മഴ* മന്ത്രങ്ങള്‍ .....!!! ഇത് എന്‍റെ മാത്രം പ്രയത്നമല്ല.......!!! ഒരുപാട് നല്ല കൂട്ടുകാരുടെ നിസ്വാര്‍ത്ഥമായ സ്നേഹമുണ്ട് ഇതില്‍ .....!! ഇവിടെ കാണുന്ന മഴമന്ത്രങ്ങളിലെ വരികളിലൂടെ മാത്രമേ നിങ്ങള്‍ക്കെന്നെ കാണാന്‍ കഴിയൂ.......!!!അതിനുമപ്പുറം.....!! ഈ ബ്ലോഗ് എനിക്ക് വേണ്ടി ഡിസൈന്‍ ചെയ്തു തന്ന ജുനു എന്ന ജുനൈദ്...!! എന്‍റെ രചനകള്‍ ചിത്രങ്ങളിലേക്ക് പകര്‍ത്തി.. ആ വരികള്‍ക്ക് മിഴിവേകി തന്ന എന്‍റെ പ്രിയതുള്ളികളായ നാഷ്, ജുനു, സ്നേഹ (ഷേയ), റൈമു, സുഷിന്‍, നാസ്........!!! ഒരു മടിയനായ എന്നെ എഴുതാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കുകയും,സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുകയും ചെയ്ത/ചെയ്തുകൊണ്ടിരിക്കുന്ന .. സന്നു (ദീദി), സ്നേഹ, മിനി, നാഷ്, ജുനു, ഹരിക്കുട്ടന്‍ & ചന്ത്വേട്ടന്‍ ...!!! ചിത്രങ്ങള്‍ അയച്ചു തന്നു സ്നേഹം പങ്കുവെച്ച എന്‍റെ പ്രിയ കൂട്ടുകാരന്‍ ഷാജഹാന്‍ നന്മണ്ടന്‍ ....!! എല്ലാവരോടും ഞാന്‍ നന്ദി പറയുന്നില്ല... കാരണം... നന്ദി പറഞ്ഞാല്‍ അതോടു കൂടി ആ പ്രയത്നങ്ങളുടെ ഫലം തീര്‍ന്നു പോയേക്കാം....!! അതുകൊണ്ട്.. ഒരിക്കലും മായാതെ..എന്നുമെന്നും മനസ്സിനുള്ളില്‍ ഈ കടപ്പാട് ഞാന്‍ സൂക്ഷിച്ച് വെക്കുന്നു........!!

Friday, 8 April 2011

നൂലറ്റ പട്ടം .........!​!!(എഴുത്താണി ചെറുകഥ രചനാ മത്സരത്തില്‍ രണ്ടാം സ്ഥാനം കിട്ടിയ കഥ)

