള്ക്കു പോലും ഈണത്തില്‍ ചൊല്ലാനുള്ള സുഖകരമായ വാക്കുകളുടെയും വരികളുടെയും സമന്വയമായിരിക്കും. ആന്തരികമായ സംഗീതം അലിഞ്ഞു ചേര്‍ന്ന വരികള്‍. മണല്‍പ്പരപ്പിലൂടേയൊഴുകുന്ന പുഴപോലെയാണ് ചങ്ങമ്പുഴ കവിതകള്‍.അതിന്‍റെ ആഴവും തെളിമയും തടസ്സങ്ങളില്ലാതെയുള്ള ഒഴുക്കും കാണുന്നവന്‍റെ കണ്ണില്‍ തെളിയുന്നതുപോലെ തന്നെയാണ്, വായനക്കാരന്‍റെ മനസ്സില്‍ അദ്ദേഹത്തിന്‍റെ കവിതയും.
കൊച്ചിലേ.. അമ്മയുടേയും അമ്മുമ്മയുടേയും വായില്‍ നിന്നുതിര്‍ന്നു വീണ “കാനന ച്ഛായയില്‍ ആടുമേക്കാന്‍“ എന്നു തുടങ്ങുന്ന പ്രണയ-വിലാപ- കാവ്യം ഇന്നും മനസ്സില്‍ നിന്ന് മാഞ്ഞൂപോകാന്‍ കഴിയാത്തത്രയും അതിലൊളിച്ചിരിക്കുന്ന മാസ്മരികത എന്താണെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഒരേയൊരു ഉത്തരമേ മനസ്സില്‍ വരുന്നുള്ളൂ… മഴ ഇഷ്ടപ്പെടുന്ന ഒരുവന് മഴയുടെ വിവിധ ഭാവങ്ങള്‍ പറഞ്ഞു ഫലിപ്പിക്കാന്‍ കഴിഞ്ഞെന്നു വരില്ല.പക്ഷേ അനുഭവിക്കനും നനയാനും ആസ്വദിക്കാനുമൊന്നും അവനോട് ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല.. ചില കാര്യങ്ങളങ്ങനെയാണ്.. വാക്കുകളില്‍ പറയാന്‍ കഴിയാത്ത പദങ്ങള്‍ക്ക് വ്യാകരണങ്ങള്‍ ചികയേണ്ട കാര്യമുണ്ടോ..?അതങ്ങിനെ മനസ്സില്‍ നിറഞ്ഞു നില്‍ക്കട്ടേ.. ഒരിക്കലും മായാത്താ ഒരു സുഖകരമായ അനുഭൂതിയായ്…കാലമെത്ര മുന്നോട്ട് പോയാലും.. പുറകോട്ട് സഞ്ചരിച്ചാലും രമണനോളം ജനപ്രീതി വേറൊരു സൃഷ്ടിക്ക് കിട്ടുമോ എന്ന് സംശയമാണ്..!അതിലെ വരികള്‍ ഇന്നും മലയാളികളുടെ വായില്‍ നിന്നുതിര്‍ന്നു വീഴുന്നതു തന്നെയാണ് അതിന്‍റെ മഹത്വം.
ഹൈസ്ക്കൂള്‍ കാലഘട്ടത്തിലാണ് ഞാന്‍ ഗ്രാമഭംഗി എന്ന  കവിത വായിച്ചു പഠിക്കുന്നത്. “മലരണിക്കാടുകള്‍ തിങ്ങി വിങ്ങി മരതകകാന്തിയില്‍ മുങ്ങി മുങ്ങി” എന്നു തുടങ്ങുന്ന വരികള്‍ വീട്ടിനകത്തും പുറത്തുമായ് ഉറക്കെ ,പാടാനറിയില്ലെങ്കിലും, എന്‍റേതായ ഒരു താളത്തില്‍ പാടി നടക്കാറുണ്ടായിരുന്നു. ചങ്ങമ്പുഴ കവിതകള്‍ വെറുതെ പറയാന്‍ തുടങ്ങിയാലും ഒരു ഈണം നമ്മളറിയാതെ സ്വയം വന്നു ചേരും. ഇതെന്‍റെ അനുഭവമാണ്.അത്രമേല്‍ സുന്ദരമാണ് അതിലെ വാക്കുകളും..വരികളും..! “ കനകചിലങ്ക കിലുങ്ങി കിലുങ്ങി കാഞ്ചന കാഞ്ചി കുലുങ്ങി കുലുങ്ങി..കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി, കതിരുതി പൂപുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി”എന്ന മധുരമായ വരികളിലൂടെ കാവ്യനര്‍ത്തകിയും… എന്‍റെ സ്കൂള്‍ കാലഘട്ടം പിന്നിട്ട് വര്‍ഷങ്ങളേറെയായിട്ടും, ഇന്നും മനസ്സിന്‍റെ ചിമിഴിനുള്ളില്‍ ക്ലാവ് പിടിക്കാതെ നില്‍ക്കുന്നത്  ആ വരികളുടെ തെളിമയും, താളവും,ലാളിത്യവും കൊണ്ടല്ലാതെ മറ്റെന്തു കൊണ്ടാണ്..?
പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു എന്‍റെ ഒരു കൂട്ടുകാരന്‍ മലയാളം നോട്ട് ബുക്കില്‍ രണ്ടു വരി എഴുതി വെച്ചത്.
“ ചപലവ്യാമോഹങ്ങളാനയിക്കും
ചതിയില്‍ പ്പെടാന്‍ ഞാനൊരുക്കമില്ല.“
അന്നെനിക്കറിയില്ലായിരുന്നു രമണനും മദനനനും തമ്മിലുള്ള സംഭാഷണത്തില്‍ നിന്നും എടുത്ത വരികളായിരുന്നുവെന്ന്.പിന്നീട് ആ കൂട്ടുകാരന്‍ തന്നെയാണെന്നോട് പറഞ്ഞത്, അതു രമണനിലെ വരികളാണെന്ന്..കുറച്ച്  നാളുകള്‍ക്ക് ശേഷം അവന്‍റെ വൃത്തിയുള്ള കയ്യക്ഷരങ്ങളാല്‍ പകര്‍ത്തി വെച്ച രമണന്‍ എനിക്കായ് വായിക്കാന്‍ തന്നു.പഠിക്കാനുള്ള പദ്യങ്ങളൊഴിച്ച്, ആദ്യമായ്  ഒരു കവിത മുഴുവനായ് വായിച്ചതും അതു തന്നെയായിരുന്നു.
ആത്മസുഹൃത്തും , കവിയുമായ ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ആത്മഹത്യയില്‍ മനം നൊന്തായിരുന്നു ചങ്ങമ്പുഴ “രമണന്‍“ എന്ന ഒരിക്കലും മരിക്കാത്ത കവിതയെഴുതുന്നത്. ചിലതെല്ലാം നഷ്ടപ്പെടുമ്പോഴല്ലേ  മറ്റു ചിലതെല്ലാം നമുക്ക് നേടാന്‍ കഴിയൂ….!
അതിനുമേറെ കാലങ്ങള്‍ക്ക് ശേഷമാണ് വാഴക്കുല വായിക്കുന്നത്, അന്നു വരെ വായിച്ച സുഖ-സുന്ദര-പ്രണയ-പ്രകൃതി രമണീയമായ കവിതകള്‍ക്കപ്പുറമുള്ള ഒരു വ്യത്യസ്ഥ കവിതയായിരുന്നു വാഴക്കുല.. അരപട്ടിണിക്കാരന്‍റെ സ്വപ്നങ്ങളും, ദുഃഖങ്ങളും, മേലാളാന്മാരുടെ മേല്‍ക്കോയ്മയും പീഢനവുമെല്ലാം വരച്ചു കാണിക്കുന്ന കവിത. ഒരു പുലയന്‍റെയും അവന്റ്റെ കുടുംബത്തിന്‍റെയും അവസ്ഥയെ വെറുമൊരു വാഴത്തയ്യിലൂടെ നട്ട്,കുല മുളപ്പിച്ച്, സ്വപ്നം നെയ്ത്, അരപട്ടിണിയായ മക്കള്‍ക്ക് സമ്മാനമായ് കൊടുക്കാന്‍ കൊതിച്ച്, അവസാനം മേലാളന് അടിയറ വെക്കേണ്ടിവന്ന പതിതന്‍റെ നിസ്സഹായതക്കൊടുവില്‍, “ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരോ,നിങ്ങള്‍ തന്‍ പിന്മുറക്കാര്‍?.“ കവിയുടെ വിപ്ലവചിന്തകള്‍ നിസ്സഹായനായ പുലയന്‍റെ വാക്കുകളിലൂടേ പുനര്‍ജ്ജനിക്കുമ്പോള്‍ വരാന്‍ പോകുന്ന കാലത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ കവി അല്ലെങ്കില്‍ ആ വിപ്ലവകാരി അവിടെ പകര്‍ത്തി വെക്കുകയായിരുനു. അതില്‍ തന്നെ ഉള്ളവന്‍റെയും ഇല്ലാത്തവന്‍റെയും അന്തരത്തെ കുറിച്ചും കവി പറയുന്നുമുണ്ട്.
“ഉടയോന്റെ മേട,ലുണ്ണികള്‍ പഞ്ചാര-
ച്ചുടുപാലടയുണ്ടുറങ്ങീടുമ്പോള്‍,
അവനുടെ കണ്മണിക്കുഞ്ഞുങ്ങള്‍ പട്ടിണി-
യ്ക്കലയണമുച്ചക്കൊടും വെയിലില്‍!
അവരുടെ തൊണ്ട നനക്കുവാനുള്ളതെ-
ന്തയലത്തെ മേട്ടിലെത്തോട്ടുവെള്ളം!“
പിന്നെയും മനസ്സില്‍ തട്ടുന്ന എത്രയോ വരികള്‍ മഹാനായ ആ കവി മലയാളികളുടെ മനസ്സില്‍ കൊത്തി വെച്ചു..!
“കപടലോകത്തിലാത്മാര്‍ത്ഥമായൊരു-
ഹൃദയമുണ്ടായതാണെന്‍ പരാജയം“
ഇത് സമൂഹത്തോടുള്ള കവിയുടെ പരിഭവമാണ്.സമൂഹത്തോടുള്ള പരിഭവം മാത്രമായിരുന്നില്ല എന്നു തോന്നുന്നു. അതിലൊരു സ്വയം വിമര്‍ശനവുമുണ്ടായിരിക്കാം.!ആ കാലഘട്ടത്തിലും ഈ കാലഘട്ടത്തിലും പ്രണയിതാക്കള്‍ അറിഞ്ഞും അറിയാതെയുമൊക്കെ ഉരുവിട്ടു കൊണ്ടിരിക്കുന്നത് തന്നിലെ വിശ്വാസ്യത തെളിയിക്കാനുള്ള ലളിതവും, സുന്ദരവുമായ ഈ വരികളിലൊളിഞ്ഞു കിടക്കുന്ന നിഷ്കളങ്കമായ മനസ്സിനെ കാണിച്ചു കൊടുക്കുവാനല്ലാതെ മറ്റെന്തിനാണ്..?
