മഴ* മന്ത്രങ്ങള്‍ .....!!! ഇത് എന്‍റെ മാത്രം പ്രയത്നമല്ല.......!!! ഒരുപാട് നല്ല കൂട്ടുകാരുടെ നിസ്വാര്‍ത്ഥമായ സ്നേഹമുണ്ട് ഇതില്‍ .....!! ഇവിടെ കാണുന്ന മഴമന്ത്രങ്ങളിലെ വരികളിലൂടെ മാത്രമേ നിങ്ങള്‍ക്കെന്നെ കാണാന്‍ കഴിയൂ.......!!!അതിനുമപ്പുറം.....!! ഈ ബ്ലോഗ് എനിക്ക് വേണ്ടി ഡിസൈന്‍ ചെയ്തു തന്ന ജുനു എന്ന ജുനൈദ്...!! എന്‍റെ രചനകള്‍ ചിത്രങ്ങളിലേക്ക് പകര്‍ത്തി.. ആ വരികള്‍ക്ക് മിഴിവേകി തന്ന എന്‍റെ പ്രിയതുള്ളികളായ നാഷ്, ജുനു, സ്നേഹ (ഷേയ), റൈമു, സുഷിന്‍, നാസ്........!!! ഒരു മടിയനായ എന്നെ എഴുതാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കുകയും,സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുകയും ചെയ്ത/ചെയ്തുകൊണ്ടിരിക്കുന്ന .. സന്നു (ദീദി), സ്നേഹ, മിനി, നാഷ്, ജുനു, ഹരിക്കുട്ടന്‍ & ചന്ത്വേട്ടന്‍ ...!!! ചിത്രങ്ങള്‍ അയച്ചു തന്നു സ്നേഹം പങ്കുവെച്ച എന്‍റെ പ്രിയ കൂട്ടുകാരന്‍ ഷാജഹാന്‍ നന്മണ്ടന്‍ ....!! എല്ലാവരോടും ഞാന്‍ നന്ദി പറയുന്നില്ല... കാരണം... നന്ദി പറഞ്ഞാല്‍ അതോടു കൂടി ആ പ്രയത്നങ്ങളുടെ ഫലം തീര്‍ന്നു പോയേക്കാം....!! അതുകൊണ്ട്.. ഒരിക്കലും മായാതെ..എന്നുമെന്നും മനസ്സിനുള്ളില്‍ ഈ കടപ്പാട് ഞാന്‍ സൂക്ഷിച്ച് വെക്കുന്നു........!!