രാവിലെ തന്നെ കുളി കഴിഞ്ഞ് ഈറന്‍ മാറി സുദീപനുള്ള കാപ്പിയുമായ് രചന പൂമുഖത്തേക്ക് വന്നു.എന്നുമിരിക്കാറുള്ള ആ ചൂരല്‍ കസേര ഇന്നു ശൂന്യം.ഇന്നത്തെ പത്രം ഒന്നു തുറന്നു പോലും നോക്കാതെ ആ ടീപ്പോയില്‍ തന്നെയിരിക്കുന്നുണ്ട്.ദീപേട്ടനിതെവിടെയെന്ന് മനസ്സില്‍ ചിന്തിച്ചു  കൊണ്ട് രചന മുറിയിലേക്ക് ചെന്നു..അവിടെയും സുദീപനുണ്ടായിരുന്നില്ല..!!
“ദീപേട്ടാ... ദീപേട്ടാ..“ രചന ഉറക്കെ വിളിച്ചു കൊണ്ട് പുറത്തേക്കിറങ്ങി..ഒരിടത്തു നിന്നും സുദീപന്‍ വിളി കേട്ടില്ല.
വീടുമുഴുവന്‍ ഒന്നു ചുറ്റിക്കറങ്ങി രചന പടിഞ്ഞാറെ പറമ്പിലെ കുളക്കടവിലേക്ക് ചെന്നു. അവിടെ വെള്ളത്തില്‍ കാലുമിറക്കി വെച്ച് മണ്‍‍തിട്ടയില്‍ തലവെച്ചു സുദീപന്‍ മലര്‍ന്നു കിടക്കുന്നു.
“ദീപേട്ടാ... ഇതെന്താ ഇവിടേ കിടക്കുന്നെ..എന്താ പറ്റിയെ..?“ രചന ഓടി ചെന്ന് സുദീപന്‍റെ മുന്നില്‍ മുട്ടു കുത്തിയിരുന്നു ചോദിച്ചു
“ഒന്നുമില്ല.... ഇവിടെയിങ്ങനെ കിടക്കാന്‍ തോന്നുന്നു...” അലക്ഷ്യമായ് സുദീപന്‍ മറുപടി പറഞ്ഞു.
“എന്നാല്‍ വേഗം എണീറ്റേ.... വീട്ടിലേക്ക് വാ..അവിടെ ഞാനൊറ്റക്കല്ലേയുള്ളൂ....?” അതും പറഞ്ഞ് രചന സുദീപന്‍റെ കയ്യില്‍ പിടിച്ചു പൊക്കി.
‘ഇന്നലെ രാത്രിവരെ പരസ്പരം അതുമിതും പറഞ്ഞു തല്ലുകൂടി കളിച്ചിരുന്ന ദീപേട്ടനിതെന്തു പറ്റി..?ഒരിക്കല്‍  പോലും ആ മുഖത്ത് നിന്നു പുഞ്ചിരി മാഞ്ഞു കണ്ടിട്ടില്ല.ഇന്ന് ആ മുഖം നിറയെ കാര്‍മുകിലുകള്‍ നിറഞ്ഞ ആകാശം പോലെ ഇരുണ്ടിരിക്കുന്നു. കണ്ണുകളിലെ തീളക്കം മാഞ്ഞിരിക്കുന്നു.ദീപേട്ടനു കാര്യമായി എന്തോ സംഭവിച്ചീട്ടുണ്ട്..’രചനയുടെ ചിന്തകള്‍ മുഴുവനും സുദീപനെ കുറിച്ചായിരുന്നു.
പക്ഷേ സുദീപന്‍റെ മനസ്സില്‍ മുഴുവന്‍ ഇന്നലെ രാത്രി പ്രാദേശിക ചാനലില്‍ വന്ന വാര്‍ത്തയായിരുന്നു.എത്രയൊക്കെ മറക്കാന്‍ ശ്രമിച്ചാലും ആ വാര്‍ത്ത പിന്നെയും പിന്നെയും കണ്മുന്നില്‍ തെളിഞ്ഞു വരുന്നു.കൈ കൊണ്ട് ചേര്‍ത്തടച്ചിട്ടും ആ ശബ്ദം ചെവിയില്‍ മുഴങ്ങുന്നതുപോലെ.
ഇന്നലെ രാത്രി ഭക്ഷണം കഴിഞ്ഞു പതിവുപോലെ വാര്‍ത്ത കണ്ടിരിക്കുമ്പോഴായിരുന്നു...... വാര്‍ത്ത വായിക്കുന്ന കുട്ടിയില്‍ നിന്നും വെള്ളിടി പോലെ ആ വാക്കുകള്‍ സുദീപനിലേക്കെത്തിയത്.
“വിസത്തട്ടിപ്പിനിരയായ യുവാവും കുടുംബവും കടബാദ്ധ്യത മൂലം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു....”കൂടെ വെള്ളയില്‍ പൊതിഞ്ഞ നാല് മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ... നാലുപേരുടേയും ക്ലോസപ്പ് ചിത്രങ്ങള്‍ ടീവിയില്‍ മിന്നി മറഞ്ഞപ്പോള്‍ സുദീപന്‍റെ നെഞ്ചിലൂടെയൊരു മിന്നല്‍ പാഞ്ഞു പോയി.
താനും ഈ മരണങ്ങള്‍ക്കു പുറകിലെ ഒഴിച്ചൂ കൂടാനാവാത്ത കണ്ണിയാണെന്നുള്ള സംശയമായിരുന്നു സുദീപന്‍റെ അസ്വസ്ഥതകള്‍ക്കു പുറകില്‍ .. അയാളുടെ ഓര്‍മ്മകള്‍ക്കിപ്പോള്‍ ആ ശപിക്കപ്പെട്ട നാളുകളില്‍ നിന്നും മോചനം കിട്ടുന്നില്ല. ഇന്നലെ രാത്രി ഒരു പോള കണ്ണടക്കാന്‍ കഴിഞ്ഞിട്ടീല്ല. കണ്ണടച്ചാലും തുറന്നാലും കണ്മുന്നില്‍ വെള്ളയില്‍ പൊതിഞ്ഞ നാലു ശവശരിരങ്ങള്‍ മാത്രം...!!
                                            *******************************************
ഉയര്‍ന്ന മാര്‍ക്കോടെ എം കോം പാസായ സുദീപന്‍ ഒരു ജോലിക്കു വേണ്ടി കയറിയിറങ്ങാത്ത വാതിലുകളില്ല.ഒരു പാടു നാളത്തെ അലച്ചില്‍ മാനസികമായും ശാരീരികമായും അവനെ തളര്‍ത്തിയിരുന്നു. വീട്ടിലെ കാര്യങ്ങളാണേല്‍ അതിലും കഷ്ടം. ദാരിദ്ര്യം എന്താണെന്നറിയാന്‍ തുടങ്ങിയ നാളുകള്‍ . രോഗിയായിരുന്ന അച്ചന് മരുന്നു വാങ്ങിക്കാന്‍ പോലും പൈസയില്ലാതെ നട്ടം തിരിയുമ്പോള്‍ കക്ഷത്തിലൊരു ബിരുദാനന്തര ബിരുദവും വെച്ച് എല്ലാ കമ്പനികളുടെയും പടിവാതിക്കല്‍ ഒരു യാചകനെ പോലെ നിന്നിരുന്ന സന്ദര്‍ഭങ്ങള്‍‍‍.ബസ് കൂലിക്ക് പോലും അമ്മയുടെ മുന്നില്‍ കൈ നീട്ടേണ്ട ഗതികേട്.സ്വയം ചെറുതായിപ്പോയിരുന്ന നാളുകള്‍ .
അങ്ങിനെയിരിക്കുമ്പോഴായിരുന്നു ഒരു റിക്രൂട്ടിംഗ് ഏജന്‍സിക്ക് വേണ്ടി കോ-ഓര്‍ഡിനേറ്ററെ ആവശ്യമുണ്ടെന്ന് പത്രത്തില്‍ പരസ്യം വന്നത്.. മാസം മൂവായിരം രൂപ ശമ്പളം.പ്ലസ് കമ്മീഷന്‍.