“അങ്കുശമില്ലാത്ത ചാപല്യമേ മണ്ണിലംഗനയെന്നു
വിളിക്കുന്നു നിന്നെ ഞാന്‍
നാരികള്‍, നാരികള്‍  വിശ്വവിപത്തിന്‍റെ
നാരായവേരുകള്‍ , നാരകീയാഗ്നികള്‍ “
എന്ന് സ്ത്രീകളെ പറ്റി എഴുതിയ ചങ്ങമ്പുഴ തന്നെയാണ് തുടര്‍ന്നു വരുന്ന വരികള്‍ ആ പൊന്‍‍തൂലികയിലൂടെ പകര്‍ത്തി വെച്ചതും
ജാതകദോഷം വന്നെന്തിന്നെന്‍
ജായാപദവി വരിച്ചൂ നീ?
പലപലരമണികള്‍ വന്നൂ, വന്നവര്‍
പണമെന്നോതിനടുങ്ങീ ഞാന്‍.
പലപലകമനികള്‍ വന്നൂ, വന്നവര്‍
പദവികള്‍ വാഴ്ത്തീ നടുങ്ങീ ഞാന്‍
കിന്നരകന്യകപോലെ ചിരിച്ചെന്‍
മുന്നില്‍ വിളങ്ങിയ നീ മാത്രം,
എന്നോടരുളി: ‘യെനിക്കവിടുത്തെ
പ്പൊന്നോടക്കുഴല്‍ മതിയല്ലോ!.
നിന്നുടെ പുല്ലാങ്കുഴലിതെനിക്കോരു
പൊന്നോടക്കുഴലാണല്ലോ!.
മനസ്വിനി എന്ന കവിതയില്‍ അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ കടന്നുവന്നിട്ടുള്ള പല സ്ത്രികളുടെയും സ്വഭാവ വൈചിത്ര്യങ്ങള്‍ വരച്ചു കാട്ടിയിരിക്കുന്നു. പലരും പണത്തിനും, പദവിക്കും വേണ്ടി പ്രണയം മോഹിച്ചു വന്നപ്പോഴും, കവിയുടെ കയ്യിലെ ഓടക്കുഴല്‍ മാത്രം മതിയെന്നു പറഞ്ഞ് ജീവിതത്തിലേക്ക് കടന്നു വന്ന മനസ്വിനിയെ എത്ര മനോഹരമായിട്ടാണ് അദ്ദേഹം പകര്‍ത്തി വെച്ചത്.
തീവ്രമായ അനുഭവങ്ങള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്‍റ്റെ കവിതക്ക് പ്രചോദനമെന്ന് വായിച്ചിട്ടുണ്ട്. പക്ഷേ..അതിനോടൊരിക്കലും യോജിക്കാന്‍ കഴിയില്ല.. അനുഭവങ്ങള്‍ മാത്രമല്ല..ഭാവനയും, സര്‍ഗ്ഗാത്മകതയും, സ്വപ്നങ്ങളും, വിപ്ലവ ചിന്തകളും,പ്രകൃതിയോടുള്ള അടങ്ങാത്ത അഭിനിവേശവും, പ്രണയിക്കാനും പ്രണയിക്കപ്പെടാനുള്ള ആഗ്രഹങ്ങളുമെല്ലാം തന്നെ  അദ്ദേഹത്തിന്റ്റെ കവിതകള്‍ക്ക് പ്രചോദനമായിട്ടുണ്ടെന്നു വിശ്വസിക്കാനാണെനിക്കിഷ്ടം.
ഒരു തരത്തില്‍ പറഞ്ഞാല്‍ സങ്കടങ്ങളെ ഇത്രയും വലിയൊരു സമ്പാദ്യമാക്കിയ മറ്റൊരു കവിയുണ്ടെന്നു തോന്നുന്നില്ല.. ഒരിക്കലെവിടെയോ വായിച്ചിട്ടുണ്ട് സഞ്ജയന്‍ എന്ന എഴുത്തുകാരന്‍റെ നൂറിലൊരംശം സങ്കടങ്ങള്‍ ഒരിക്കലും ചങ്ങമ്പുഴക്കുണ്ടായിരുന്നില്ലെന്ന്. പക്ഷേ.. സഞ്ജയന്‍ അക്ഷരങ്ങളിലൂടെ വായനക്കാരനെ ചിരിപ്പിക്കുകയാണ് ചെയ്തിരുന്നത്. ലളിതമായ വാക്കുകളെ ചാട്ടുളി പോലെ ഹൃദയത്തിലേക്ക് തുളച്ചു കയറ്റാനും.. മഴത്തുള്ളികള്‍ പോലെ പെയ്തിറക്കാനും.. മിഴിനീര്‍ത്തുള്ളികളുടെ കയ്പുരസം അനുഭവിപ്പിക്കുവാനുമെല്ലാം ചങ്ങമ്പുഴയെ പോലെ  അധികമാര്‍ക്കും കഴിഞ്ഞിരുന്നില്ല എന്നു തന്നെയാണ് വിശ്വാസം.
അക്കാലത്തെ നിരൂപകര്‍ക്കു മുന്നില്‍ പോലും ഒരാശ്ചര്യം ചിഹ്നം പോലെ പുഞ്ചിരിച്ചു നില്‍ക്കാന്‍ ചങ്ങമ്പുഴക്ക് കഴിഞ്ഞിരുന്നു. കാല്പനിക കവിയെന്നോ.. അകാല്പനിക കവിയെന്നോ..വിപ്ലവകവിയെന്നോ.. പ്രണയ കവിയെന്നോ ഏതു ചട്ടക്കൂടിനുള്ളിലൊതുക്കണമെന്നു പോലും കഴിയാതെ അമ്പരന്നു നില്‍ക്കാനെ അന്നത്തെ വിമര്‍ശകര്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ എന്ന് പറയുമ്പോള്‍ തന്നെ, മലയാളികളുടെ മനസ്സിലെ മഹാമേരുവെന്നല്ലാതെ വേറെ എന്ത് വിശേഷണമാണ് അദ്ദേഹത്തിനു ചേരുക..?
മലയാളം നിഘണ്ടുവിലെ കടുകട്ടി വാക്കുകള്‍ കൊണ്ട് കാവ്യങ്ങള്‍ രചിച്ച് പലരും ബുദ്ധിജീവികളുടെ മേലങ്കിയണിയാന്‍ ശ്രമിച്ചപ്പോള്‍  ലളിതമായ ഭാഷകൊണ്ടും, വരികള്‍കൊണ്ടും കവിതയെ സ്നേഹിക്കുന്നവരുടെയും സാധാരണക്കാരുടെയും മനസ്സില്‍ ചിരഞ്ജീവിയാകാന്‍
കഴിഞ്ഞത് ചങ്ങമ്പുഴയെന്ന കവിയുടെ മാത്രം പ്രത്യേകതയാണ്. വൃത്തങ്ങളിലോ, അലങ്കാരങ്ങളിലോ ഒരിക്കല്‍ പോലും ശ്രദ്ധിച്ചിരുന്നില്ലെന്ന് കവി തന്നെ പലയിടത്തും സൂചിപ്പിച്ചിട്ടുണ്ട്.
കവിതയിലൂടെ പിച്ച വെച്ചു നടക്കാന്‍ തുടങ്ങിയ നാള്‍ മുതല്‍ ചങ്ങമ്പുഴ എന്ന വ്യക്തി/കവി/വിപ്ലകാരി/പ്രേമഗായകന്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്. എത്ര വര്‍ണ്ണിച്ചാലും മതിവരാത്തത്ര,മനസ്സിലങ്ങിനെ ഉയര്ന്നു നില്‍ക്കുന്നു ആ സ്നേഹഗായകന്‍.
1948ല് ക്ഷയരോഗ ബാധിതനായി ചങ്ങമ്പുഴയുടെ ഭൌതികശരീരം നിശ്ചലമായെങ്കിലും അദ്ദേഹത്തിന്റ്റെ അസ്ഥിമാടം മലയാളികളുടെ മനസ്സില്‍ ഇപ്പോഴും സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു.
മഞ്ഞണിഞ്ഞു, മദാലസയായി
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോള്‍,
മന്ദമന്ദം പൊടിപ്പതായ്ക്കേള്ക്കാം
സ്പന്ദങ്ങളിക്കല്ലറയ്ക്കുള്ളില്‍!
പാട്ടുനിര്ത്തി, ച്ചിറകുമൊതുക്കി-
ക്കേട്ടിരിക്കുമതൊക്കെയും നിങ്ങള്‍,
അത്തുടിപ്പുകളൊന്നിച്ചുചേര്ന്നി-
ട്ടിത്തരമൊരു പല്ലവിയാകും:-
‘മണ്ണടിഞ്ഞു ഞാ, നെങ്കിലുമിന്നും
എന്നണുക്കളി, ലേവ, മോരോന്നും,
ത്വൽപ്രണയസ്മൃതികളുലാവി
സ്വപ്നനൃത്തങ്ങളാടുന്നു, ദേവി! …’
താദൃശോത്സവമുണ്ടോ, കഥിപ്പിന്‍
താരകളേ, നിങ്ങള്തന്‍ നാട്ടില്‍?
അതെ.. നക്ഷത്രങ്ങളുടെ ലോകത്ത് ഇന്നുമീ ജനപ്രിയ കവിയുടെ പുല്ല്ലാങ്കുഴല്‍ നാദം കേള്‍ക്കുന്നുണ്ടായിരിക്കും..അവിടെ നൃത്തം വെക്കാന്‍
പണവും പദവിയും മോഹിക്കാത്ത കാമിനിമാരുമുണ്ടായിരിക്കാം..!ചാപല്യമില്ലാത്ത മാലാഖമാരും..!!
ഹേ.. താരകളേ.. നിങ്ങളെത്ര ഭാഗ്യം ചെയ്തവര്‍.. മണ്ണില്‍ പിറന്നൊരു രമണീയ ഗായകന്റ്റെ സാമീപ്യം പോലും എത്ര മനോഹരം..
ഇന്നതു നിങ്ങള്‍ക്കു മാത്രം സ്വന്തം… ഞങ്ങള്‍ക്കോ മരിക്കാത്ത ആ പുല്ലാങ്കുഴല്‍ നാദവും…….!!
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍—————————————————————————————————————————–
* ആദ്യമായാണ് ഇങ്ങിനെയൊരു സാഹസത്തിന് മുതിരുന്നത്, ഒരുപാട് തെറ്റുകുറ്റങ്ങളുണ്ടാവാം..  ഒരു തുടക്കക്കാരന്‍റെ പരിചയമില്ലായ്മ എന്നു കരുതി
ഇതിലുണ്ടായിട്ടുള്ള തെറ്റുകുറ്റങ്ങള്‍ തുറന്നു പറയാനും തിരുത്തുവാനും എല്ലാവരും സഹായിക്കുമെന്ന് കരുതുന്നു.. ആരോഗ്യപരമായ എല്ലാ വിമര്‍ശനങ്ങളും
സ്വാഗതം ചെയ്യുന്നു…! നന്ദി.!
*ഇതുവരെ സ്വപ്നത്തില്‍ പോലും ചിന്തിക്കാതിരുന്ന കാര്യം ചെയ്യാന്‍ പ്രേരിപ്പിച്ച അരുണ്‍ ചൂള്ളിക്കലിനു പ്രത്യേക നന്ദി..!!