Wednesday, 23 March 2011

ഞാന്‍ പഠിച്ച ചങ്ങമ്പുഴ… ഞാനിഷ്ടപ്പെടുന്ന ചങ്ങമ്പുഴ..!
മലയാള സാഹിത്യലോകം എന്താണെന്നറിയുന്നതിനു മുമ്പേ തന്നെ പല വരികളും മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചിട്ടുണ്ട്..!
ബാല്യം മുതലേ…. എന്നു വെച്ചാല്‍ സ്കൂളില്‍ പദ്യം പഠിച്ചു തുടങ്ങിയ നാള്‍ മുതല്‍ അവ ഈണത്തില്‍ ചൊല്ലി നടക്കുന്നതൊരു ശീലമായിരുന്നു.
പഠിക്കുന്ന കാലത്ത് ആകെ ഇഷ്ടമുണ്ടായിരുന്നതും ഇതു തന്നെയായിരുന്നു……! വര്‍ഷങ്ങളേറേ കഴിഞ്ഞിട്ടും ഒരുപാട് വരികള്‍ മനസ്സിലിപ്പോഴും മായാതെ നില്‍ക്കുന്നതും അതുകൊണ്ടു തന്നെയാവാം…. കവിതയെഴുതുന്ന ഏതൊരു കവിയെയും ഇഷ്ടമാണ്..  വീണപൂവിന്‍റെ ഉയര്‍ച്ചയും വീഴ്ചയും വേദനയും മനോഹരമായി പകര്‍ത്തി വെച്ച.. മഹാകാവ്യം എഴുതാതെ മഹാകവിയായ കുമാരനാശാന്‍, “മാമ്പഴം“ എഴുതി മനസ്സു കരയിപ്പിച്ച വൈലോപ്പിള്ളി, “യുവതിയായ ഭ്രാന്തിയുടേ ചേഷ്ഠകളെ“ രാത്രിമഴയോടുപമിച്ച്, ചിന്തിപ്പിച്ച സുഗതകുമാരി. “അമ്മേ വരൂ വരൂ വെക്കം വെളിയിലേയ്ക്കല്ലെങ്കിലീ മഴ തോര്‍ന്നു പോമേ…“ എന്നു അമ്മയോട് വിളിച്ചു പറയുന്ന കുട്ടിയില്‍ എന്നെ തന്നെ കാണിച്ചു തന്ന ബാലാമണിയമ്മ, “ഓര്‍മ്മകളുടെ തീരത്തേക്ക് ഒരിക്കല്‍ കൂടെ തിരികെയെത്താന്‍  മോഹിക്കുന്ന കവിയോടൊപ്പം വായനക്കാരനേയും കൊണ്ടുപോകുന്ന നമ്മുടെയെല്ലാം പ്രിയ കവി ഓ എന്‍ വി.
അങ്ങിനെ എത്രയെത്ര വരികള്‍ മനസ്സിന്‍റെയുള്ളില്‍ മങ്ങാതെ മായാതെ കിടക്കുന്നു… വായനക്കാരന്‍റെ ഹൃദയത്തിലേക്ക് വരികള്‍ കൊത്തിവെക്കാന്‍ കഴിവുള്ള കവികളൊരുപാടുണ്ടായിരുന്നു നമുക്ക്. കാലഘട്ടങ്ങളായ് പറയുകയാണെങ്കില്‍ എഴുത്തച്ഛന്‍, ചെറുശേരി, കുഞ്ചന്‍ നമ്പ്യാരില്‍ നിന്നു തുടങ്ങി… ആശാന്‍ ഉള്ളൂര്‍ വള്ളത്തോളിലൂടെ ആധൂനിക കവികളായ ഓ എന്‍ വി, വയലാര്‍, സുഗതകുമാരി,ബാലചന്ദ്രന്‍ ചൂള്ളിക്കാട്, മധുസൂദനന്‍ നായര്‍ ..പട്ടിക നീണ്ടു കൊണ്ടേയിരിക്കും .. അവസാനമില്ലാതെ..! എങ്കിലും ഇഷ്ടപ്പെട്ട എഴുത്തുകാരന്‍, കവി, എന്നൊക്കെ ആരെങ്കിലും ചോദിച്ചാല്‍ മനസ്സിലേക്കോടിയെത്തുന്നത്. തിങ്ങി വിങ്ങി നില്‍ക്കുന്ന മലരണിക്കാടുകളും..നിറഞ്ഞു നില്‍ക്കുന്ന മരതകാന്തിയൂം.മനസ്സും , മിഴിയും, കരളും കവര്‍ന്ന, കറയില്ലാത്തൊരു ഗ്രാമഭംഗി വരികളിലൂടെ പകര്‍ത്തി വെച്ച ചങ്ങമ്പുഴ തന്നെയാണ്..!! ഏത് കാലഘട്ടത്തിനും അനുരൂപനായ കവിയേതെന്നു ചോദിച്ചാല്‍ ഒരു പേരെ മനസ്സില്‍ ഉയര്‍ന്നു വരാറുള്ളൂ. അതു ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന നമ്മുടെ രമണീയനായ കവിയല്ലാതെ മറ്റാരുമല്ല.
1911, ഒക്ടോബര്‍ 11നാണ്, മലയാളികളുടെ ജനപ്രിയ കവിയായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജനനം, വളരെ ചെറുപ്പത്തില്‍ തന്നെ എല്ലാവരാലും ആരാധിക്കപ്പെട്ട ഒരു കവി മാത്രമായിരുന്നില്ല അദ്ദേഹം.അതിനുമുപരി ഒരു മനുഷ്യസ്നേഹി, വിപ്ലവകാരി, പ്രണയമഴ അക്ഷരങ്ങളിലൂടെ പെയ്തൊഴിച്ച പ്രേമഗന്ധര്‍വ്വന്‍, അങ്ങിനെ പല വിശേഷണങ്ങള്‍ക്കും അര്‍ഹനാണ്. സ്വന്തം കവിത തന്നെ ബിരുദാനന്തര ബിരുദത്തിന് അദ്ദേഹം പഠിക്കേണ്ടി വന്നു എന്നു ചെറുപ്പത്തില്‍, ഏതോ മലയാളം അദ്ധ്യാപകന്‍ പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയിരുന്നു അന്ന്, പില്‍ക്കാലത്ത് അറിഞ്ഞു അത് സത്യമല്ലായിരുന്നുവെന്ന് , എങ്കിലും അദ്ദേഹത്തിന് അതിനുള്ള അര്‍ഹതയുണ്ടെന്ന് മനസ്സിപ്പോഴും പറയുന്നുണ്ട്.
ചങ്ങമ്പുഴയുടെ കവിതകളുടെ പ്രത്യേകതയെന്തെന്നു പറഞ്ഞാല്‍,സൂര്യനു താഴെയുള്ള എന്തും വളരെ ലളിതമായ രീതിയില്‍, താളാത്മകമായി..
സംഗീതമെന്തെന്നറിയാത്ത കൊച്ചു കുട്ടികള്ക്കു പോലും ഈണത്തില്‍ ചൊല്ലാനുള്ള സുഖകരമായ വാക്കുകളുടെയും വരികളുടെയും സമന്വയമായിരിക്കും. ആന്തരികമായ സംഗീതം അലിഞ്ഞു ചേര്‍ന്ന വരികള്‍. മണല്‍പ്പരപ്പിലൂടേയൊഴുകുന്ന പുഴപോലെയാണ് ചങ്ങമ്പുഴ കവിതകള്‍.അതിന്‍റെ ആഴവും തെളിമയും തടസ്സങ്ങളില്ലാതെയുള്ള ഒഴുക്കും കാണുന്നവന്‍റെ കണ്ണില്‍ തെളിയുന്നതുപോലെ തന്നെയാണ്, വായനക്കാരന്‍റെ മനസ്സില്‍ അദ്ദേഹത്തിന്‍റെ കവിതയും.