പഠിച്ച ബിരുദങ്ങളുടെ വലുപ്പത്തേക്കാളേറെ ദാരിദ്ര്യത്തെ കുറിച്ചുള്ള ആകുലതകളായിരുന്നു സുദീപനെ അങ്ങോട്ടെത്തിച്ചത്.
ഇന്‍റര്‍വ്യൂ കഴിഞ്ഞു  സുദീപനെ തെരഞ്ഞെടുത്തപ്പോള്‍ സന്തോഷത്തേക്കാളേറെ ആശ്വാസമായിരുന്നു അവന്‍റെ കണ്ണുകളില്‍ ‍‍.
ജോലി വളരെ എളുപ്പമുള്ളതായിരുന്നു. ഓരോ അപേക്ഷകരില്‍ നിന്നുമുള്ള പൈസ കളക്റ്റ് ചെയ്ത് ബാങ്കിലടക്കുക.അര്‍ഹരായവരെ കണ്ടെത്തുക.
സ്വയം കണ്ടെത്തി കൊണ്ടുവരുന്ന ഓരോ ആളില്‍  നിന്നും രണ്ടായിരം രൂപ വെച്ച് കമ്മീഷനും കമ്പനി ഓഫര്‍ ചെയ്തിരുന്നു.
ആ ഒരു ഓഫറായിരുന്നു. അവനെ ഫീല്‍ഡ് വര്‍ക്കിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. അങ്ങിനെ ഞായറാഴ്ചകളില്‍ ഫീല്‍ഡ് വര്‍ക്കും ബാക്കിയുള്ള ദിവസങ്ങളില്‍ ഓഫീസുമായ് ദിവസങ്ങള്‍ തള്ളി നീക്കുമ്പോഴായിരുന്നു നാസറിന്‍റെ ഉമ്മായെ സുദീപന്‍ പരിചയപ്പെടുന്നത്.
തലച്ചുമടായ് കൊട്ടയില്‍ മീന്‍ നിറച്ച് ഓരോ വീടുകളിലും കയറിയിറങ്ങി ഉപജീവനം നടത്തുന്ന അവരെ എപ്പോഴും കണ്ടിരുന്നു. പക്ഷേ.. അടുത്ത് പരിചയപ്പെട്ടത് ഇപ്പോഴായിരുന്നു.
ആമിന അതായിരുന്നു അവരുടെ പേര്.... എല്ലാവരും ആമിനത്താത്ത എന്നു വിളിച്ച് വിളിച്ച് പേരിപ്പോള്‍ അങ്ങിനെയായി മാറി.. ആമിനത്താത്തയേക്കാള്‍ പ്രായം ചെന്നവരും  അങ്ങിനെയേ അവരെ വിളിക്കാറുള്ളൂ..
ആമിനാത്താത്തക്ക് രണ്ടു മക്കള്‍ ‍. നാസറും നസിയയും.നാസറിന് ഇരുപത്തിരണ്ട് വയസ്സും, നസിയക്ക് പത്തൊമ്പതും, ഭര്‍ത്തവ് ഹംസക്ക..ഒരു ആക്സിഡന്‍റില്‍ നട്ടെല്ലു തകര്‍ന്നു കിടപ്പിലായിട്ട് വര്‍ഷം മൂന്നായിരീക്കുന്നു. അതിനു ശേഷമാണ് ആമിനത്താത്ത കുടുംബം പോറ്റാനായി തലച്ചുമടെടുക്കാന്‍ തുടങ്ങിയത്..മരുന്നും മന്ത്രവുമായ് ഒരുപാട് പൈസ ഹംസക്കാക്ക് ചെലവാക്കി. ആകെയുണ്ടായിരുന്ന പതിനഞ്ചു സെന്‍റ് പറമ്പില്‍ പത്തു സെന്‍റും വിറ്റു.ഇനി വിടിരിക്കുന്ന അഞ്ചു സെന്‍റ് മാത്രമേ സ്വത്തെന്ന് പറഞ്ഞ് ആ കുടുംബത്തിനുള്ളൂ...അതു പറയുമ്പോള്‍ ഇത്താത്തയുടേ കണ്ണില്‍ നിന്നുമൊഴുകിയെത്തുന്ന കണ്ണീര്‍ത്തുള്ളികള്‍ വീണു പൊള്ളിയിരുന്നത് സുദീപന്‍റെ ഹൃദയത്തിലായിരുന്നു.
അതൊക്കെ കേട്ടപ്പോള്‍ താനനുഭവിച്ചിരുന്ന ദാരിദ്ര്യവും വേദനയുമെല്ലാം എത്ര നിസ്സാരമായിരുന്നെന്ന് അപ്പോഴാണവനു മനസ്സിലായത്.
പിന്നെ പിന്നെ ആമിനാത്താത്തയുമായ് സംസാരം പതിവായിരുന്നു. ഒരു ദിവസം ആമിനാത്താത്ത സുദീപനോട് പറഞ്ഞു.
“മോനേ..ഈ ചുമടും കൊണ്ടിനി അധികം നടക്കാനാവുമെന്നു തോന്നുന്നില്ല..എന്‍റെ നാസറിനെ അക്കരെ കടത്തീട്ടു വേണം എനിക്കൊന്ന് വിശ്രമിക്കാന്‍.. വയ്യാതായി തുടങ്ങീരിക്കുന്നു..എന്‍റെ നസിയ മോളാണേല്‍ പുര നിറഞ്ഞ് നിക്കാ..മോനെക്കൊണ്ട് എന്തേലും വഴിയുണ്ടോ അവനെ അക്കരെക്കെത്തിക്കാന്‍.......”അതു പറയുമ്പോള്‍ ഇത്താത്തയൂടെ ശബ്ദം ഇടറിയിരുന്നു.
“നോക്കട്ടേ ഇത്താത്താ.. ഞാന്‍ നാളെ പറയാം ട്ടൊ..........” സുദീപന്‍ അവരെ ആശ്വസിപ്പിച്ചു.
നേരത്തെ തന്നെ നാസറിന്റ്റെ കാര്യങ്ങള്‍ പറഞ്ഞിരുന്നതു കൊണ്ട് സുദീപന് കൂടുതലൊന്നും ചോദിക്കാനുണ്ടായിരുന്നില്ല.
വെറും പത്താം ക്ലാസ് വരെ പഠിച്ചവനെന്തു ജോലി കിട്ടുമെന്‍റീസ്വരാ എന്ന് മനസ്സിലോര്‍ത്തു കൊണ്ടവന്‍ ഓഫീസിലേക്ക് യാത്രയായി.
പീന്നെയും രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് സൌദിയിലെ ഒരു നിര്‍മ്മാണകമ്പനിയിലേക്ക് 15 ഹെല്പര്‍മാരെ അത്യാവശ്യമായി ആവശ്യമെണ്ടെന്നും പറഞ്ഞ് ഒരു മെയില്‍ വന്നത്.അറുന്നൂറ് റിയാല്‍ സാലറി+ഓവര്‍ടൈം+താമസ സൌകര്യം+ഫുഡ്... രണ്ടു വര്‍ഷം കൂടുമ്പോള്‍ ലീവ്+ടിക്കറ്റ്. കമ്പനി പറയുന്നതനുസരീച്ച് മാസം പതിനായിരം രൂപ നാട്ടിലേക്കയക്കാന്‍ പറ്റുമല്ലോന്ന് സുദീപന്‍ മനസ്സിലോര്‍ത്തു.
പെട്ടെന്ന് അവന്‍റെ ചിന്തയില്‍ ആമിനാത്താത്തയുടെ മുഖം തെളിഞ്ഞു വന്നു..
നേരെ മാനേജരുമായി നാസറിന്‍റെ കാര്യം സംസാരിച്ചു..അദ്ദേഹം അനുമതി നല്‍കി.
പക്ഷേ.....സര്‍വ്വീസ് ചാര്‍ജില്‍ നിന്നും ഒരു രൂപ പോലും കുറക്കാന്‍ അയാള്‍ സമ്മതിച്ചില്ല.
ഹെൽപ്പര്‍ വിസക്ക് അമ്പതിനായിരം രൂപയാണ് കമ്പനി ചാര്‍ജ് ചെയ്തിരുന്നത്. അതില്‍ ടിക്കറ്റ് മാത്രം കമ്പനി നല്‍കും.ബാക്കിയൊക്കെ കമ്പനിയുടെ സര്‍വ്വീസ് ചാര്‍ജാണ്.