Tuesday, 8 March 2011

എന്‍റെ മണ്ണ്.. എന്‍റെ സ്വപ്നം.......!




ഹൃദയഭാഷയില്‍ രചിക്കുന്നു വീണ്ടും
ഹൃദ്യമാമൊരു ജീവിതം ഞാന്‍
സ്നേഹജലത്താല്‍ മുളക്കട്ടെ കതിരുകള്‍
സ്നേഹസ്പര്‍ശം നിറയുമീ മണ്ണിലും

പുലരി, പൂക്കളായ് വിരിയുന്നു
പുഞ്ചിരി നിറച്ചെന്‍ ഹൃത്തിലും
തേന്‍ തുള്ളികളായ് നിറയുന്നു
തൂവെള്ള പൂക്കളില്‍‍ ഹിമകണം

നനഞ്ഞു കുതീര്‍ന്നൊരീ ഭൂമിതന്‍
നീരൂറ്റി തെളിയുന്നു സൂര്യനും
പൂമുഖ വാതിലില്‍ നിന്നുമപ്പോള്‍
‘പതി‘യെ യാത്രയയക്കുന്നു പത്നി

കയ്യില്‍, കൊടുത്ത പൊതിച്ചോറുമായ്
കൈകോട്ടിന്‍ പിടി തോളിലുമായ്
നെഞ്ചുവിരിച്ചു നടന്നു പോകുമെന്‍,
നേര്‍വഴിയെ മിഴിനട്ടു നില്‍ക്കുന്നവള്‍

വിണ്ടു കീറിയ പാടത്തില്‍ നിറയെ
വിത്തിറക്കുവാന്‍ ആയുധമിറക്കുന്നു
വിത്തിനൊപ്പം വിതക്കുന്നു ഞാന്‍
വിയര്‍പ്പിന്‍ ചുടുനീര്‍ത്തുള്ളികള്‍

സ്വപ്നങ്ങള്‍ ഉരുക്കി വിയര്‍പ്പാക്കിയത്
സ്വപ്നസൌധങ്ങള്‍ പണിയാനല്ല
സ്വന്തമായ് വിള കാത്തു നിന്നത്
സ്വര്‍ഗ്ഗീയ ജീവിതം തീര്‍ക്കാനുമല്ല.

നാളെയെന്നതു സത്യമെങ്കില്‍ നാം
നീളെ നീളേ വിത്തു വിതച്ചിരിക്കണം
എന്‍റെ ഭൂമിയെ മച്ചി*യാക്കിയെന്തിന്
നിന്‍റെ മക്കള്‍ക്ക് വില നല്‍കണം ഞാന്‍?

ചിന്തകള്‍ കാടു കയറുന്നുവെങ്കിലുമെന്‍
ചിത്തത്തില്‍ കാര്‍മേഘമൊന്നുമില്ല.
പെയ്തുവീഴുന്ന മഴത്തുള്ളികള്‍ പോലെ
പട്ടിണിയില്ലാത്തൊരു നാളെ മതി.

കത്തിയെരിഞ്ഞ ചെഞ്ചായ വര്‍ണ്ണന്‍
കടലിന്നഗാധതയിലേക്ക് വീഴെ.
കൊത്തിക്കിളച്ച പാടത്തിന്‍ നടുവില്‍
കൊതിയോടെ നില്‍ക്കുകയാണു ഞാനും.

ക്ഷണനേരമങ്ങിനെ നിന്നു വെറുതെ
ക്ഷീണമോ തളര്‍ത്തുന്നതില്ലെന്‍ മനം
നാളെയീ പാടത്തില്‍ നിറയെ തളിര്‍ക്കുന്ന
നാമ്പുകള്‍ മാത്രമാണെന്‍റെ സ്വപ്നം.


*(സ്വന്തം വിളസ്ഥലം ഉപയോഗശൂന്യമാക്കീ
അന്യരുടെ വിളകള്‍ക്ക് പൈസ നല്‍കുന്നത്.)

Friday, 18 February 2011

വേര്‍പാടില്‍ പുഞ്ചിരിക്കുന്ന നക്ഷത്രം...!!