കൊച്ചിലേ.. അമ്മയുടേയും അമ്മുമ്മയുടേയും വായില്‍ നിന്നുതിര്‍ന്നു വീണ “കാനന ച്ഛായയില്‍ ആടുമേക്കാന്‍“ എന്നു തുടങ്ങുന്ന പ്രണയ-വിലാപ- കാവ്യം ഇന്നും മനസ്സില്‍ നിന്ന് മാഞ്ഞൂപോകാന്‍ കഴിയാത്തത്രയും അതിലൊളിച്ചിരിക്കുന്ന മാസ്മരികത എന്താണെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഒരേയൊരു ഉത്തരമേ മനസ്സില്‍ വരുന്നുള്ളൂ… മഴ ഇഷ്ടപ്പെടുന്ന ഒരുവന് മഴയുടെ വിവിധ ഭാവങ്ങള്‍ പറഞ്ഞു ഫലിപ്പിക്കാന്‍ കഴിഞ്ഞെന്നു വരില്ല.പക്ഷേ അനുഭവിക്കനും നനയാനും ആസ്വദിക്കാനുമൊന്നും അവനോട് ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല.. ചില കാര്യങ്ങളങ്ങനെയാണ്.. വാക്കുകളില്‍ പറയാന്‍ കഴിയാത്ത പദങ്ങള്‍ക്ക് വ്യാകരണങ്ങള്‍ ചികയേണ്ട കാര്യമുണ്ടോ..?അതങ്ങിനെ മനസ്സില്‍ നിറഞ്ഞു നില്‍ക്കട്ടേ.. ഒരിക്കലും മായാത്താ ഒരു സുഖകരമായ അനുഭൂതിയായ്…കാലമെത്ര മുന്നോട്ട് പോയാലും.. പുറകോട്ട് സഞ്ചരിച്ചാലും രമണനോളം ജനപ്രീതി വേറൊരു സൃഷ്ടിക്ക് കിട്ടുമോ എന്ന് സംശയമാണ്..!അതിലെ വരികള്‍ ഇന്നും മലയാളികളുടെ വായില്‍ നിന്നുതിര്‍ന്നു വീഴുന്നതു തന്നെയാണ് അതിന്‍റെ മഹത്വം.
ഹൈസ്ക്കൂള്‍ കാലഘട്ടത്തിലാണ് ഞാന്‍ ഗ്രാമഭംഗി എന്ന  കവിത വായിച്ചു പഠിക്കുന്നത്. “മലരണിക്കാടുകള്‍ തിങ്ങി വിങ്ങി മരതകകാന്തിയില്‍ മുങ്ങി മുങ്ങി” എന്നു തുടങ്ങുന്ന വരികള്‍ വീട്ടിനകത്തും പുറത്തുമായ് ഉറക്കെ ,പാടാനറിയില്ലെങ്കിലും, എന്‍റേതായ ഒരു താളത്തില്‍ പാടി നടക്കാറുണ്ടായിരുന്നു. ചങ്ങമ്പുഴ കവിതകള്‍ വെറുതെ പറയാന്‍ തുടങ്ങിയാലും ഒരു ഈണം നമ്മളറിയാതെ സ്വയം വന്നു ചേരും. ഇതെന്‍റെ അനുഭവമാണ്.അത്രമേല്‍ സുന്ദരമാണ് അതിലെ വാക്കുകളും..വരികളും..! “ കനകചിലങ്ക കിലുങ്ങി കിലുങ്ങി കാഞ്ചന കാഞ്ചി കുലുങ്ങി കുലുങ്ങി..കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി, കതിരുതി പൂപുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി”എന്ന മധുരമായ വരികളിലൂടെ കാവ്യനര്‍ത്തകിയും… എന്‍റെ സ്കൂള്‍ കാലഘട്ടം പിന്നിട്ട് വര്‍ഷങ്ങളേറെയായിട്ടും, ഇന്നും മനസ്സിന്‍റെ ചിമിഴിനുള്ളില്‍ ക്ലാവ് പിടിക്കാതെ നില്‍ക്കുന്നത്  ആ വരികളുടെ തെളിമയും, താളവും,ലാളിത്യവും കൊണ്ടല്ലാതെ മറ്റെന്തു കൊണ്ടാണ്..?
പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു എന്‍റെ ഒരു കൂട്ടുകാരന്‍ മലയാളം നോട്ട് ബുക്കില്‍ രണ്ടു വരി എഴുതി വെച്ചത്.
“ ചപലവ്യാമോഹങ്ങളാനയിക്കും
ചതിയില്‍ പ്പെടാന്‍ ഞാനൊരുക്കമില്ല.“
അന്നെനിക്കറിയില്ലായിരുന്നു രമണനും മദനനനും തമ്മിലുള്ള സംഭാഷണത്തില്‍ നിന്നും എടുത്ത വരികളായിരുന്നുവെന്ന്.പിന്നീട് ആ കൂട്ടുകാരന്‍ തന്നെയാണെന്നോട് പറഞ്ഞത്, അതു രമണനിലെ വരികളാണെന്ന്..കുറച്ച്  നാളുകള്‍ക്ക് ശേഷം അവന്‍റെ വൃത്തിയുള്ള കയ്യക്ഷരങ്ങളാല്‍ പകര്‍ത്തി വെച്ച രമണന്‍ എനിക്കായ് വായിക്കാന്‍ തന്നു.പഠിക്കാനുള്ള പദ്യങ്ങളൊഴിച്ച്, ആദ്യമായ്  ഒരു കവിത മുഴുവനായ് വായിച്ചതും അതു തന്നെയായിരുന്നു.
ആത്മസുഹൃത്തും , കവിയുമായ ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ആത്മഹത്യയില്‍ മനം നൊന്തായിരുന്നു ചങ്ങമ്പുഴ “രമണന്‍“ എന്ന ഒരിക്കലും മരിക്കാത്ത കവിതയെഴുതുന്നത്. ചിലതെല്ലാം നഷ്ടപ്പെടുമ്പോഴല്ലേ  മറ്റു ചിലതെല്ലാം നമുക്ക് നേടാന്‍ കഴിയൂ….!