അടക്കാനാവാത്ത സന്തോഷത്തോടു കൂടി സുദീപന്‍ അന്നു വൈകീട്ട്  ആമിനാത്താത്തയുടെ വീട്ടിലേക്ക് ബൈക്കുമെടുത്ത് പറന്നു. ഒറ്റ ശ്വാസത്തില്‍ തന്നെ എല്ലാം  പറഞ്ഞു..
ആദ്യം സന്തോഷം കൂണ്ടു തിളങ്ങിയ ആമിനത്താത്തയുടെ കണ്ണുകളില്‍ നീരുറഞ്ഞു...പിന്നെ സുദീപനോട് പറഞ്ഞു.
“എങ്ങിനെന്‍റെ കുട്ട്യേ..ഞാനത്രയും ഉറുപ്യ ഉണ്ടാക്കാ...?ആകെയുള്ളത് ഈ അഞ്ചു സെന്‍റല്ലെ.....?ഇതു വിറ്റാല്‍ പിന്നെ കെട്ടിക്കാനായ ഒരു പെണ്ണിനെയും, തളര്‍ന്നു കിടക്കുന്ന ഇക്കായെം കൊണ്ടു ഞാനെവിടെ പോകും.....?
“ഉമ്മ വിഷമിക്കാതിരിക്ക്...നമുക്ക് സഹകരണ ബാങ്കിലൊന്നു ചോദിക്കാം...നാസര്‍ പോയിക്കഴിഞ്ഞാല്‍ പിന്നെ മാസം മാസം അടച്ച് അതു വീട്ടിയാല്‍ മതിയല്ലോ..!“സുദീപന്‍ അവരെ ആശ്വസിപ്പിച്ചു.
പിറ്റേന്ന് വൈകീട്ട് തന്നെ ആമിനാത്താത്ത സുദീപന്‍റെ വീട്ടിലെത്തി...
“ന്റ്റെ കുട്ട്യേ ബാങ്ക് ആ അഞ്ചു സെന്‍റ് സ്ഥലത്തിനും വീടിനും കൂടി ഇരുപത്തയ്യായിരം ഉറുപ്യ തരാത്രെ..ബാക്കി എവിടെ നിന്നൊപ്പിക്കും..?”
ആമിനാത്താത്ത നിസ്സഹായതയോടെ പറഞ്ഞു.
“ഇനീപ്പോ എന്താ ചെയ്യാ ഇത്താത്താ...“സുദീപനും ചിന്തയിലാണ്ടു...
“ഒരു കാര്യം ചെയ്യാം തല്‍ക്കാലം നമുക്ക് ആധാരം വെച്ച് ആ ബ്ലേഡ് രാമുവിന്‍റെ കയ്യില്‍ നിന്നും വാങ്ങിക്കാം..ഒരു അഞ്ചാറു മാസത്തിനുള്ളില്‍ തന്നെ നമുക്ക് അത് തിരിച്ചെടുക്കാം ഇത്താത്താ..ആദ്യം നാസര്‍ അക്കരെ കടക്കട്ടെ...എന്നിട്ടു ബാക്കി നമുക്ക് നോക്കാം‘
സുദീപന്‍ ആമിനത്താത്തക്ക് ധൈര്യം നല്‍കി.
കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ വിസ വന്നു..!!
സുദീപന്‍ നാസറിനെയും കൂട്ടി രാമുവിന്‍റെ കയ്യില്‍ നിന്നും വാങ്ങിയ പൈസയുമായ് കമ്പനിയിലേക്ക് ചെന്നു. വിസയും ടീക്കറ്റും നാസറിന്‍റെ കയ്യില്‍ കൊടുത്തിട്ടു പറഞ്ഞു...
“മോന്‍ വേഗം വീട്ടിലേക്ക് ചെല്ല്..ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനില്ല്ലേ....?”അതും പറഞ്ഞ് സുദീപന്‍ സിസ്റ്റത്തിലേക്ക് മുഖം തിരിച്ചു.
പിന്നെ നാസര്‍ പോകുന്ന അന്നു രാവിലെയാണ് സുദീപന്‍ ആ വീട്ടിലേക്ക് ചെന്നത്.
ചെന്നപ്പോള്‍ നാസര്‍ പോകാനായ് പുറത്തേക്കിറങ്ങി നില്‍ക്കുകയായിരുന്നു.സുദീപനെ കണ്ടതോടെ അവന്‍റെ അടുക്കലേക്ക് ചെന്നിട്ട് നാസര്‍ പറഞ്ഞു.
“ഏട്ടാ... ഉമ്മച്ചിയും,നെസിയും വയ്യാത്ത വാപ്പച്ചിയും മാത്രേ ഇവിടുള്ളൂ..സഹായത്തിനുമാരുമില്ല്ലാ...സ്വന്തക്കാരു പോലും കാണിക്കാത്ത സ്നേഹാ ഏട്ടന്‍ ഞങ്ങളോട് കാണിക്കുന്നത്...ഇവിടെ ഇടക്ക് വരണം ട്ടൊ..എന്‍റെ സ്വന്തം ഏട്ടനായിട്ടാ ഞാനിപ്പോ കാണുന്നെ..“ അതു പറയുമ്പോള്‍ നാസറിന്‍റെ കണ്ണു നിറഞ്ഞിരുന്നു.
“എന്‍റെ നെസിയെ ശ്രദ്ധിക്കണേ ഏട്ടാ.പഠിക്കാന്‍ മടി കാണിച്ചാല്‍ നല്ല വഴക്കും പറയണം...“അവനത് പറയുമ്പോള്‍ ഒരു സഹോദരന്‍റെ ഭീതിയും കരുതലുമാണ് നാസറിന്‍റെ കണ്ണുകളില്‍ സുദീപന്‍ കണ്ടത്.
പോക്കറ്റില്‍ കയ്യിട്ട് ഒരു കവര്‍ നാസറിനെ ഏല്‍പ്പിച്ചുകൊണ്ട് സുദീപന്‍ പറഞ്ഞു.
“ഇപ്പോ ഏട്ടന്‍റെ കയ്യില്‍ ഇത്രേയുള്ളൂട്ടോ..ഇത് കയ്യില്‍ വെച്ചോ..പോകുന്ന വഴിക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് മാറ്റിയാല്‍ മതി.അവിടെ ചെന്നാല്‍ എന്തേലും അത്യാവശ്യ സാധനങ്ങള്‍ വാങ്ങാം..”
 അതും പറഞ്ഞു സുദീപന്‍ അകത്തേക്കു കയറി..അവിടെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായ് ഹംസക്കായുടെ അരികിലിരിക്കുന്ന ആമിനാത്താത്തയുടെയും,നെസിയയെയുടെയും അടുത്തേക്കവന്‍ ചെന്നു.
സുദീപനെ കണ്ടതും ഇരുന്നിടത്തു നിന്നെഴുന്നേറ്റ് ആമിനാത്താ അവന്‍റെ കൈകളില്‍ പിടിച്ചു.
“ന്റ്റെ കുട്ട്യേ...കളിപ്രായം മാറീട്ടില്ല എന്‍റെ മോന്..അവനെ ഇത്ര ചെറുപ്പത്തിലേ തന്നെ കണ്ണെത്താ ദൂരത്തേക്ക് പറഞ്ഞയക്കുന്നത് ഇവിടുത്തെ കാര്യങ്ങളൊക്കെ അത്രെം കഷ്ടായതോണ്ടാ.എല്ലാം ന്റ്റെ കുട്ടിക്കറിയാലോ...ഈ ഉമ്മാന്‍റെ നെഞ്ചു പിടക്കാ.. ഒരു ദിവസം പോലും എനിക്കവനെ കാണാതിരിക്കാനാവില്ല..എന്നിട്ടാ ഞാന്‍....”പറഞ്ഞതു മുഴുമിക്കാതെ ആമിനത്താത്ത പൊട്ടിക്കരഞ്ഞു.