ഴ പെയ്തു കൊണ്ടേയിരിക്കുന്നു.ഓലപ്പുരയുടെ ഉമ്മറക്കോലായില്‍ മഴയുടെ കുളിര്‍മ്മ ആസ്വദിച്ചുകൊണ്ട് വെറുതെയിരിക്കുകായിരുന്നു വിനു.പുരയുടെ മൂര്‍ദ്ധാവില്‍ നിന്നും മഴത്തുള്ളികള്‍ ഓലത്തുമ്പിലൂടേ മണ്ണിലേക്കിറ്റിറ്റു വീണ് താഴെ വൃത്തം വരക്കുന്നുണ്ടായിരുന്നു...ചില കുഴികളില്‍ നിന്നും ചെങ്കല്ലുകളും.. ഓട്ടുപാറകളും പുറത്തേക്ക് തെളിഞ്ഞു വരുന്നതു കൌതുകത്തോടെ നോക്കിയിരുന്നു.
ഓലത്തുമ്പില്‍ നിന്നും വീഴുന്ന ഓരോ തുള്ളികളും താഴെ പ്രത്യേകം പ്രത്യേകം വളയങ്ങളായി മാറുന്നതു കാണാന്‍ നല്ല രസം.തെക്കേപ്രത്തെ മാവിന്‍ ചുവട്ടില്‍ മഴത്തുള്ളികള്‍ കരിയിലകളില്‍ കിലുകിലേന്ന് വീഴുന്ന ശബ്ദം വിനുവിന്‍റെ മനസ്സിനെ മദിച്ചുകൊണ്ടേയിരിക്കുന്നു.മനസ്സ് വീണ്ടും ബാല്യത്തിലേക്ക് പോകുന്നതവനറിയാന്‍ തുടങ്ങി.
മഴയെ പ്രണയിക്കാന്‍ തുടങ്ങിയതെന്നായിരുന്നു...അറിയില്ല. ഓര്‍മ്മ വെച്ച കാലം മുതലേ മഴ ജീവനായിരുന്നു വിനുവിന്. ആകാശത്ത് കാര്‍മേഘങ്ങള്‍ കാണുമ്പോള്‍ മനസ്സിലുണ്ടാകുന്ന സന്തോഷത്തിന്‍റെ വേലിയേറ്റത്തിനു എന്ത് പേരിട്ടുവിളിക്കണമെന്നു പോലും അന്നുമിന്നും അറിയില്ല..നട്ടുച്ചക്കും ഇരുട്ടു മൂടിയ ഭൂമിയെ കാണുമ്പോള്‍ വെളിച്ചം വിഴുന്നത് അവന്‍റെ ഹൃദയത്തിലായിരുന്നു.
കാര്‍മേഘങ്ങള്‍ പെയ്യാന്‍ തുടങ്ങുന്നതിനു മുന്നേ കൂട്ടുകാരുമൊത്ത് ആശാന്‍ കുന്നിലേക്ക് പോകും. പാടങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന, പൂക്കൈതകള്‍ നിറഞ്ഞ ആശാന്‍ കുന്ന് കാണാന്‍ നല്ല ഭംഗിയായിരുന്നു,കറുകപുല്ലുകള്‍ നിറഞ്ഞ ആശാന്‍‍കുന്നില്‍ മഴക്കാലദിവസങ്ങളിലെ പുലരി കാണാന്‍ രാവിലെ എഴുന്നേറ്റു യാത്രയാകും. ഓരോ കറുകപ്പുല്ലിലും മഴത്തുള്ളികള്‍ നിറഞ്ഞു നില്‍ക്കുന്നത് കാണുമ്പോള്‍ തന്നെ മനസ്സിനൊരു കുളിര്‍മ്മയായിരുന്നു.
ആശാന്‍കുന്നിന്‍റെ അതിരില്‍ നില്‍ക്കുന്ന വേപ്പുമരത്തില്‍ ധാരാളം തത്തകള്‍ വന്നിരിക്കാറുള്ളതു കൊണ്ടായിരുന്നു കൂട്ടുകാര്‍ കൂടെ വന്നിരുന്നത്,പിന്നെ പഴുത്ത തക്കാളി വെച്ച കെണി വേപ്പിന്‍ മരത്തില്‍ വെച്ചു തത്തയെ പിടിക്കുന്നതിലായിരിക്കും അവരുടെ ശ്രദ്ധ. വിനുവും ഉണ്ണിയും മാത്രം കുന്നിന്‍റെ ഏതെങ്കിലുമൊരു കോണില്‍ ചെന്നു നിന്ന് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടങ്ങളില്‍ നെല്‍ച്ചെടികള്‍ പച്ചപട്ടു വിരിച്ചതും നോക്കിയങ്ങിനെ നില്‍ക്കും.ഒരു തരം ഭ്രാന്തെന്നു വേണമെങ്കില്‍ പറയാം.പിന്നെ സാഹിത്യഭാഷയില്‍ അതിനെ കുറിച്ചുള്ള വിവരണങ്ങള്‍ ‍.എത്ര മനോഹരമായാണ് അവന്‍റെ വായില്‍ നിന്നും വാക്കുകളൊഴുകി കൊണ്ടിരുന്നത്,ഒരു മണിക്കൂറെങ്കിലും ആലോച്ചിച്ചിരുന്നാല്‍ മാത്രമേ എനിക്കങ്ങിനെയെങ്കിലും പറയാന്‍ കഴിയുമായിരുന്നുള്ളൂ.അവന്‍ ഒരു പുഴയൊഴുകുന്ന ലാഘവത്തോടേ അങ്ങിനെ പറഞ്ഞു കൊണ്ടേയിരിക്കും.അതു കേള്‍ക്കുമ്പോള്‍ തന്നെ ഒരു സുഖമായിരുന്നു.
“വാ ചായ കുടിക്കാം“
അകത്തു നിന്നും മണിച്ചേച്ചിയുടെ വിളികേട്ടപ്പോഴാണ് വിനു ഓര്‍മ്മയില്‍ നിന്നുണര്‍ന്നത്.അവനേക്കാള്‍ മൂന്ന്
വയസ്സിനു മൂത്തതാണ് മണിച്ചേച്ചി. ഇതുവരെയും കല്യാണം കഴിഞ്ഞിട്ടില്ല. ഇഷ്ടമില്ലാഞ്ഞിട്ടാണെന്നാണ് മണിചേച്ചി പറയുന്നത്. അതല്ല തകര്‍ന്ന പ്രണയത്തിന്‍റെ ജീവിക്കുന്ന സ്മാരകമെന്നാണ് നാട്ടിലുള്ളവര്‍ അടക്കം പറയുന്നത്.പക്ഷേ സത്യാവസ്ഥ അറിയാന്‍ അവനിവിടെയുണ്ടായിരുന്നില്ലല്ലോ. നീണ്ട എട്ടു വര്‍ഷങ്ങള്‍ മരുഭൂമിയില്‍ തന്നെയായിരുന്നില്ലേ. ഒരിക്കല്‍ പോലും നാടുകാണാതെ…!
അതിനിടയില്‍ ഇവിടെ എന്തെന്തു മാറ്റങ്ങളാ സംഭവിച്ചിരിക്കുന്നത്.മാറ്റമില്ലാത്തതു മണിച്ചേച്ചിയുടെ വീടിനും ആ സ്നേഹത്തിനും മാത്രം.
“എന്താ നീ ആലോചിക്കുന്നത്..? അവിടെയിരിക്കെടാ മാക്രി” എന്നു പറഞ്ഞു കൊണ്ട് ചേച്ചി അവന്‍റെ
കയ്യില്‍ ബലമായി പിടിച്ചവിടെയിരുത്തി. ആ പഴയ പേരു പോലും ചേച്ചി മറന്നിട്ടില്ല.
“ഏ” “ഒന്നൂല്ല..“
“ഞാന്‍ പഴയതൊക്കെ ആലോചിക്കായിരുന്നു ചേച്ചി. എന്തെല്ലാം മാറ്റങ്ങളാ ഇവിടെ
മാറ്റമില്ലാത്തത് എന്‍റെ ചേച്ചിക്ക് മാത്രമാ.. “
മനസ്സിലൊന്നും വെച്ചിട്ടല്ലായിരുന്നു അവനതു പറഞ്ഞത് പക്ഷേ… ചേച്ചിയുടെ മുഖത്ത് വിഷാദത്തിന്‍റെ കാര്‍മേഘങ്ങളുരുണ്ടു കൂടുന്നതവന്‍ കണ്ടു.
സ്വയം പഴിച്ചുകൊണ്ട് ഗ്ലാസെടുത്ത് ചുണ്ടോട് ചേര്‍ത്തു.“ചേച്ചി ആ അച്ചപ്പം എനിക്കെടുത്തു തന്നെ” അവളുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി ആവശ്യമില്ലാഞ്ഞിട്ടും അവനങ്ങിനെ പറഞ്ഞു.
പൊട്ടി പൊടിഞ്ഞ അച്ചപ്പങ്ങള്‍ക്കിടയില്‍ നിന്നും അധികം പരിക്കേല്‍ക്കാത്ത ഒരച്ചപ്പം എടുത്ത് ചേച്ചി അവനു കൊടുത്തു. എന്നിട്ടു എന്തോ പറയാന്‍ തുടങ്ങി
“മോളെ മണീ…….” അകത്തു നിന്നു അമ്മയുടെ വിളികേട്ട് മണി അങ്ങോട്ട് ഓടി.വിനുവിന്‍റെ കണ്ണുകള്‍ ഓലപ്പുരയുടെ ചെറ്റയില്‍ തൂക്കിയിട്ടിരിക്കുന്ന ചിത്രത്തില്‍ പതിഞ്ഞു. മിഴിയുടെ കോണില്‍ തുളുമ്പാതെ നിന്ന മിഴിനീര്‍കണങ്ങള്‍ ആ ചിത്രത്തിന്‍റെ കാഴ്ച്ചയില്‍ അവ്യക്തത നിറച്ചു.
“അമ്മക്ക് അനങ്ങാന്‍ വയ്യ. ഉണ്ണി പോയപ്പോള്‍ തളര്‍ന്നു വീണതാ..അതിനു ശേഷം ഇതുവരെയും എഴുന്നേറ്റിട്ടില്ല.“.അകത്തേ മുറിയില്‍ നിന്നും എന്നെ നോക്കാതെ പുറത്തേക്ക് പോകുന്ന ചേച്ചി പറഞ്ഞു കൊണ്ടേയിരുന്നു. പെട്ടെന്നു തന്നെ കര്‍ച്ചീഫെടുത്തവന്‍ മുഖം തുടച്ചു.ഇനിയതു കണ്ടാല്‍ ചിലപ്പോള്‍ ചേച്ചിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല.കണ്ണീരൊഴിയാത്ത ജീവികള്‍ക്ക് താനായിട്ടിനി അതു സമ്മാനിക്കേണ്ടല്ലോ. ബാല്യം മുഴുവനും ഈ വീട്ടില്‍ ഉണ്ണിയുടെ കൂടെ തന്നെയായിരുന്നവന്‍. ഒരേ പാത്രത്തിലുണ്ട് ഒരേ പായയിലുറങ്ങിയ
കൂട്ടുകാര്‍ . സ്വന്തം വീട്ടിലുറങ്ങിയിരുന്നത് അപൂര്‍വ്വമായിരുന്നു,ഉണ്ണിയുടെ അമ്മയുണ്ടാക്കിത്തരുന്ന കപ്പക്കറിയുടെ രുചി പോയതില്‍ പിന്നെ വേറൊരു ഭക്ഷണത്തിനുംകിട്ടിയിട്ടില്ല.
“വാടാ,, നിനക്ക് കാണേണ്ടേ നമ്മുടെ ഉണ്ണിയെ.”
ചേച്ചി അവന്‍റെ കൈ പിടിച്ചുകൊണ്ട് തെക്കേപ്രത്ത് കൊണ്ടു പോയി..വൃത്തിയാക്കിയിട്ട തെക്കെ പറമ്പില്‍ നിറയെ കൃഷ്ണതുളസി വെച്ചു പിടിപ്പിച്ച ഒരു ചതുരന്‍ സ്ഥലത്തിനു മുന്നിലെത്തി. കരിന്തിരിയിട്ട ചെറിയ നിലവിളക്ക് അതിനു നടുവിലായി ഇരിക്കുന്നുണ്ടായിരുന്നു.
“ഉണ്ണിക്ക് നിന്നെ പറ്റി പറയാനേ നേരമുണ്ടായിരുന്നുള്ളൂ. ”ദിവസത്തിലൊരു നാലു തവണയെങ്കിലും നിന്‍റെ പേര് പറയാതെ അവനുറങ്ങില്ല. നീ പോയതു മാത്രമേ അവനെ ദുഃഖിപ്പിച്ചിട്ടുമുള്ളൂ.“
അന്നു പോകുമ്പോഴും ഉണ്ണി പറഞ്ഞിരുന്നു ചേച്ചി വിനുവിന്‍റെ കത്ത് വരും കേട്ടോ.മറക്കാതെ തരണം.
അന്നും പോസ്റ്റ്മേന്‍ വീടിനു മുന്നിലൂടെ ബെല്ലടിച്ച് പോകുമ്പോള്‍ ഞാന്‍ ഓടിച്ചെന്നു ചോദിച്ചു.
“ഇന്നു കത്തില്ലെ?“
“ഇതെന്താ കുട്ട്യേ..വേറേ ആരുടെയങ്കിലും കത്തു മതിയാവില്ലല്ലോ.വിനുവിന്‍റെ തന്നെ വേണ്ടേ.?“
അയാള്‍ തമാശ പറഞ്ഞുകൊണ്ട് യാത്ര തുടര്‍ന്നു.
“പ്രതിക്ഷിച്ച ദിവസം നിന്‍റെ കത്ത് വന്നില്ലെങ്കില്‍ അവന്‍റെ മുഖം വാടുമായിരുന്നു.അതുകൊണ്ടാ ഞാന്‍ അയാളുടെ അടുത്തേക്ക് ഓടിപ്പോയത്.“
“ഉം” ഉത്തരം ഒരു മൂളലിലൊതുക്കി.
അന്നു വൈകുന്നേരം..നമ്മുടെ തെങ്ങ് കയറാന്‍ വരുന്ന വാസനാ വന്നു പറഞ്ഞത് “മണീ നമ്മുടെ
“ബനാസിനി” ബസും മരം കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചു.ആരൊക്കെയോ മരിച്ചു.അധികം
പേരുടേം നില ഗുരുതരാത്രെ!
“ഈശ്വരാ എന്‍റെ ഉണ്ണിയും അതിലാണല്ലോ വരാറ്” നെഞ്ചിലൊരു മിന്നല്‍ വന്നതുമാത്രമോര്‍മ്മയുണ്ട്.
“പിന്നെ…….പിന്നെ…….”
കണ്ണീര്‍ത്തുള്ളികള്‍ കവിളിലൂടെ ചാലുകളായി താഴേക്കൊഴുകി വാക്കുകള്‍ക്കായ് ചേച്ചി
ബുദ്ധിമുട്ടുകയായിരുന്നു.വിനുവിന്‍റെ കണ്ണും നിറഞ്ഞൊഴുകുകയായിരുന്നു,അവനതു കണ്ടു നില്‍ക്കാന്‍ കഴിഞ്ഞില്ല.
അവന്‍റെ കൂടപ്പിറപ്പ് എന്‍റെ തന്നെയല്ലേ..
നിശ്ശബ്ദമായി കരഞ്ഞു കൊണ്ടു ചേച്ചിയെ ഞാന്‍ ചേര്‍ത്തു പിടിച്ചിട്ടു പറഞ്ഞു.
“വാ.. വീട്ടിലേക്കു പോകാം..”
പോകുന്നതിനിടയില്‍ ചേച്ചിയോ ഒന്നു കൂടി ചേര്‍ത്തു പിടിച്ചു കൊണ്ടു പറഞ്ഞു.“ഉണ്ണിക്കു പകരമായ്
എന്നും ഞാനില്ലേ ചേച്ചി .അമ്മയില്ലാത്ത എനിക്ക് ഒരമ്മയേയും. സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ചേച്ചിയെയും എന്‍റെ കയ്യിലേൽപ്പിച്ചല്ലേ അവന്‍ പോയത്.“
നിറകണ്ണുകളോടേ വിനുവിന്‍റെ കണ്ണുകളിലേക്ക് നോക്കിയ ചേച്ചിയുടെ കണ്ണുകളിലെ തിളക്കത്തിന് എന്തൊക്കെയോ അര്‍ത്ഥങ്ങളുണ്ടായിരുന്നു.അവിടെ എല്ലാം തകര്‍ന്നു പോയവള്‍ക്ക് താങ്ങായ് ഒരു കച്ചിത്തുരുമ്പ് കിട്ടിയ ആശ്വാസമായിരുന്നു കണ്ടത്.
ചേച്ചിയുമായി അമ്മയുടെ കട്ടിലിരുന്നു ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് അവന്‍ യാത്ര പറഞ്ഞു.
പോകുന്ന വഴി നീളെ വിനുവിന്‍റെ മനസ്സു മന്ത്രിക്കുന്നുണ്ടായിരുന്നു. “ഇവരെന്‍റെ അമ്മയും
ചേച്ചിയുമാണ്.ഞാന്‍ മാത്രമേയുള്ളൂ ഇവര്‍ക്കൊരു കൂട്ടായിട്ട്..അത്രയെങ്കിലും എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്നെ പ്രാണനെ പോലെ കരുതിയിരുന്ന ഉണ്ണിയുടെ ആത്മാവ് വേദനിക്കും.അതെനിക്ക് സഹിക്കാന്‍ കഴിയില്ലല്ലോ…“
ഉണ്ണീ ഒരുപാട് സ്നേഹിച്ച് സ്നേഹിച്ച് നീ എനിക്കായ് നിന്‍റെ പെറ്റമ്മയെ പോലും തന്നു.
ഇനി ഉണ്ണിയും വിനുവുമെല്ലാം ഞാനാണ്..!
പണ്ടു നമ്മള്‍ ഒരേമനസ്സും രണ്ടു ശരീരവുമായിരുന്നില്ലേ?
ഇന്ന് മനസ്സും ശരീരവുമൊന്നായിരിക്കുന്നു. മനസ്സില്‍ പിറുപിറുത്തു കൊണ്ടവന്‍ വീട്ടിലേക്ക് നടന്നു.
രാത്രിക്ക് കനം വെച്ചു തുടങ്ങിയിരിക്കുന്നു.
മഴ പെയ്തു തോര്‍ന്ന ആകാശത്ത് അപ്പോഴും ഒരു കുഞ്ഞു നക്ഷത്രം മാത്രം പുഞ്ചിരിക്കുന്നുണ്ടായിരുന്നു.!!!!