അതിനുമേറെ കാലങ്ങള്‍ക്ക് ശേഷമാണ് വാഴക്കുല വായിക്കുന്നത്, അന്നു വരെ വായിച്ച സുഖ-സുന്ദര-പ്രണയ-പ്രകൃതി രമണീയമായ കവിതകള്‍ക്കപ്പുറമുള്ള ഒരു വ്യത്യസ്ഥ കവിതയായിരുന്നു വാഴക്കുല.. അരപട്ടിണിക്കാരന്‍റെ സ്വപ്നങ്ങളും, ദുഃഖങ്ങളും, മേലാളാന്മാരുടെ മേല്‍ക്കോയ്മയും പീഢനവുമെല്ലാം വരച്ചു കാണിക്കുന്ന കവിത. ഒരു പുലയന്‍റെയും അവന്റ്റെ കുടുംബത്തിന്‍റെയും അവസ്ഥയെ വെറുമൊരു വാഴത്തയ്യിലൂടെ നട്ട്,കുല മുളപ്പിച്ച്, സ്വപ്നം നെയ്ത്, അരപട്ടിണിയായ മക്കള്‍ക്ക് സമ്മാനമായ് കൊടുക്കാന്‍ കൊതിച്ച്, അവസാനം മേലാളന് അടിയറ വെക്കേണ്ടിവന്ന പതിതന്‍റെ നിസ്സഹായതക്കൊടുവില്‍, “ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരോ,നിങ്ങള്‍ തന്‍ പിന്മുറക്കാര്‍?.“ കവിയുടെ വിപ്ലവചിന്തകള്‍ നിസ്സഹായനായ പുലയന്‍റെ വാക്കുകളിലൂടേ പുനര്‍ജ്ജനിക്കുമ്പോള്‍ വരാന്‍ പോകുന്ന കാലത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ കവി അല്ലെങ്കില്‍ ആ വിപ്ലവകാരി അവിടെ പകര്‍ത്തി വെക്കുകയായിരുനു. അതില്‍ തന്നെ ഉള്ളവന്‍റെയും ഇല്ലാത്തവന്‍റെയും അന്തരത്തെ കുറിച്ചും കവി പറയുന്നുമുണ്ട്.
“ഉടയോന്റെ മേട,ലുണ്ണികള്‍ പഞ്ചാര-
ച്ചുടുപാലടയുണ്ടുറങ്ങീടുമ്പോള്‍,
അവനുടെ കണ്മണിക്കുഞ്ഞുങ്ങള്‍ പട്ടിണി-
യ്ക്കലയണമുച്ചക്കൊടും വെയിലില്‍!
അവരുടെ തൊണ്ട നനക്കുവാനുള്ളതെ-
ന്തയലത്തെ മേട്ടിലെത്തോട്ടുവെള്ളം!“
പിന്നെയും മനസ്സില്‍ തട്ടുന്ന എത്രയോ വരികള്‍ മഹാനായ ആ കവി മലയാളികളുടെ മനസ്സില്‍ കൊത്തി വെച്ചു..!
“കപടലോകത്തിലാത്മാര്‍ത്ഥമായൊരു-
ഹൃദയമുണ്ടായതാണെന്‍ പരാജയം“
ഇത് സമൂഹത്തോടുള്ള കവിയുടെ പരിഭവമാണ്.സമൂഹത്തോടുള്ള പരിഭവം മാത്രമായിരുന്നില്ല എന്നു തോന്നുന്നു. അതിലൊരു സ്വയം വിമര്‍ശനവുമുണ്ടായിരിക്കാം.!ആ കാലഘട്ടത്തിലും ഈ കാലഘട്ടത്തിലും പ്രണയിതാക്കള്‍ അറിഞ്ഞും അറിയാതെയുമൊക്കെ ഉരുവിട്ടു കൊണ്ടിരിക്കുന്നത് തന്നിലെ വിശ്വാസ്യത തെളിയിക്കാനുള്ള ലളിതവും, സുന്ദരവുമായ ഈ വരികളിലൊളിഞ്ഞു കിടക്കുന്ന നിഷ്കളങ്കമായ മനസ്സിനെ കാണിച്ചു കൊടുക്കുവാനല്ലാതെ മറ്റെന്തിനാണ്..?
“അങ്കുശമില്ലാത്ത ചാപല്യമേ മണ്ണിലംഗനയെന്നു
വിളിക്കുന്നു നിന്നെ ഞാന്‍
നാരികള്‍, നാരികള്‍  വിശ്വവിപത്തിന്‍റെ
നാരായവേരുകള്‍ , നാരകീയാഗ്നികള്‍ “
എന്ന് സ്ത്രീകളെ പറ്റി എഴുതിയ ചങ്ങമ്പുഴ തന്നെയാണ് തുടര്‍ന്നു വരുന്ന വരികള്‍ ആ പൊന്‍‍തൂലികയിലൂടെ പകര്‍ത്തി വെച്ചതും
ജാതകദോഷം വന്നെന്തിന്നെന്‍
ജായാപദവി വരിച്ചൂ നീ?
പലപലരമണികള്‍ വന്നൂ, വന്നവര്‍
പണമെന്നോതിനടുങ്ങീ ഞാന്‍.
പലപലകമനികള്‍ വന്നൂ, വന്നവര്‍
പദവികള്‍ വാഴ്ത്തീ നടുങ്ങീ ഞാന്‍
കിന്നരകന്യകപോലെ ചിരിച്ചെന്‍
മുന്നില്‍ വിളങ്ങിയ നീ മാത്രം,
എന്നോടരുളി: ‘യെനിക്കവിടുത്തെ
പ്പൊന്നോടക്കുഴല്‍ മതിയല്ലോ!.
നിന്നുടെ പുല്ലാങ്കുഴലിതെനിക്കോരു
പൊന്നോടക്കുഴലാണല്ലോ!.
മനസ്വിനി എന്ന കവിതയില്‍ അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ കടന്നുവന്നിട്ടുള്ള പല സ്ത്രികളുടെയും സ്വഭാവ വൈചിത്ര്യങ്ങള്‍ വരച്ചു കാട്ടിയിരിക്കുന്നു. പലരും പണത്തിനും, പദവിക്കും വേണ്ടി പ്രണയം മോഹിച്ചു വന്നപ്പോഴും, കവിയുടെ കയ്യിലെ ഓടക്കുഴല്‍ മാത്രം മതിയെന്നു പറഞ്ഞ് ജീവിതത്തിലേക്ക് കടന്നു വന്ന മനസ്വിനിയെ എത്ര മനോഹരമായിട്ടാണ് അദ്ദേഹം പകര്‍ത്തി വെച്ചത്.
തീവ്രമായ അനുഭവങ്ങള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്‍റ്റെ കവിതക്ക് പ്രചോദനമെന്ന് വായിച്ചിട്ടുണ്ട്. പക്ഷേ..അതിനോടൊരിക്കലും യോജിക്കാന്‍ കഴിയില്ല.. അനുഭവങ്ങള്‍ മാത്രമല്ല..ഭാവനയും, സര്‍ഗ്ഗാത്മകതയും, സ്വപ്നങ്ങളും, വിപ്ലവ ചിന്തകളും,പ്രകൃതിയോടുള്ള അടങ്ങാത്ത അഭിനിവേശവും, പ്രണയിക്കാനും പ്രണയിക്കപ്പെടാനുള്ള ആഗ്രഹങ്ങളുമെല്ലാം തന്നെ  അദ്ദേഹത്തിന്റ്റെ കവിതകള്‍ക്ക് പ്രചോദനമായിട്ടുണ്ടെന്നു വിശ്വസിക്കാനാണെനിക്കിഷ്ടം.