കട്ടിലില്‍ കിടന്നിരുന്ന ഹംസക്കായുടെ കണ്ണുനീര്‍ത്തുള്ളികള്‍ വീണ് പുല്പായില്‍ വിരിച്ചിരുന്ന തുണിയില്‍ വൃത്തം വരക്കുന്നത് ഒരൊറ്റ നോട്ടത്തില്‍ തന്നെ സുദീപന്‍ കണ്ടു.
അധികനേരം അവിടെ നില്‍ക്കാന്‍ ശക്തിയില്ലാതെ അവന്‍ പുറത്തേക്കിറങ്ങി.എന്നിട്ട് നാസറിന്‍റെ അടുത്തേക്ക് ചെന്നു പറഞ്ഞു.
“ഇറങ്ങിക്കോ.. സമയായി..”
അവനെ യാത്രയയച്ചതിനു ശേഷം പിന്നെ രണ്ടോ മൂന്നോ തവണ അവിടെ പോയിരുന്നു .
അവിടെ നിന്ന് കുറച്ച് കഴിഞ്ഞപ്പോഴേക്കും സുദീപന് കനറ ബാങ്കില്‍ ക്ലെര്‍ക്കായിട്ട് നിയമനംകിട്ടി.വീട്ടില്‍ നിന്നുമൊത്തിരി ദൂരമുള്ളതു കൊണ്ട് ആദ്യമവിടെയൊരു വാടക വീട് തരമാക്കി.. അതിനു ശേഷം നാട്ടിലുള്ള പറമ്പ് വിറ്റ് ഒരു വീടും കുറച്ചു സ്ഥലവും വാങ്ങി.
ഇപ്പോള്‍ വര്‍ഷം അഞ്ചു കഴിഞ്ഞിരിക്കുന്നു...അതിനിടയില്‍ എന്തെന്തു മാറ്റങ്ങള്‍ ..അച്ഛനും അമ്മയും മരിച്ചു...കല്യാണം കഴിച്ചു...
                                                    ***********************************
“ദീപേട്ടാ.....എത്രനേരമായി ഈ നില്‍‍പ്പ് തുടങ്ങീട്ട്..”സുദീപന്‍റെ ചുമലില്‍ പിടിച്ച് കുലുക്കി കൊണ്ട് രചന ഉറക്കെ ചോദിച്ചു.
“ങ്ങേ .. ആ .. ഒന്നൂലാ..”
ഓര്‍മ്മയില്‍ നിന്നും ഞെട്ടിയുണര്‍ന്ന സുദീപന്‍ അതും പറഞ്ഞു നേരെ അകത്തു കയറി ഒരു ഷര്‍ട്ടെടുത്തിട്ട് വന്നു.
“ഞാനിപ്പോ വരാം..” രചനയുടെ മുഖത്ത് നോക്കാതെ അത്രയും പറഞ്ഞ് സുദീപന്‍ പുറത്തേക്ക് പോയി.
എന്താണ് സംഭവിക്കുന്നതെന്നറിയാതെ രചന അവിടെ തന്നെ അമ്പരന്നു നിന്നു..!!
സുദീപന്‍ ബസ് കയറി നേരെ പോയത് ആമിനാത്താത്തയുടെ വീട്ടിലേക്കായിരുന്നു.
അവിടെ പലരും അടക്കം പറയുന്നുണ്ടായിരുന്നു. അടുത്ത് നിന്നിരുന്ന ഒരാളോട് സുദീപന്‍ കാര്യങ്ങള്‍ ചോദിച്ചു.
അയാള്‍ പറഞ്ഞ കാര്യങ്ങള്‍ സുദീപന്റ്റെ കുറ്റബോധം ഇരട്ടിയാക്കി..
സൌദിയിലെത്തിയ നാസറിന് റോഡ്സ് ഡിവിഷനില്‍ ഹെല്പറായിട്ടായിരുന്നു ജോലി..രാവിലെ മുതല്‍ വൈകുന്നേരം വരെ പൊള്ളുന്ന വെയിലില്‍ 12 മണിക്കൂര്‍ ജോലി. മാസമെത്തുമ്പോള്‍ കമ്പനി കൊടുത്തിരുന്നത് വെറും അറുന്നൂറ് റിയാല്‍ മാത്രംഓവര്‍ടൈമെന്ന് കമ്പനി പറഞ്ഞിരുന്നത് വെറുതെയായിരുന്നു. എത്രമണിക്കൂര്‍ പണി ചെയ്താലും അടിസ്ഥാന ശമ്പളം മാത്രം.സ്വന്തം ആവശ്യങ്ങളും ആഗ്രഹങ്ങളും മറന്ന് കിട്ടുന്നതു മുഴുവനും നാസര്‍ വീട്ടിലേക്കയച്ചിരുന്നു.ഹംസക്കാക്ക് ഇടക്കിടെ അസുഖം കൂടും..അങ്ങിനെ കിട്ടിയിരുന്ന പൈസയില്‍ ഭൂരിഭാഗവും ആശുപത്രയില്‍ കൊടുത്തു കൊണ്ടേയിരുന്നു. മാസാമാസം നല്ലൊരു തുക തന്നെ ഹംസക്കക്ക് മരുന്നു വാങ്ങിക്കാനും വേണം.. തീരെ നിവൃത്തിയില്ലതെ വന്നപ്പോള്‍ ആമിനത്താത്ത പിന്നേം കൊട്ടയും മീനുമായിറങ്ങി..അവരുടെയും ആരോഗ്യം ക്ഷയിച്ചു തുടങ്ങിയിരുന്നു..നന്നായി പഠിച്ചിരുന്ന നെസിയ പഠിപ്പ് നിര്‍ത്തി അടുത്തുള്ള ടെലഫോണ്‍ ബൂത്തില്‍ ജോലിക്ക് പോകാന്‍ തുടങ്ങി.എന്നിട്ടും കടബാദ്ധ്യത മാത്രം കുറഞ്ഞില്ല്ല.
മാസതവണ അടക്കുന്നതില്‍ തുടര്‍ച്ചയായി പിഴവു വരുത്തിയതു കാരണം മുതലും പലിശയും ചേര്‍ത്ത് വാങ്ങിച്ചതിനേക്കാള്‍ ഇരട്ടിയായി.ബ്ലേഡ് രാമു അതിന്‍റെ പേരില്‍ അവരെ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. കഴിഞ്ഞ മാസമാണ് നാസര്‍ വന്നത്. നീണ്ട അഞ്ചു വര്‍ഷങ്ങള്‍ മരുഭൂമിയിലെ ചൂടും ഉരുക്കിയ ടാറിന്‍റെ ചൂടുമേറ്റ് മനസ്സു മരവിച്ച് നാട്ടിലെത്തിയ നാസറിനെ കാത്തു നിന്നിരുന്നത് എത്രയും പെട്ടെന്ന് വീടൊഴിഞ്ഞു കൊടുക്കണമെന്നുള്ള ബ്ലേഡ് രാമുവിന്‍റെ ഭീഷണിയായിരുന്നു.
ഇന്നായിരുന്നു അവര്‍ വീടൊഴിഞ്ഞു കൊടുക്കാമെന്ന് പറഞ്ഞിരുന്നത്..!!!
“അവര്‍ വീട്ടില്‍ നിന്നു മാത്രമല്ല ഒഴിഞ്ഞു കൊടുത്തത്.. ഈ നശിച്ച ലോകത്തു നിന്നു തന്നെ ഒഴിഞ്ഞു കൊടുത്തു..”
അയാളുടെ വാക്കുകള്‍ സുദീപന്‍റെ ചെവിക്കുള്ളില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു.....!!!
അവിടെ നിന്നും കലങ്ങിയ മനസ്സുമായ് അവന്‍ തിരിച്ചു നടന്നു....!
മനസ്സു സ്വയം തെറ്റുകാരനെന്ന് വിധിക്കുന്നുവോ...സുദീപന്‍ സംശയിച്ചു ....!!
“ഒരേട്ടനെ പോലെ ഇടക്കവിടെ വരണമെന്ന് നാസര്‍ പറഞ്ഞിട്ടും ഒരിക്കല്‍ പോലും ആ കുടുംബത്തിന്‍റെ അവസ്ഥ അന്വേഷിക്കാന്‍  ശ്രമിക്കാഞ്ഞതെന്തെ..?