Sunday, 13 February 2011

ചില വാലന്‍റൈന്‍സ് ചിന്തകളും ഓര്‍മ്മപ്പെടുത്തലുകളും.....!!!

‘പ്രണയം’ വാക്കു കൊണ്ടേറേ പഴകിയതാണെങ്കിലും, ഒരിക്കലുമതിന്‍റെ മൂല്യം കുറയുന്നില്ല.. കാലം മാറുന്നതോടൊപ്പം പ്രണയത്തിന്‍റെ രൂപത്തിലും, ഭാവത്തിലും, രീതിയിലുമെല്ലാം വ്യത്യാസങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും, പ്രണയം എന്നും പ്രണയം തന്നെയാണ്. കഴിഞ്ഞ കാലത്തില്‍ പ്രണയമുണ്ടായിരുന്നു..ഈ കാലത്തിലും പ്രണയമുണ്ട്..ഇനി വരാനിരിക്കുന്ന കാലത്തിലും പ്രണയമുണ്ടായിരിക്കും.അതു പ്രകൃതി നിയമമാണ്.
പ്രണയിക്കാന്‍ കൊതിക്കാത്ത മനുഷ്യരില്ല. എനിക്ക് പ്രണയമില്ല എന്നു പറയുന്ന ഒരു മനുഷ്യന്‍റെ ഉള്ളിലായിരിക്കും ഏറ്റവും കൂടുതല്‍ പ്രണയിക്കാനുള്ള കൊതിയും ആവേശവും ഉണ്ടായിരിക്കുക.ഒരുപക്ഷേ..മോഹിച്ചതു കിട്ടാഞ്ഞിട്ടോ. അല്ലെങ്കില്‍ അവനവനിലുറങ്ങിക്കിടക്കുന്ന ‘കോമ്പ്ലക്സ്‘ ആ സമയങ്ങളിലുണരുന്നതോ, അതല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങളോ, ചിലരെകൊണ്ടെങ്കിലും പ്രണയത്തെ എതിര്‍ത്തു പറയാന്‍ പ്രേരിപ്പിക്കുന്നു.
അപ്പോഴും.. ഏതെങ്കിലുമൊരു പെണ്ണിനെയോ, ആണിനെയോ ആകര്‍ഷിക്കാനുള്ള കാര്യങ്ങള്‍ ഇത്തരക്കാര്‍ ചെയ്യാറുമുണ്ട്.
അതും പ്രണയത്തിനു വേണ്ടി ദാഹിക്കുന്നവന്‍റെ ചില ചേഷ്ഠകളല്ലേ..?
മലയാളികളുടെ ഏറ്റവും വലിയൊരു പ്രത്യേകതയാണ് ഒരു കാര്യത്തില്‍ വിഭിന്ന അഭിപ്രായങ്ങള്‍.. അതിപ്പോള്‍ സമ്പൂര്‍ണ്ണ സാക്ഷരത വേണമെന്നു പറഞ്ഞാലും.. പൂര്‍ണ്ണവികസനം വേണമെന്നു പറഞ്ഞാലും.. രണ്ടു പക്ഷത്തു നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ അത് കേരളത്തില്‍ മാത്രമായിരിക്കും. അപ്പോള്‍ പിന്നെ പ്രണയത്തിന്‍റെ കാര്യം പറയേണ്ടതില്ലല്ലോ.
ചിലര്‍ക്ക് നല്ല കാര്യങ്ങളെ എതിര്‍ത്തുകൊണ്ടും, ചിലര്‍ക്ക് ചീത്ത കാര്യങ്ങളെ അനുകൂലിച്ചുകൊണ്ടും ജനശ്രദ്ധ ആകര്‍ഷിക്കണം.അതൊക്കെയല്ലേ ഭൂമിയെ ഭൂമിയാക്കുന്നത്.. അല്ലെങ്കില്‍ സ്വര്‍ഗ്ഗം പോലും നാണിച്ചു പോകുമായിരുന്നു.
ഓണ്‍ലൈന്‍ കൂട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തു ചര്‍ച്ചകളില്‍ വാക്കുകള്‍ കൊണ്ട് പെരുമഴ തീര്‍ക്കുന്നതു കണ്ടിട്ടുണ്ട്.. അവരിലൊരാള്‍ എന്‍റെ സുഹൃത്തിനോട് പ്രണയം അഭ്യര്‍ത്ഥിച്ചു പരാജയപ്പെട്ടതും.. വേറൊരാള്‍ പ്രണയത്തെ കുറിച്ച് ഒരുപാട് വര്‍ണ്ണിച്ച്.. അതിന്‍റെ വിശുദ്ധിയും നന്മയുമെല്ലാം പ്രകീര്‍ത്തിച്ച് .. ആണെന്നോ പെണ്ണെന്നോ സ്വയം തിരിച്ചറിയാത്ത ഒരു ഓണ്‍ലൈന്‍ പ്രൊഫൈലിനോട് പ്രണയമഭ്യര്‍ത്ഥിച്ചതും..നന്മയും സ്നേഹവും വാക്കുകളിലൂടെയും കവിതകളിലൂടെയും പെയ്തൊഴിക്കുന്നൊരാള്‍ സ്വന്തം കൂട്ടുകാരി മറ്റു ആണ്‍ പ്രൊഫൈലുകളോട് സംസാരിക്കുന്നത് വിലക്കുന്നതും..അവരെ കുറിച്ച് മറ്റുപലതും ചേര്‍ത്തു പറയുന്നതുമെല്ലാം പ്രണയത്തിന്‍റെ ഒരു ഭാഗം തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ.. അവിടെ പ്രണയം ഒരു പെണ്‍കുട്ടിയോട് മാത്രമായിരുന്നില്ല.. ഒരുപാട് പേരോട് അതുപോലെ പറയുന്നതിനെ പ്രണയമെന്നു പറയാനാവില്ല.. ഒരു തരം രോഗമെന്നു മാത്രമേ പറയാന്‍ കഴിയൂ.
എന്തും അമിതമായാല്‍ വിഷമാണ്.. വിഷമവും...!! (ഈ പറഞ്ഞത് ഒരു ഉദാഹരണം മാത്രമാണ്..അല്ലാത്തവയും ഉണ്ട്)