ഒരു തരത്തില്‍ പറഞ്ഞാല്‍ സങ്കടങ്ങളെ ഇത്രയും വലിയൊരു സമ്പാദ്യമാക്കിയ മറ്റൊരു കവിയുണ്ടെന്നു തോന്നുന്നില്ല.. ഒരിക്കലെവിടെയോ വായിച്ചിട്ടുണ്ട് സഞ്ജയന്‍ എന്ന എഴുത്തുകാരന്‍റെ നൂറിലൊരംശം സങ്കടങ്ങള്‍ ഒരിക്കലും ചങ്ങമ്പുഴക്കുണ്ടായിരുന്നില്ലെന്ന്. പക്ഷേ.. സഞ്ജയന്‍ അക്ഷരങ്ങളിലൂടെ വായനക്കാരനെ ചിരിപ്പിക്കുകയാണ് ചെയ്തിരുന്നത്. ലളിതമായ വാക്കുകളെ ചാട്ടുളി പോലെ ഹൃദയത്തിലേക്ക് തുളച്ചു കയറ്റാനും.. മഴത്തുള്ളികള്‍ പോലെ പെയ്തിറക്കാനും.. മിഴിനീര്‍ത്തുള്ളികളുടെ കയ്പുരസം അനുഭവിപ്പിക്കുവാനുമെല്ലാം ചങ്ങമ്പുഴയെ പോലെ  അധികമാര്‍ക്കും കഴിഞ്ഞിരുന്നില്ല എന്നു തന്നെയാണ് വിശ്വാസം.
അക്കാലത്തെ നിരൂപകര്‍ക്കു മുന്നില്‍ പോലും ഒരാശ്ചര്യം ചിഹ്നം പോലെ പുഞ്ചിരിച്ചു നില്‍ക്കാന്‍ ചങ്ങമ്പുഴക്ക് കഴിഞ്ഞിരുന്നു. കാല്പനിക കവിയെന്നോ.. അകാല്പനിക കവിയെന്നോ..വിപ്ലവകവിയെന്നോ.. പ്രണയ കവിയെന്നോ ഏതു ചട്ടക്കൂടിനുള്ളിലൊതുക്കണമെന്നു പോലും കഴിയാതെ അമ്പരന്നു നില്‍ക്കാനെ അന്നത്തെ വിമര്‍ശകര്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ എന്ന് പറയുമ്പോള്‍ തന്നെ, മലയാളികളുടെ മനസ്സിലെ മഹാമേരുവെന്നല്ലാതെ വേറെ എന്ത് വിശേഷണമാണ് അദ്ദേഹത്തിനു ചേരുക..?
മലയാളം നിഘണ്ടുവിലെ കടുകട്ടി വാക്കുകള്‍ കൊണ്ട് കാവ്യങ്ങള്‍ രചിച്ച് പലരും ബുദ്ധിജീവികളുടെ മേലങ്കിയണിയാന്‍ ശ്രമിച്ചപ്പോള്‍  ലളിതമായ ഭാഷകൊണ്ടും, വരികള്‍കൊണ്ടും കവിതയെ സ്നേഹിക്കുന്നവരുടെയും സാധാരണക്കാരുടെയും മനസ്സില്‍ ചിരഞ്ജീവിയാകാന്‍
കഴിഞ്ഞത് ചങ്ങമ്പുഴയെന്ന കവിയുടെ മാത്രം പ്രത്യേകതയാണ്. വൃത്തങ്ങളിലോ, അലങ്കാരങ്ങളിലോ ഒരിക്കല്‍ പോലും ശ്രദ്ധിച്ചിരുന്നില്ലെന്ന് കവി തന്നെ പലയിടത്തും സൂചിപ്പിച്ചിട്ടുണ്ട്.
കവിതയിലൂടെ പിച്ച വെച്ചു നടക്കാന്‍ തുടങ്ങിയ നാള്‍ മുതല്‍ ചങ്ങമ്പുഴ എന്ന വ്യക്തി/കവി/വിപ്ലകാരി/പ്രേമഗായകന്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്. എത്ര വര്‍ണ്ണിച്ചാലും മതിവരാത്തത്ര,മനസ്സിലങ്ങിനെ ഉയര്ന്നു നില്‍ക്കുന്നു ആ സ്നേഹഗായകന്‍.
1948ല് ക്ഷയരോഗ ബാധിതനായി ചങ്ങമ്പുഴയുടെ ഭൌതികശരീരം നിശ്ചലമായെങ്കിലും അദ്ദേഹത്തിന്റ്റെ അസ്ഥിമാടം മലയാളികളുടെ മനസ്സില്‍ ഇപ്പോഴും സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു.
മഞ്ഞണിഞ്ഞു, മദാലസയായി
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോള്‍,
മന്ദമന്ദം പൊടിപ്പതായ്ക്കേള്ക്കാം
സ്പന്ദങ്ങളിക്കല്ലറയ്ക്കുള്ളില്‍!
പാട്ടുനിര്ത്തി, ച്ചിറകുമൊതുക്കി-
ക്കേട്ടിരിക്കുമതൊക്കെയും നിങ്ങള്‍,
അത്തുടിപ്പുകളൊന്നിച്ചുചേര്ന്നി-
ട്ടിത്തരമൊരു പല്ലവിയാകും:-
‘മണ്ണടിഞ്ഞു ഞാ, നെങ്കിലുമിന്നും
എന്നണുക്കളി, ലേവ, മോരോന്നും,
ത്വൽപ്രണയസ്മൃതികളുലാവി
സ്വപ്നനൃത്തങ്ങളാടുന്നു, ദേവി! …’
താദൃശോത്സവമുണ്ടോ, കഥിപ്പിന്‍
താരകളേ, നിങ്ങള്തന്‍ നാട്ടില്‍?
അതെ.. നക്ഷത്രങ്ങളുടെ ലോകത്ത് ഇന്നുമീ ജനപ്രിയ കവിയുടെ പുല്ല്ലാങ്കുഴല്‍ നാദം കേള്‍ക്കുന്നുണ്ടായിരിക്കും..അവിടെ നൃത്തം വെക്കാന്‍
പണവും പദവിയും മോഹിക്കാത്ത കാമിനിമാരുമുണ്ടായിരിക്കാം..!ചാപല്യമില്ലാത്ത മാലാഖമാരും..!!
ഹേ.. താരകളേ.. നിങ്ങളെത്ര ഭാഗ്യം ചെയ്തവര്‍.. മണ്ണില്‍ പിറന്നൊരു രമണീയ ഗായകന്റ്റെ സാമീപ്യം പോലും എത്ര മനോഹരം..
ഇന്നതു നിങ്ങള്‍ക്കു മാത്രം സ്വന്തം… ഞങ്ങള്‍ക്കോ മരിക്കാത്ത ആ പുല്ലാങ്കുഴല്‍ നാദവും…….!!
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍—————————————————————————————————————————–
* ആദ്യമായാണ് ഇങ്ങിനെയൊരു സാഹസത്തിന് മുതിരുന്നത്, ഒരുപാട് തെറ്റുകുറ്റങ്ങളുണ്ടാവാം..  ഒരു തുടക്കക്കാരന്‍റെ പരിചയമില്ലായ്മ എന്നു കരുതി
ഇതിലുണ്ടായിട്ടുള്ള തെറ്റുകുറ്റങ്ങള്‍ തുറന്നു പറയാനും തിരുത്തുവാനും എല്ലാവരും സഹായിക്കുമെന്ന് കരുതുന്നു.. ആരോഗ്യപരമായ എല്ലാ വിമര്‍ശനങ്ങളും
സ്വാഗതം ചെയ്യുന്നു…! നന്ദി.!
*ഇതുവരെ സ്വപ്നത്തില്‍ പോലും ചിന്തിക്കാതിരുന്ന കാര്യം ചെയ്യാന്‍ പ്രേരിപ്പിച്ച അരുണ്‍ ചൂള്ളിക്കലിനു പ്രത്യേക നന്ദി..!!