ബ്ലേഡ് രാമുവിന്റ്റെ അടുക്കലേക്കും അങ്ങിനെയൊരു തീരാക്കടത്തിലേക്കും അവരെ തള്ളിയിട്ട് ഒരിക്കല്‍ പോലും അതിനെ കുറിച്ച് അന്വേഷിക്കാഞ്ഞത് തന്‍റെ തെറ്റല്ലേ........?
ആ ഒരു ബാദ്ധ്യതയല്ലെ അവരെ ഈ മരണത്തിലേക്ക് അടുപ്പിച്ചത്...ജീവിതം വെറുക്കാന്‍ പ്രേരിപ്പിച്ചത്...?
ഒരിക്കലെങ്കിലും അവിടെ ചെന്നൊന്ന് ആശ്വസിപ്പിച്ചിരുന്നെങ്കില്‍ ‍.. അല്ലെങ്കില്‍ താനും രചനയും മാത്രമുള്ള വലിയ വീട്ടില്‍ തല ചായ്ക്കാന്‍ ഒരിടം ഇവര്‍ക്കു കൊടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ആ നാലു ജീവനെങ്കിലും രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലെ...?
പകരം സ്നേഹിക്കാനും കരയാനും മാത്രമറിയാവുന്ന നാലു ജന്മങ്ങളെ മരണമെന്ന കോമാളിയുടെ കയ്യിലേക്ക് എറിഞ്ഞു കൊടുത്ത് സ്വന്തം സുഖത്തിലും ,സന്തോഷത്തിലും മാത്രം ശ്രദ്ധിച്ച താനൊരു ക്രൂരനല്ലെ.........??
ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങള്‍ അവന്‍ സ്വയം ചോദിച്ചു കൊണ്ടിരുന്നു.അറിഞ്ഞോ അറിയാതെയോ ഈ മരണങ്ങള്‍ക്ക് താനും ഉത്തരവാദിയാണെന്ന ചിന്ത അയാളുടെ മനസ്സിനെ ഭ്രാന്തമായ അവസ്ഥയിലേക്കെത്തിച്ചു.
മനസ്സറിഞ്ഞു കൊണ്ട് ഒരു തെറ്റും ഇന്നുവരെ സുദീപന്‍ ചെയ്തിട്ടില്ല പക്ഷേ.. ഇന്ന്...ഈ ദുരന്തത്തിന്‍റെ മുഴുവന്‍ പാപക്കറയും തന്‍റെ കയ്യിലും മനസ്സിലുമാണ് പുരണ്ടിരിക്കുന്നുവെന്ന ചിന്ത സുദീപനെ  തളര്‍ത്തി..
“ന്റ്റെ  കുട്ട്യേ എല്ലാം പോയില്ല്ലെ “എന്നു പറഞ്ഞ് കരയുന്ന ആമിനത്താത്തയുടെ മുഖം...
“ഏട്ടാ..എന്‍റെ കുടുംബം രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ..“ എന്നു പറഞ്ഞു കരയുന്ന നാസറിന്‍റെ മുഖം..
ഇരുമിഴികളിലൂടെയും കണ്ണീരൊഴുക്കി നിസ്സഹായനായ് കരയുന്ന ഹംസക്കായുടേ മുഖം...
തട്ടത്തിന്‍റെ തുമ്പു കടിച്ച് പിടിച്ച് തേങ്ങി കരയുന്ന നെസിയയുടെ വാടിയ മുഖം....
എല്ലാം മനസ്സില്‍ വീണ്ടും വീണ്ടൂം തികട്ടി വരുമ്പോഴും മനസ്സിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ അവന്‍ സ്വയം നീറുകയായിരുന്നു.
പകല്‍ മാഞ്ഞു...അസ്തമയ സൂര്യന്‍ പടിഞ്ഞാറന്‍ കടലില്‍ മുങ്ങിത്താഴ്‍ന്നു....നിലാവ് പരന്നൊഴുകുന്ന മഞ്ഞു പെയ്യുന്ന രാത്രിയുടെ അവസാനയാമങ്ങളിലും നെഞ്ചിലെരിയുന്ന കനലണക്കാനാവാതെ, ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങള്‍ സ്വയം ചോദിച്ചു കൊണ്ട് ദിക്കറിയാത്ത കുരുടനെ പോലെ സുദീപന്‍ നടന്നു. നൂലറ്റ പട്ടം കാറ്റിന്‍റെ താളത്തിനൊത്ത് എവിടെ ചെന്നു പതിക്കുമെന്നറിയാതെ എങ്ങോട്ടോ ആടിയാടി വായുവിലൊഴുകി നടക്കുന്നതു പോലെ..........!!!!
0000