പ്രണയം സുഖമുള്ള ഒരു അനുഭവമാണ്..ക്ഷണിക്കപ്പെടാത്ത അതിഥിയെപോലെ എപ്പോള്‍‍ വേണമെങ്കിലും മനുഷ്യ മനസ്സുകളിലേക്ക് ഒരു കുളിര്‍മഴ പോലെ അതു പെയ്തിറങ്ങാം. പ്രണയികളുടെ ലോകത്തില്‍‍ രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ല,. പരിധികള്‍ക്കോ‍ പരിമിതികള്‍ക്കോ അതിന്‍റെ മുന്നില്‍ തടസ്സങ്ങള്‍‍ സൃഷ്ടിക്കാനും കഴിയില്ല.
കാലവും , ദൂരവും, പ്രായവുമെല്ലാം തന്നെ പ്രണയമെന്ന ഒരു വികാരത്തിന്‍റെ മുന്നില്‍ ചെറുതാവുന്നതും അതുകൊണ്ടല്ലേ.?
കളങ്കമില്ലാത്ത പ്രണയത്തിനു മഴത്തുള്ളികളെക്കാള്‍‍ സുതാര്യതയും ആര്‍ദ്രതയുമുണ്ടായിരിക്കും.!അവിടെ പരസ്പരം സ്നേഹിക്കുക എന്ന ഒരൊറ്റ വികാരമേ പ്രണയികളുടെ മനസ്സില്‍‍ തുളുമ്പി നില്‍‍‍ക്കാറുള്ളൂ. മനുഷ്യമനസ്സുകള്‍ സ്വപ്നങ്ങളുടെ താഴ്വരയിലേക്കും മോഹങ്ങളുടെ നിറക്കൂട്ടുകളിലേക്കും ഒരു പൂമ്പാറ്റയെപോലെ പറന്നു പോകുന്നതും പ്രണയമെന്ന അനുഭൂതി ഹൃദയത്തില്‍ സുഗന്ധം പരത്തുമ്പോഴല്ലേ.
ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരുണ്ടാവില്ല. അതു പോലെ കൊതി തീരെ പ്രണയിച്ചവരും.അതുകൊണ്ടു തന്നെയാവാം പ്രണയം എന്നും മനുഷ്യ മനസ്സുകളില്‍ തേന്‍‍മഴയായി പെയ്തിറങ്ങുന്നതും. അറിഞോ അറിയാതെയോ ഒരിക്കലെങ്കിലും പ്രണയിക്കാനും പ്രണയിക്കപ്പെടാനും കൊതിക്കാത്തവരുണ്ടാവില്ല .മനസ്സിന്‍റെ അടിത്തട്ടില്‍‍ പ്രണയമെന്ന വികാരം ഒളിപ്പിച്ചു നടക്കുന്ന എത്രയോ സുഹൃത്തുക്കള്‍‍‍ നമ്മുക്കിടയിലുണ്ട്. ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ലാതെ. എന്നിട്ടും പറയാനുള്ളത് പറയാന്‍‍ കഴിയാതെ മനസ്സിനുള്ളില്‍ സ്വയമെരിഞ്ഞു പോയ എത്രയോ പ്രണയങ്ങള്‍‍ കണ്മുന്നില്‍ നാം കണ്ടിരിക്കുന്നു. മനുഷ്യനെ മറ്റു ജീവികളില്‍‍ നിന്നു വേര്‍‍തിരിക്കുന്നതും ഇങ്ങിനെയുള്ള ചില കഴിവുകളുള്ളതു കൊണ്ടാണല്ലോ. പ്രണയിക്കാനും,സ്നേഹിക്കാനും, കാര്യങ്ങളെ സൂക്ഷ്മതയോടെ വിവേചിച്ചറിയാനും, ആശയസംവേദനം നടത്തുവാനുമൊക്കെയുള്ള കഴിവുകളാണ് അവനെ മറ്റുള്ള ജീവികളില്‍‍ നിന്നും വേര്‍‍തിരിക്കുന്നത്.

‘പ്രണയം’ എന്നാല്‍ വെറും.. ആണിന് പെണ്ണിനോടും, പെണ്ണിന് ആണിനോടും മാത്രം തോന്നുന്ന ഒരു വികാരമല്ല..
ചിലര്‍ക്ക് പൂക്കളോട് പ്രണയം, ചിലര്‍ക്ക് പ്രകൃതിയോട് പ്രണയം, ചിലര്‍ക്ക് മഴയോട് പ്രണയം ചിലര്‍ക്ക് മഞ്ഞുതുള്ളിയോട്.. ചിലര്‍ക്ക് പ്രണയത്തോട് തന്നെ പ്രണയം.വിശാലമായ അര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ പ്രണയം പോലെ മനോഹരം വേറെ എന്തുണ്ട്..?
അതിനാല്‍‍‍ പ്രണയത്തി‍ന്‍റെ മാധുര്യം നുകര്‍‍ന്നവര്‍‍ക്കും,നുകരാന്‍‍‍ കൊതിക്കുന്നവര്‍‍ക്കും,നുകര്‍ന്നു കൊണ്ടിരിക്കുന്നവര്‍ക്കും,
നഷ്ടപ്രണയത്തിന്‍റെ കൈപ്പുനീര്‍‍ കുടിച്ചവര്‍‍ക്കും, ഇനി കുടിക്കാനിരിക്കുന്നവര്‍‍ക്കും ഒരു ഓര്‍‍മ്മപുതുക്കലാവട്ടെ ഓരോ പ്രണയദിനവും. ഒരിക്കലും പ്രണയിക്കപ്പെടാതിരിക്കുന്നതിനേക്കാള്‍‍ എത്രയോ നല്ലതാണ് ഒരിക്കലെങ്കിലും പ്രണയിച്ചു അതു നഷ്ടപെടുന്നത്. അതില്‍ നിന്നു കിട്ടിയ സുഖവും, നൊമ്പരവുമെല്ലാം നമ്മുടെ മനസ്സുകളില്‍ എത്ര കഴിഞ്ഞാലും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളായി കൂട്ടിനുണ്ടാവില്ലേ...?

തെറ്റില്ലെങ്കില്‍ ശരിക്കും, നഷ്ടമില്ലെങ്കില്‍ ലാഭത്തിനും, കറുപ്പില്ലെങ്കില്‍ വെളുപ്പിനും, ചൂടില്ലെങ്കില്‍ തണുപ്പിനും, എതിര്‍പ്പില്ലെങ്കില്‍ പ്രണയത്തിനും, പ്രണയമില്ലെങ്കില്‍ ജീവിതത്തിനും.
എന്തു പ്രസക്തി…….?
എന്തു ആസ്വാദ്യത…….?
എന്തു സുഗന്ധം………? 

എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ വാലന്‍റൈന്‍സ് ദിനാശംസകള്‍ ..........!!!

Monday, 7 February 2011

ഹരിയുടെ കണ്ണുനീര്‍ത്തുള്ളി..........!!!