24 comments:

 1. "താരകളേ.. നിങ്ങളെത്ര ഭാഗ്യം ചെയ്തവര്‍.. മണ്ണില്‍ പിറന്നൊരു രമണീയ ഗായകന്റ്റെ സാമീപ്യം പോലും എത്ര മനോഹരം...."
  അതേ മനോഹരം തന്നെ , മനു.....
  തുടക്കം മോശമായീട്ടില്ല..........തുടരാം. ...മനുവിന് എന്റെ ആശംസകള്‍.....

  ReplyDelete
 2. മഴേ, ചങ്ങമ്പുഴയെ കുറിച്ചുള്ള ഈ ലേഖനം വളരെ നന്നായിട്ടുണ്ട്.. ചങ്ങമ്പഴ കവിതകളുടെ ലാളിത്യവും, താളാത്മകയൊക്കെയാണ് സാധാരണക്കാരന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നതെന്നുള്ള മഴയുടെ ഭാഷ്യം വളരെ ശരിയാണ്. ഇത്രയും ലളിതമായി പദ്യാവിഷ്ക്കരണം നടത്തിയ മറ്റൊരു കവിയെ മലയാളത്തില്‍ കാണുവാന്‍ സാധിയ്ക്കുകയില്ല.. ചങ്ങമ്പുഴയുടെ ചില കവിതകളെല്ലാം കസറ്റ് രൂപത്തിലിറങ്ങിയപ്പോഴാണ് കേള്‍ക്കുവാന്‍ കഴിഞ്ഞത്... എനിയ്ക്കിഷ്ടപ്പെട്ടത് ശാലിനി എന്ന കവിതയുമാണ്.. ശാലിനിയെ കുറിച്ചുള്ള വിവരണം ഇതില്‍ കണ്ടില്ലല്ലോ..:)

  എല്ലാവിധ ആശംസകളും നേരുന്നു..
  സ്നേഹത്തോടെ
  അനില്‍

  ReplyDelete
 3. വളരെ നല്ല ലേഖനം മനു.. ഈ ലേഖനത്തിന് പിന്നിലെ പ്രയത്നവും, പഠനവും തികച്ചും അഭിനന്ദനീയം തന്നെ.
  ചങ്ങമ്പുഴ എന്റെയും പ്രിയപ്പെട്ട കവിയാണ്‌. അതില്‍ തന്നെ "കനക ചിലങ്ക" എന്ന കവിതാ ഭാഗം സ്കൂളില്‍ പഠിക്കാന്‍ ഉണ്ടായിരുന്നു. ഇപ്പോഴും ഞാന്‍ ഇടയ്ക്കിടയ്ക്ക് മൂളാറുണ്ട്‌ ആ വരികള്‍ ...

  പൊതുവേ കവിത എന്ന സാഹിത്യ മേഖലയോട് എനിക്ക് വലിയ പ്രതിപത്തി ഒന്നും ഇല്ല. പണ്ടത്തെ കവിതകള്‍ പലതും വായിക്കാന്‍ ഇഷ്ടമുണ്ടായിരുന്നു. പക്ഷെ ഇപ്പോഴത്തെ അത്യാധുനിക കവിതകള്‍ പലതും എനിക്ക് ദഹിക്കാറില്ല.(വിവരക്കുറവു കൊണ്ടാകും!)
  പക്ഷെ ചങ്ങമ്പുഴയുടെ കവിതകള്‍ക്ക് മുന്നില്‍ ഞാന്‍ തോറ്റു പോയി. അപരിചിതനായൊരു കവിയായല്ല, കൂടെ നടന്നു പാട്ട് പാടുന്ന ഒരു ഗായകനായാണ് അദ്ദേഹത്തെ ഞാന്‍ കാണുന്നത്.

  ഇനിയും ഇതുപോലുള്ള ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍!