                                    ***********************************

ഡിസംബറില്‍ നടന്ന എഴുത്താണി ചെറുകഥ മത്സരത്തിന്റെ മത്സര ഫലം . ഏറെ സുതാര്യതകള്‍ ഒരു ഓണ്‍ലൈന്‍ മത്സരത്തില്‍ അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും ആരുടേയും യാതൊരു വിധ ഇടപെടലുകളും ഇല്ലാതെ സ്വതന്ത്രമായ വിലയിരുത്തലും ഫല നിര്‍ണ്ണയവും നടത്താന്‍ കഴിഞ്ഞു എന്നത്‌ മനസാക്ഷിയെ വഞ്ചിക്കാതെ പറയുവാന്‍ കഴിയും. ശ്രീ സന്തോഷ്‌ പല്ലശന, ശ്രീമതി ബിന്ദു ഗോപിനാഥ്, ശ്രീമതി സിതാര ഫഹീം എന്നിവര്‍ അടങ്ങിയ പാനലാണ് വിധി നിര്‍ണ്ണയം നടത്തിയത്‌. ഇവര്‍ക്കെല്ലാവര്‍ക്കും എന്റെ വ്യക്തി പരമായ പേരിലും എഴുത്താണി കൂട്ടത്തിന്റെ പേരിലും നന്ദി അര്‍പ്പിക്കുന്നു. ഇവര്‍ തമ്മില്‍ പരസ്പരം ഒരു ആശയവിനിമയം ഇല്ലാതെ സ്വതന്ത്രമായ നിര്‍ണ്ണയമാണ് നടത്തിയത്‌ എന്നത് ഏറെ കഥകളെ വിവിധ ആംഗിളുകളില്‍ സമീപിക്കാന്‍ സഹായിച്ചു. അത് കൊണ്ട് തന്നെ ചില മേഖലകളില്‍ അവസാന റൌണ്ടില്‍ എത്തിയ അഞ്ചു കഥകള്‍ക്ക്‌ മുന്‍തൂക്കം ലഭിച്ചു എങ്കിലും ആകെ ലഭിച്ച മാര്‍ക്കുകള്‍ കൂടി അടിസ്ഥാനമാക്കിയാണ് ഫലം പ്രഖ്യാപിക്കുന്നത്.(അരുണ്‍ . എഴുത്താണി ഗ്രൂപ്പ് ലീഡര്‍ )

അവസാന റൌണ്ടില്‍ എത്തിയ കഥകളെക്കുറിച്ച് വിധികര്‍ത്താക്കളില്‍ ഒരാള്‍ നടത്തിയ വിശകലനം ചുവടെ വായിക്കാം.
നൂലറ്റ പട്ടം -