തോരാതെ പെയ്യുന്ന മഴയോടൊപ്പം വീശിയടിക്കുന്ന ഈറന്‍‍കാറ്റ് പൂമുഖത്തിരുന്ന ഹരിയുടെ ശരീരത്തില്‍ അല്പം വിറയലുണ്ടാക്കി.എന്നിട്ടും അവിടെ നിന്നെഴുന്നേല്‍ക്കാന്‍ ഹരിക്ക് തോന്നിയതേയില്ല.കാരണം ഇന്നാണ് ഡിസംബര്‍ 11. അവന്‍റെ കുഞ്ഞനിയത്തി ആതിര ഈ ലോകത്തുനിന്ന് വിടപറഞ്ഞു പോയിട്ട് ഒരു കൊല്ലം തികയുന്നു.ഒന്നും ചെയ്യാന്‍ തോന്നുന്നേയില്ല.മനസ്സാകെ പെയ്തൊഴിയാത്ത കാര്‍മേഘങ്ങള്‍ കൊണ്ടു മൂടിയിരിക്കുന്നു.
ഇന്നലെ രാത്രി ഒരുപോള കണ്ണടക്കാന്‍ പോലുമവനു കഴിഞ്ഞിരുന്നില്ല.കണ്ണടച്ചാല്‍ ചുറ്റിനും അവളുടെ മുഖമാണ്.
അവളുടെ കുസൃതി നിറഞ്ഞ ചിരി..വാശി..കൊഞ്ചല്‍..ഒന്നും കണ്ണില്‍ നിന്നു മായുന്നേയില്ല.
ഒരുപാട് പേരുടെ ഹൃദയം വേദനിപ്പിച്ചുകൊണ്ടെന്തിനായിരുന്നു അവള്‍ നക്ഷത്രങ്ങളുടേ ലോകത്തേക്ക് പോയത്.
അവളുടെ ഒരാഗ്രഹത്തിനും ആരും എതിരായിരുന്നില്ല. വളര്‍ച്ചയുടെ ഓരോ പടവുകള്‍ കയറുമ്പോഴും അവളോടുള്ള വാത്സല്യവും സ്നേഹവും കൂടിക്കൊണ്ടേയിരുന്നിട്ടുള്ളൂ. എന്നീട്ടും അവള്‍ തെറ്റിലേക്ക്.? ഓര്‍ക്കുമ്പോള്‍ തന്നെ ഹരിയുടെ ഹൃദയം പിടഞ്ഞു.
സ്വന്തം മക്കള്‍ക്ക് തെറ്റ് പറ്റില്ല എന്ന് ഏതൊരു മാതാപിതാക്കളും ചിന്തിക്കുന്നതു പോലെ അവരും ചിന്തിച്ചു..അതു തന്നെയായിരുന്നു അവന്‍റെ ആതിരയുടെ കാര്യത്തിലും സംഭവിച്ചത്..!!
എന്താഗ്രഹിച്ചാലും നിമിഷനേരങ്ങള്‍ക്കുള്ളില്‍ അവളുടേ കൈവെള്ളയില്‍ വെച്ചുകൊടുക്കാന്‍ അച്ഛനും ഹരിയും തമ്മില്‍ മത്സരമായിരുന്നു.
പ്ലസ് റ്റു കഴിയുന്നതു വരെ അവള്‍ക്ക് എന്തിനും ഏതിനും ഹരിയേട്ടന്‍ മതിയായിരുന്നു. അമ്മ എന്തിനെങ്കിലും ശാസിക്കാന്‍ തുടങ്ങുമ്പോള്‍ ഹരി വഴക്കു പറഞ്ഞിരുന്നത് അമ്മയെയായിരുന്നു .
“അവള്‍ കൊച്ചു കുട്ടിയല്ലേ അമ്മേ..എന്തിനാ വഴക്കു പറയുന്നെ..?”അവളെ ചേര്‍ത്തു പിടിച്ചുകൊണ്ട് ഹരിയത് പറയുമ്പോള്‍ അവള്‍ക്കും ആവേശം കൂടുമായിരുന്നു.
“പറഞ്ഞു കൊടുക്ക് ഹരിയേട്ടാ... അമ്മയുടേ വിചാരം ഞാന്‍ കെട്ടിക്കാനായ വെല്യ പെണ്ണാന്നാ...!!”
“ ഹരീ.. നീ അവളെ കൊഞ്ചിച്ച് വഷളാക്കല്ലേട്ടോ..” അമ്മ ഹരിക്കെപ്പോഴും മുന്നറിയിപ്പു കൊടുത്തിരുന്നു.
പക്ഷേ..അവളുടെ സ്നേഹത്തീലും നിഷ്കളങ്കതയിലും ഹരിക്ക് പൂര്‍ണ്ണവിശ്വാസമായിരുന്നു.
തന്‍റെ കുട്ടി തെറ്റ് ചെയ്യില്ലാന്ന വിശ്വാസം..
നല്ല മാര്‍ക്കോടു കൂടി പ്ലസ് റ്റൂ ജയിച്ചു. ഡിഗ്രിക്ക് സീറ്റ് കിട്ടിയത് ടൌണിലുള്ള കോളേജിലായിരുന്നു.
ഒരുപാട് ദൂരം യാത്ര ചെയ്യാനുള്ളതുകൊണ്ട് വീട്ടില്‍ വന്നാല്‍ പഠിക്കാന്‍ നേരം കിട്ടില്ലാന്നും.. അതുകൊണ്ട്
ഹോസ്റ്റലിലാക്കാമെന്ന് പറഞ്ഞത് അച്ഛനായിരുന്നു .എപ്പോഴും യാത്ര ചെയ്താല്‍ കുട്ടി ക്ഷീണിക്കുമത്രെ..
പോകുന്നതിനു മുന്നേ അച്ഛന്‍ ഒരു നിബന്ധന വെച്ചിരുന്നു..
എല്ലാ വെള്ളിയാഴ്ചയും ഇരുട്ടുന്നതിനു മുന്നേ വീട്ടിലെത്തിയിരിക്കണം തിങ്കളാഴ്ച രാവിലെ തിരിച്ചും പോകാം.
ഹരി തന്നെയായിരുന്നു ആദ്യായി അവളെ കോളേജിലേക്ക് കൊണ്ടു ചെന്നാക്കിയത്. ക്ലാസ്സ് കഴിയുന്നതു വരെ കോളേജിന്‍റെ ഒഴിഞ്ഞ മൂലയില്‍ അവളെയും കാത്ത് അവനിരുന്നു.
“ഹരിയേട്ടാ...“ ക്ലാസ് കഴിഞ്ഞതും ഹരിയിരിക്കുന്ന സ്ഥലത്തേക്ക് അവളോടിയെത്തി.
“ഇനി ഹോസ്റ്റലിലെക്ക് പോകണം അല്ലേ ഹരിയേട്ടാ...“അതു പറയുമ്പോള്‍ അവളുടെ കണ്ണു നിറഞ്ഞിരുന്നു.
‘എനിക്കു വീട്ടില്‍ പോയാല്‍ മതിയേട്ടാ.. ഞാന്‍ ദിവസം വന്നു പോയ്ക്കോളാം ... എനിക്ക് ക്ഷീണമൊന്നുമുണ്ടാവില്ല....“
അവള്‍ ഇടറിയ ശബ്ദത്തില്‍ പറയുന്നുണ്ടായിരുന്നു.
“എന്‍റെ മോള്‍ ഒരാഴ്ച നിന്നു നോക്ക്.. പറ്റില്ലാച്ചാല്‍ ഈ ഏട്ടന്‍ തന്നെ വന്നു കൊണ്ടുപൊയ്ക്കോളാം..”മനസിലെ വിഷമം മറച്ചു വെച്ച് ഹരി അത്രയും പറഞ്ഞൊപ്പിച്ചു.
ആ ഒരു വാക്കിന്മേലുള്ള ആശ്വാസത്തിന്‍റെ പേരിലായിരുന്നു അവള്‍ ഹോസ്റ്റലില്‍ നിന്നത്.
ഹരിക്കൊരു ദിവസം പോലും അവളുടെ സംസാരം കേള്‍ക്കാതിരിക്കാന്‍ കഴിയില്ലായിരുന്നു. മനസ്സില്‍ ആ മുഖം തെളിയുമ്പോള്‍ നേരെ അവളുടെ നമ്പറിലേക്ക് വിളിക്കും.അവള്‍ക്കും അതൊരു സന്തോഷമായിരുന്നു. ഹോസ്റ്റലിലും കോളേജിലും നടക്കുന്നാ ഓരോ വിശേഷങ്ങളും അവള്‍ വായ് തോരാതെ പറഞ്ഞുകൊണ്ടേയിരിക്കും.
ഹോസ്റ്റല്‍ ലൈഫ് ഇഷ്ടപ്പെട്ടു തുടങ്ങിയെന്ന് അവളുടെ വാക്കില്‍ നിന്നും ഹരിക്ക് മനസ്സിലായി.
രണ്ടാം വര്‍ഷ ഡിഗ്രിക്ക് പോയ്തുടങ്ങിയപ്പോഴായിരുന്നു അവളൊരാഗ്രഹം പറഞ്ഞത്..
“ഏട്ടാ എനിക്ക് പ്രോജക്റ്റ് വര്‍ക്കുണ്ട്..എല്ലാവരുടേം കയ്യില്‍ ലാപ്ടോപ്പും.. നെറ്റ് കണക്ഷനുമുണ്ട്..മോള്‍ മറ്റൊരു കുട്ടിയുടേ ലാപ്പിലിരുന്നാ നോട്ട്സൊക്കെ തയ്യാറാക്കുന്നത്.” അവള്‍ വിഷമത്തോട പറഞ്ഞു. എന്നിട്ടും അവള്‍ എനിക്കൊരു ലാപ്ടോപ്പ് വേണമെന്ന് പറഞ്ഞില്ല.
പിറ്റേ ദിവസം ഹരി പുതിയൊരു ലാപ്ടോപ്പുമായാണ് അവളെ കാണാന്‍ ചെന്നത്.
അവളെയും കൂട്ടി, അടുത്തുള്ള ഐഡിയ ഷോറൂമില്‍ കയറി ഒരു നെറ്റ്കണക്ഷനുമെടുത്തു കൊടുത്തു.
പിന്നിടുള്ള ദിവസങ്ങള്‍..ആദ്യമൊക്കെ വിളിക്കുമ്പോള്‍ വാ തോരാതെ സംസാരിച്ചിരുന്ന അവള്‍ പതിയെ പതിയെ
സംസാരം കുറച്ചു.. ചോദിക്കുമ്പോള്‍ പറയും..
“ഏട്ടാ ഒരു പാട് പഠിക്കാനുണ്ട്.. നോട്സ് തയ്യാറാക്കാനുണ്ട്..അതാട്ടോ..“
പിന്നെ അവനും വിളി കുറച്ചു.. കുട്ടിക്ക് പഠിക്കാനുള്ളതല്ലെ..അവളുടെ വരവ് ആഴ്ചയില്‍ നിന്നും മാസങ്ങളിലേക്ക് നീണ്ടപ്പോഴും ആര്‍ക്കും സംശയം തോന്നിയില്ല...
പിന്നെയും മാസങ്ങള്‍ കഴിഞ്ഞു..ഒരിക്കല്‍ അവധിക്കു വന്ന അവളുടെ മുഖം കണ്ട് വീട്ടിലുള്ള എല്ല്ലാവരും അമ്പരന്നു.
കണ്ണൊക്കെ കുഴിഞ്ഞു.. കണ്‍‍തടങ്ങളിലൊക്കെ കറുപ്പ് നിറഞ്ഞ്...ഒരു രൂപം..
വീട്ടില്‍ വന്നാലും ആരോടും മിണ്ടാട്ടാമില്ല..എന്തെങ്കിലും ചോദിച്ചാല്‍ ഒന്നോ രണ്ടോ വാക്കിലുള്ള മറുപടി.
കതകടച്ച് എപ്പോഴും മുറിയില്‍ തന്നെ. പാതിരാത്രിയായാലും അവളുടെ റൂമില്‍ മാത്രം വെളിച്ചമുണ്ടാകും.
അതിനിടയിലൊരു ദിവസം പൂന്തോട്ടത്തിലെ ചെടികള്‍ക്കിടയിലെ പുല്ലുകള്‍ പറിച്ചു മാറ്റുന്ന ഹരിയുടെ അടുത്തെക്ക് അവള്‍ വന്നു.
“ഏട്ടാ.... “ അവള്‍ പതിയെ ഹരിയെ വിളിച്ചു.
“എന്താ മോളെ..“ ചെയ്യുന്ന പണി അവിടെ നിര്‍ത്തിയിട്ട് ഹരി അവളുടെ അടുത്തെക്ക് ചെന്നു..
“ഒന്നൂലാ ഏട്ടാ..” അടുത്തു നീല്ക്കുന്ന റോസ്ചെടിയുടേ മുള്‍മുനയില്‍ വിരലമര്‍ത്തി ആ വേദനയില്‍ സ്വയം രസിച്ചു നിന്നുകൊണ്ട്
അവള്‍ പറഞ്ഞു.
“അല്ല എന്താ പറ്റിയെ എന്‍റെ കുട്ടിക്ക്...ഏട്ടനോട് പറ..” ഹരിയവളുടെ മുഖം കൈക്കുമ്പിളില്‍ പൊക്കിയെടുത്ത് ആ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
“ഞാനൊരു സ്വപ്നം കണ്ടു ഏട്ടാ..” അതും പറഞ്ഞുകൊണ്ടവള്‍ തുടര്‍ന്നു...
“ആരുമില്ലാത്ത ഒരു സ്ഥലത്ത് തനിയെ ഞാന്‍... എനിക്കെന്‍റെ ഏട്ടനെയും അമ്മയെയും അച്ഛനേയുമൊക്കെ കാണാന്‍ പറ്റുന്നുണ്ട്..
പക്ഷേ തൊട്ടടുത്ത് നിന്നിട്ടൂം എന്നെ നിങ്ങളാരും കാണുന്നില്ല....തൊട്ടരികില്‍ നിന്നിട്ടും എന്‍റേട്ടനെ എനിക്കൊന്ന് തൊടാന്‍ കഴിയാത്തത് പോലെ” അതും പറഞ്ഞിട്ടവള്‍ പൊട്ടിക്കരഞ്ഞു.
“എന്താ മോളേ ഇത്... കരയല്ലെ ..വേണ്ടാത്ത ചിന്തകള്‍ മനസ്സില്‍ കയറ്റി വെച്ചിട്ടാ ഈ ദുഃസ്വപ്നങ്ങള്‍ കാണുന്നത്..“
അവളുടേ നിറഞ്ഞ മിഴികള്‍ കൈവിരലുകള്‍ കൊണ്ട് തുടച്ച് ...അവളെ സ്വന്തം നെഞ്ചോട് ചേര്‍ത്തു പറയുമ്പോള്‍
അവന്‍റെ മിഴികളും നിറഞ്ഞിരുന്നു.
പിറ്റേ ദിവസം കുളിക്കാനായ് ആതിര പുറത്തേക്ക് പോയപ്പോഴായിരുന്നു ഹരിയവളുടെ റൂമിലേക്ക് അയേണ്‍ ബോക്സ് എടുക്കാനായ് ചെന്നത്.ടേബിളില്‍ നിന്നും അയേണ്‍ ബോക്സ് എടുത്ത് മടങ്ങുമ്പോള്‍ ലാപ്ടോപ്പിലെ സ്ക്രീന്‍സേവറില്‍ മിന്നി മറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സുന്ദരനായ ചെറുപ്പക്കാരന്‍റെ ചിത്രം ഹരി കണ്ടത്. മെല്ലെ കീപേഡിലൊന്നു ടച്ച് ചെയ്തപ്പോള്‍ ഫെയ്സ്ബുക്ക് എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിന്‍റെ മെസേജ് വിന്ഡോ ഓപ്പണായി വന്നു. അതിലെ അവസാന മെസേജ് അവന്റ്റെ മിഴികള്‍ക്കു മുന്നില്‍ എപ്പോഴും ഒരു പകല്‍ചിത്രം പോലെ തെളിയും
Deepak
December 11 at 7.30am
സോറി ആതിരാ...എനിക്കീ സോഷ്യല്‍ നെറ്റ്വര്ക്കുകള്‍
ഒരു പൂന്തോട്ടമാണ്.ഞാനൊരു വണ്ടും... പൂക്കള്‍ കണ്ടാല്‍
അതിനെ തിരഞ്ഞ് ചെന്ന് തേന്‍ കുടിക്കുക എന്നത് എന്‍റെ സ്വഭാവമാണ്..
അതുപോലെയൊരു പൂവായിരുന്നു ആതിരയും..ഇനിയും ആതിരയെ പോലെ
ഒരുപാടു പൂക്കള്‍ ഈ പൂന്തോട്ടത്തില്‍ വിരിയും. അവയുടെ തേന്‍ നുകരാനായ്
ഞാന്‍ പാറിയെത്തും..നമ്മള്‍ ഇത്രയും നാള്‍ പങ്കുവെച്ചതെല്ലാം ഒരു തമാശയായ് കാണണം.
ഞാന്‍ തന്ന എന്‍റെ എല്ലാ ഡീറ്റയിത്സും തെറ്റാണ്..ഞാനൊഴിച്ച്..
ആ ഫോണ്‍ നമ്പര്‍ പോലും എന്‍റേതല്ല....
ഇനി എന്നെ അന്വെഷിക്കേണ്ടാ... നമ്മളിനി ഒരിക്കലും കാണുകയുമില്ല..!
ഗുഡ് ബൈ ഫോറെവെര്‍.
ദീപക്.
അല്പസമയത്തേക്ക് ഒന്ന് അനങ്ങാന്‍ പോലുമാവാതെ അവനവിടേ നിന്നു.പെട്ടെന്ന് മനസ്സിലിരച്ചു കയറിയ ദേഷ്യം മുഴുവനും വാക്കുകളായ് വലിയശബ്ദത്തില്‍ പുറത്തേക്ക് വന്നു..
‘’ആതിരേഏഏ..............!“
“അമ്മേ.. ആതിരയെവിടെ..?”ദേഷ്യം കൊണ്ടു വിറക്കുകയായിരുന്നു ഹരി‍..
“എന്തു പറ്റിയെടാ...?ആദ്യമായ് അവന്‍റെ ശബ്ദം ഉയര്‍ന്നപ്പോള്‍ അമ്മയും ഭയന്നുപോയി.
“അവള്‍ മണിക്കൂറൊന്നായ് കുളിക്കാന്‍ പോയിട്ട് ഇതുവരെ അവിടെ നിന്നിറങ്ങിയിട്ടില്ല...“
അമ്മ പറഞ്ഞതു മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ ഹരി കുളിമുറിയുടെ അടുത്തേക്ക് ഓടിച്ചെന്നു..കതകില്‍ ആഞ്ഞടിച്ചു..
ശബ്ദം കേട്ടിട്ടാവണം അമ്മയും വന്നു. അകത്തു നിന്ന് പ്രതികരണമില്ലാതായാപ്പോള്‍ ഹരിയുടെ മനസ്സിലെ ദേഷ്യം ..
പേടിയിലേക്ക് കടന്നു...ഉള്ള ശക്തിയൂമെടുത്തവന്‍ കതക് ചവിട്ടിത്തുറന്നു.
അവിടെ കണ്ട കാഴ്ച അവന്‍റെ ഹൃദയം തകര്‍ത്തു...
ഒന്നു രണ്ടൂ നിമിഷം ശ്വാസം പോലും വിടാന്‍ കഴിയാതെ അങ്ങിനെ തന്നെ അവനവിടെ നിന്നു.
പിന്നെ..രക്തത്തില്‍ കുളിച്ച് കിടന്ന തന്റ്റെ കുഞ്ഞു പെങ്ങളുടേ മേലേക്ക് ആര്‍ത്തലച്ചു കൊണ്ടവന്‍ വീണു.
“മോളേ ...........“പിന്നെ എന്താണ് സംഭവിച്ചതെന്നറിയില്ല.
ഓര്‍മ്മ വരുമ്പോള്‍ തെക്കെ മുറ്റത്തൊരു ചിത ആളിക്കത്തുന്നുണ്ടായിരുന്നു.
“ഹരീ.....”അമ്മയുടെ വിളികേട്ട് അവന്‍ ചിന്തയില്‍ നിന്നുണര്‍ന്നു...!
മിഴികളില്‍ നിന്നൊഴുകിയെത്തിയ കണ്ണിര്‍ തുടച്ചു കൊണ്ടവന്‍ എഴുന്നേറ്റു..
പുറത്തപ്പോഴും മഴ* തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു..
ഒരിക്കല്‍ മാത്രം അവന്‍റെ മുന്നില്‍ പൊട്ടിക്കരഞ്ഞ കുഞ്ഞനിയത്തിയുടെ
ഒരിക്കലും തോരാത്ത കണ്ണീരായ്........!!!!!!!!!!!!!