  ReplyDelete
 4. നല്ല തുടക്കം ചങ്ക് തുറന്നു ചങ്ങന്‍ പുഴയുടെ കാര്യങ്ങള്‍ കൊള്ളാം എഴുത്തു തുടരു എല്ലാവിധ ആശംസകള്‍

  ReplyDelete
 5. നന്നായി ഹോംവർക്ക് ചൈത ലേഖനം..
  നന്നായി എഴുതി
  എല്ലാ ആശംസകളും നേരുന്നു

  ReplyDelete
 6. നല്ല ഉദ്യമം. ഒന്നും പറയാനില്ല. വളരെ നന്നായി എഴുതി.

  ReplyDelete
 7. “കപടലോകത്തിലാത്മാര്‍ത്ഥമായൊരു-
  ഹൃദയമുണ്ടായതാണെന്‍ പരാജയം“

  നല്ലൊരു ലേഖനം ..മറക്കാനാകാത്ത ഒരു കലാകാരനാണ് ചങ്ങമ്പുഴ....ആശംസകള്‍ മനു ഭായീ

  ReplyDelete
 8. “ഓര്‍മ്മകളുടെ തീരത്തേക്ക് ഒരിക്കല്‍ കൂടെ തിരികെയെത്താന്‍ മോഹിക്കുന്ന കവിയോടൊപ്പം വായനക്കാരനേയും കൊണ്ടുപോകുന്ന" മനുവിന്‌ 100 മാർക്ക്.
  നമ്മുടെ ഈ കാലഘട്ടത്തിൽ കവിതയെ വിമർശിക്കാൻ കഴിവുള്ളവർ വളരെ കുറവാണ്‌. മനുവിന്‌ ആ ഭാഗത്ത് ശോഭിക്കൻ കഴിയുമെന്ന് തോന്നുന്നു.
  പഴയതിനൊടൊപ്പം പുതിയ കവിതകളും പഠിച്ച് വ്യക്ത്മായ ആസ്വാദന/വിമർശനക്കുറിപ്പുകൾ പോസ്റ്റ് ചെയ്യുക.
  എല്ലാവിധ ആശംസകളും നേരുന്നു.

  ReplyDelete
 9. പാരഗ്രാഫ് തിരിച്ചെഴുതിയാൽ വായിക്കാൻ സൌകര്യമായിരിക്കും.

  ReplyDelete
 10. മനു തുടക്കം അതിഗംഭീരം..

  കവിതകളും കഥകളും കവികളും ഒക്കെ എനിക്ക് അന്യമാണ്.. അതിനുള്ള സാഹചര്യം എനിക്ക് ചെറുപ്പത്തില്‍ കിട്ടിയിട്ടില്ല..

  അതിനാല്‍ തന്നെ എന്നെ പോലെയുള്ളവര്‍ക്ക് വളരെ പ്രയോജനപ്രധമാണ് ഈ ഒരു ഉദ്യമം..

  ഹൃദയം നിറഞ്ഞ ആശംസകള്‍!

  സ്നേഹത്തോടെ,

  ReplyDelete
 11. മനുവിന്‍ അഭിനന്ദങ്ങള്‍..വാക്കുകളാല്‍ പറഞ്ഞറിയിയ്ക്കാന്‍ പറ്റാത്തത്ര സന്തോഷവും..

  ഇവിടേയും ഹെഡര്‍ നന്നായിരിയ്ക്കുന്നൂ ട്ടൊ..ആ നിറത്തിന്‍ ചേരുന്നുണ്ടെങ്കിലും ഇച്ചിരി ഇരുണ്ടിരിയ്ക്കുന്നു.

  ReplyDelete
 12. പണ്ട്,
  സ്കൂളില്‍ പഠിക്കുന്ന കാലത്തു, ചങ്ങമ്പുഴ എന്നൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു അവജ്ഞയായിരുന്നു. ചൊല്ലാന്‍ പോലും ബുദ്ധിമുട്ടായ വരികള്‍ കാണാപ്പാഠം പഠിക്കേണ്ടിവരുന്നതിനുള്ള മടികൊണ്ട് അന്നങ്ങിനെയാണു തോന്നിയിരുന്നത്.
  പക്ഷേ, പിന്നീടെപ്പോഴോ അറിവിന്റെ തീരത്തു നോക്കിനില്‍ക്കുമ്പോള്‍ ഒരു മഹാ സാഗരമായി തിരിച്ചറിഞ്ഞ മഹാകവി.

  മനു,
  വളരെ നന്നായിരിക്കുന്നു.
  ഇഷ്ടപ്പെട്ടു.

  ReplyDelete
 13. മനു, വളരെ നന്നായിരിക്കുന്നു ഈ ലേഖനം.
  കവിതകളെ കുറിച്ചുള്ള എന്‍റെ അറിവ് വളരെ കുറവാണെങ്കിലും
  ചങ്ങമ്പുഴയെയും അദ്ദേഹത്തിന്റെ കവിതകളെയും എനിക്കും
  ഒരുപാടു ഇഷ്ടമാണ്.
  എല്ലാ ആശംസകളും.....

  ReplyDelete
 14. മനു മനോഹരമായി ഈ വിശകലനം .പ്രക്രുതിയോടിണങ്ങി കവിതയെഴുതിയിരുന്ന കവി,പ്രണയിച്ച് തന്നെ പ്രണയത്തിന്റെ വിവിധ ഭാവങ്ങളെ പ്രണയാക്ഷരങ്ങളിലാക്കിയ കവി..ബുദ്ധിജീവികളുടെ സ്ഥായിയായ ഭാവമായ വിഷാദത്തിനടിമപെട്ടിരുന്നു അദ്ദേഹമെന്നു വിശ്വസിക്കാന്‍ അദ്ദേഹത്തിന്റെ കവിതകള്‍ നമ്മളെ അനുവദിക്കുന്നില്ല..അദ്ദേഹത്തിനെ കുറിച്ച് കുറേ കൂടി അറിയാന്‍ സഹായിച്ചു ഈ കുറിപ്പ്
  നല്ല സംരഭം തന്നെ..

  ReplyDelete
 15. നന്നായിട്ടുണ്ട് മനൂ ..
  എഴുത്തിന്റെ പുതിയ മേഖലകളിലേക്ക് ...
  ആശംസകള്‍ ..!!
  അഭിനന്ദനങ്ങള്‍ ..!!

  ReplyDelete
 16. "വേദന, വേദന, ലഹരിപിടിക്കും 
  വേദന - ഞാനതില്‍ മുഴുകട്ടെ
  മുഴുകട്ടെ - മമ ജീവനില്‍ നിന്നൊരു
  മുരളീമ്ര്ദുരവമൊഴുകട്ടെ"

  വേദനയില്‍ ലയിച്ചുകൊണ്ടു തന്റെ ജീവിതവിജ്ഞാനം വര്ദ്ധിപ്പിക്കാനും  രോഗത്തിന്റെ പീഡാനുഭവങ്ങളെ അമ്ര്തസ്മ്ഗീതമാക്കുവാനുമാണു ചങ്ങമ്പുഴ ശ്രമിച്ചത്.

  "ശത്രുവെക്കൂടിയും ബന്ധിപ്പൂ മൈത്രിയാല്‍ 
  ശപ്തമെന്‍ രോഗം , ചരിതാര്ത്ഥനാണു ഞാന്‍ ".

  ReplyDelete
 17. വളരെ നന്നായി അവതരിപ്പിച്ചു ...ചങ്ങമ്പുഴ എന്ന കവിയിലേക്ക്‌ ആഴ്ന്നിറങ്ങി അദ്ധേഹത്തിലേക്ക് കൂടുതല്‍ എത്തി ചെല്ലാനും അറിയാന് കഴിഞ്ഞു ....ഒരുപാട് സാഹിത്യകാരന്മാരില്‍ കൂടി യാത്ര ചെയ്തു തുടങ്ങി ചങ്ങമ്പുഴയില്‍ അവസാനിപ്പിച്ചു .... എല്ലാവിധ ഭാവുകങ്ങളും ....ഇനിയും തുടരുക ....

  ReplyDelete
 18. valare nannayi ezhuthi...... abhinandanangal........

  ReplyDelete
 19. നന്നായി മനുവേട്ടാ...നല്ല ഉദ്യമം...“മനസ്സ് കല്ലല്ലാഞ്ഞിട്ടാരാനുമുണ്ടേൽ ഈ കല്ലറ വാതിൽക്കലിരുന്നൽ‌പ്പം കരഞ്ഞേച്ചു പോകു...”മനസ്സിലേക്കോടിയെത്തിയതീ വരികൾ....ആശംസകൾ

  ReplyDelete
 20. കവിതയോട് വളരെ ഗൌരവത്തോടെയുള്ള മനുവിന്റെ ഈ സമീപനം അഭിനന്ദനമര്‍ഹിക്കുന്നു. ആശംസകള്‍ .

  ReplyDelete
 21. കവിതയും കഥയും കഴിഞ്ഞ് എഴുത്തിന്റെ പുതിയമേഖലയിലേയ്ക്കുള്ള ഈ തുടക്കം അതി മനോഹരം മനൂ.
  അഭിനന്ദനങ്ങൾ

  ReplyDelete
 22. ഹായ്‌ മനു , ഒരുപാട് വായനാനുഭാവമുള്ള ഒരാള്‍ക്കേ ഇത്തരത്തില്‍ ഒരു കുറിപ്പ് തയ്യാറാക്കുവാന്‍ സാധിക്കുകയുള്ളൂ. ഇതിലെ തെറ്റുകുറ്റങ്ങള്‍ കണ്ടുപിടിക്കാനായി എനിക്കത്രയും വായനാനുഭവം പോര.കൂടാതെ ഇതില്‍ പറഞ്ഞിരിക്കുന്ന മഹാകവികളെ കുറിച്ച് ഇതില്‍ കൂടുതല്‍ ഒന്നും എനിക്കറിയില്ല.ഈ കുറിപ്പ് വായിക്കുമ്പോള്‍ ഞാന്നറിയാതെ എന്റെയും സ്കൂള്‍ കാലങ്ങളിലെക്കെത്തി. അന്ന് പഠിച്ച ചില വരികള്‍ ഇവിടെ വീണ്ടും വായിച്ചപ്പോള്‍ ശരിക്കും പഴയകാലവും , അന്നത്തെ സുഹൃത്തുക്കളെയും ഓര്‍ത്ത്‌ പോയി.
  ഇത്തരം ഒരു ഇന്ഫോര്മാട്ടിക് ആയ കുറിപ്പ് തയ്യാറാക്കി എഴുതിയതിനു മനുവിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ .

  ReplyDelete
 23. This comment has been removed by the author.

  ReplyDelete
 24. കലാലയത്തിന്‍റെ നാല് ചുവരുകള്‍ക്കുള്ളില്‍ അധ്യാപകന്‍റെ വാക്കുകളിലുടെ ചങ്ങമ്പുഴ, ചെറുശേരി, ആശാന്‍ എന്നിവരെ കുറിച്ച്, അവരുടെ കവിതകളെ കുറിച്ച് കേള്‍ക്കുമ്പോള്‍ അതിനോടൊന്നും ഒരു താല്‍പര്യവും ഇല്ലാതെയാണവിടെ ഇരുന്നിരുന്നത്. പിന്നീട് എപ്പോഴോ മനസ്സിലെ ചിന്തകള്‍ മാറി. അതിനോടെല്ലാം ഒരു പ്രത്യേക ഇഷ്ടം വളര്‍ന്നു തുടങ്ങി. എപ്പോഴും വായിച്ചാല്‍ പെട്ടന്ന് മനസ്സിലാകുന്ന വരികളായിരുന്നു ചങ്ങമ്പുഴ കവിതകള്‍. പ്രണയത്തെ വളരെ സരസമായി പറയുന്ന കവി തന്നെയാണ് അദ്ദേഹം..
  ലേഖനം നന്നായിട്ടുണ്ട്. മുന്‍പ് കേട്ട പല വരികളും കേള്‍ക്കാനും കഴിഞ്ഞു. സന്തോഷം...
  വാക്കുകള്‍ തുടരൂ സുഹൃത്തേ, വായിക്കാന്‍ ഞങ്ങളുണ്ട്..

  ReplyDelete