Wednesday, 2 February 2011

അത്രമേലിഷ്ടമാണെനിക്ക് നിന്നെ….. നിന്നെ മാത്രം



നീ, ഇരുണ്ടുകൂടിയ മേഘങ്ങള്‍ക്കിടയില്‍
വീര്‍പ്പു മുട്ടുമ്പോള്‍ എന്‍റെ മിഴികള്‍
നിന്നെ പൊതിഞ്ഞു വെച്ചിരിക്കുന്ന
മേഘകൂടുകളെ ശപിക്കുമായിരുന്നു.....

നീ, വരണ്ടുണങ്ങിയ ഭൂമിതന്‍ മാറില്‍
തുള്ളികളായ് ഉതിര്‍ന്നു വിഴുമ്പോള്‍
വായുവില്‍ നിറയുന്ന പുതുമണം
മനസ്സിന് നിര്‍വൃതിയേകുമായിരുന്നു.....

നീ, തകര്‍ത്തു പെയ്യാന്‍ തുടങ്ങുമ്പോള്‍
നനഞ്ഞു കുതിര്‍ന്ന മണ്‍തരികളില്‍ നിന്നും
ഏതോ മധുരതരമാം സംഗീതം എന്‍റെ
കാതുകളില്‍ അലയടിക്കുമായിരുന്നു.....

നീ, വിഷാദമാര്‍ന്ന എന്‍റെ മനസ്സിന്‍റെ
തന്ത്രികളില്‍ നനുത്ത വിരല്‍ സ്പര്‍ശത്താല്‍
പുതുരാഗമുണര്‍ത്തുമ്പോള്‍ വെറുതെയെങ്കിലും
നിന്നിലലിഞ്ഞു ചേരാന്‍ മോഹിക്കുമായിരുന്നു.....

നീ, മുറ്റത്തെ മൂവാണ്ടന്‍ മാവിന്‍റെ
ചില്ലകളില്‍ നിന്നും അടര്‍ന്നു വിഴുമ്പോള്‍
തുറന്നിട്ട ജാലക വാതിലിനുമിപ്പുറം എന്‍റെ
മിഴികള്‍ക്ക് കുളിര്‍മ്മയേകുമായിരുന്നു.....

നീ, വിടപറഞ്ഞു പോകുമ്പോള്‍ ഒരു കള്ള-
ചിരിയോടെ ആകാശത്ത് നിന്നും ഏതോ
വിജയിയെ പോലെ എന്നെ നോക്കിച്ചിരിക്കുന്ന
സൂര്യനെ ഞാന്‍ വെറുക്കുമായിരുന്നു.....

കാരണം അത്രമേലിഷ്ടമാണെനിക്ക് നിന്നെ…..
നിന്നെ മാത്രം......

Saturday, 29 January 2011

അനാഥന്‍ ........!!




പിറവിക്കുമുന്നെ ഞാനും നിങ്ങളെ പോലെ
ഒരമ്മതന്‍ ഉദരത്തില്‍ വളര്‍ന്നവന്‍
ജന്മശാപമോ, അമ്മതന്‍ കൈപിഴയോ
എന്നെയീ തെരുവിന്റെ പുത്രനാക്കി.
വളരാന്‍ അനന്തമായ ആകാശവും
തലചായ്ക്കാന്‍ നീളന്‍ പീടികതിണ്ണകളും
മലര്‍മെത്തവിരിക്കാന്‍ കീറച്ചാക്കുകളും
എനിക്കായ് സമ്മാനിച്ചു വിധി.
മകരമാസത്തിന്‍ മരം കോച്ചും തണുപ്പിലും
വിറകൊള്ളും തുലാവര്‍ഷ പേമാരിയിലും
കരിമ്പടം പോലെ മേനിയില്‍ ചൂടേകുവാന്‍
എനിക്കായ് ജിമ്മിയെ* തന്നു വിധി.
കരയുന്ന വയറിന് ആശ്വാസമേകുവാന്‍
എച്ചില്‍ കൂനകളില്‍ അന്നം തിരഞ്ഞൂ ഞാന്‍.
കൈനീട്ടി ചെന്നൊരു നാണയത്തുട്ടിനായ്
പിടിച്ചു തള്ളിയറപ്പോടേ ദൂരേക്കാരോ.
കോണ്‍ക്രീറ്റ് പാകിയ വീഥിയില്‍ വീണു
ഭീതിയോടെ നോക്കി ഞാനാ മനുഷ്യനെ.
കിനിയുന്ന രക്തം മറുകയ്യാല്‍ തുടച്ചു
നീങ്ങുന്നു മറ്റൊരാളിന്‍ ചാരത്തെക്ക്.
വിശപ്പിന്റെ വേദനയെല്ലാം മറയ്ക്കുമ്പോള്‍
നീറുമീ മുറിവില്‍ നോക്കിയെന്തിനു വിലപിക്കണം.
എങ്കിലുമൊരുമാത്ര ചിന്തിച്ചു പോകുന്നു
ഇവരിലൊരാളാവാം എനിക്കീ ജന്മം തന്നത്.
കുളിരുള്ള രാത്രിയിലെ നൈമിഷിക സുഖത്തിന്
വെറുക്കപെട്ടൊരു ജന്മം ദാനമായ് തന്നവന്‍ .



* തെരുവു നായ.