മൈക്രൊഫൈനാന്‍സിങ്ങിന്റേയും മനുഷ്യത്വരഹിതമായ സാമ്പത്തിക ചൂഷണങ്ങളുടേയും തൊഴിലില്ലായ്മയുടേയും വളരെ ദയനീയമായ ഒരു മുഖത്തെ വരച്ചു കാണിക്കാന്‍ ശ്രമിക്കുന്ന ഒരു കഥയാണ് നൂലറ്റ പട്ടം. വളരെ മിഴിവുള്ള ഒരു ദൃശ്യഭാഷയുടെ തനതായ ആവിഷ്‌ക്കരണം പോലെ തോന്നിച്ചു ഈ കഥ. ആവിഷ്‌ക്കരണത്തില്‍ ചില അടുക്കും ചിട്ടയും ഈ കഥ പാലിക്കുന്നുണ്ട്. ഒരു സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്റെ ആത്മസംഘര്‍ഷങ്ങളിലൂടെ ഒരു ദരിദ്രകുടുംബത്തിലെ ദുരന്തകഥ വലിയ പിഴവുകളില്ലാതെ പറയുന്നുണ്ട് എന്നതാണ് ഈ കഥയുടെ ഒരു ഗുണം.
പ്രമേയം ചര്‍വ്വിത ചര്‍വ്വണമെങ്കിലും കേരളത്തിലെ സമകാലിക ജീവിതത്തിലെ പുനരാവര്‍ത്തനങ്ങളാണ് ഈ കഥയുടെ പ്രമേയം. മാത്രവുമല്ല ആമിനത്താത്തയും അവരുടെ തീരെ ചെറുപ്പക്കാരനായ മകനും അനുജത്തിയും അസുഖക്കാരനായ അച്ഛനും കേരളത്തിലെ ഏതൊരു ഗ്രാമത്തിലും കാണാവുന്ന ഒരു ജീവിത യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുതന്നെ ചില പ്രമേയങ്ങള്‍ അത് എത്രകുറി പലകഥകളും കഥാനുഗായികകളുമായാലും സമൂഹത്തില്‍ നിലനില്‍ക്കുന്ന ദുരന്തമാകയാല്‍ ചര്‍വ്വിത ചര്‍വ്വണം എന്ന പ്രയോഗത്തിന് ഇണങ്ങുന്നതല്ല.
വേറിട്ട ഒരു ഫോക്കസ്സിനായൊന്നും ഈ കഥാകൃത്ത് ശ്രമിക്കുന്നില്ല എന്നത് ഒരു പോരായ്മയായി കാണാം. ഒരു കുടുംബത്തിലെ ദുരന്തം ഒരു ചെറുപ്പക്കാരനിലൂടെ പറയാനുള്ള ഒരു ശ്രമം. അതിന് തെളിച്ചമുള്ള ഒരു ഇലക്‌ട്രോണിക്ക് വിഷനാണ് ഈ കഥയില്‍ കഥാകാരന്‍ ആവിഷ്‌ക്കരിക്കുന്നത്. മനുഷ്യന്റെ പരാധീനതകളെ കൊത്തിപ്പറിക്കുന്ന ബ്ലേഡ് മാഫിയയെ വ്യത്യസ്ഥമായ ബിംബ സാധ്യതകളിലൂടെ ആവിഷ്‌ക്കരിക്കാന്‍ ഈ കഥാകൃത്തിന് ശ്രമിക്കാമായിരുന്നു.!!

23 comments:

 1. നന്നായിട്ടുണ്ട് മനൂ......

  അഭിനന്ദനങ്ങള്‍ ..!!

  ReplyDelete
 2. ഈ കഥാരചന മത്സരത്തില്‍ ഒന്നാം സമ്മാനം കിട്ടിയത്
  എന്‍റെ ചേട്ടന്‍ സന്തോഷ് കുന്നത്തിനാണ്..!!!‍
  എനിക്ക് സമ്മാനം കിട്ടിയതിനേക്കാള്‍ സന്തോഷം എന്‍റ്റെ ചേട്ടനു കിട്ടിയതാണ്..!!
  ഞാന്‍ എഴുതാന്‍ തുടങ്ങുന്നതു തന്നെ ചേട്ടന്‍റെ എഴുത്തു കണ്ടിട്ടായിരുന്നു..!
  എന്‍റെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം ഈ കഥ എഴുതിയതും....!!
  ആ കഥ ഞാന്‍ പിന്നെയിവിടെ പോസ്റ്റ് ചെയ്യാമേ.....!!

  ReplyDelete
 3. ബ്ലേഡില്‍ കുരുങ്ങിയ ജീവിതങ്ങള്‍, നന്നായി വരച്ചുകാട്ടി.

  ReplyDelete
 4. അത് ശരി! അപ്പൊ ഫുള്‍ ഫാമിലി മഴേം കൊണ്ട് നടക്കാ ല്ലേ? മനൂസ്‌! ഉമ്മ.....:)

  ReplyDelete
 5. ഒന്നും രണ്ടും സ്ഥാനങ്ങള്‍ ചേട്ടനും അനിയനും കൂടി അടിച്ചെടുത്തു ല്ലേ..
  ആശംസകള്‍ ..രണ്ടാള്‍ക്കും.

  ReplyDelete
 6. Nalla kadha.. Sammanam kittendath thanne. Chettanum aniyanum congrats. Family motham writers aanalle!

  ReplyDelete
 7. നല്ലൊരു കഥ. ഭംഗിയായി എഴുതി.
  അഭിനന്ദനങ്ങള്‍

  ReplyDelete
 8. മനൂസേ..സങ്കട മഴാട്ടോ

  ReplyDelete
 9. വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ ഒരു മൂകത തളം കെട്ടിയതുപോലെ..അതെ നൂലറ്റ പട്ടം ...ഇന്നത്തെ ലോകത്ത് നടക്കുന്ന കഥ അതിന്റെ എല്ലാ സത്തും കളയാതെ എഴുതി ...വായിച്ചു തീര്‍ന്നപ്പോള്‍ അഞ്ചു മുഖങ്ങള്‍ ..മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു ...അതിലെ ഒരു മുഖമായ ''കുറ്റ ബോധത്തിന്റെ മുഖം'' ഇന്ന് നമുക്ക് അന്യമാകുന്ന മുഖം ....

  എല്ലാവിധ ആശംസകളും നേരുന്നു ....

  ReplyDelete
 10. ഒരു വാക്കുപോലും വിട്ടുപോവാതെ വായിക്കാന്‍ കൊതിച്ചു.ചില വേദനിപ്പിക്കുന്ന വരികളെ മറക്കാനും. പതിവുപോലെ നല്ലൊരു കഥ,നല്ല അവതരണം.
  എന്റെ സ്വന്തം നാട്ടുകാരനെന്നതില്‍ എനിക്കിത്തിരി അഭിമാനമുണ്ട്ട്ടോ., ശരിക്കും..!

  ReplyDelete
 11. നന്നായിട്ടുണ്ടേട്ടാ...എത്രയോ ജീവിതങ്ങളിതു പോലെ പൊലിഞ്ഞിരിക്കുന്നു...എത്രയോ മനസ്സുകൾ ഇതു പോലെ തേങ്ങിയിട്ടുമുണ്ടാവണം..

  ReplyDelete
 12. നല്ല അവതരണം... (അത് പ്രത്യേകിച്ച് പറയണ്ടല്ലോ, അല്ലെ.. അതുകൊണ്ടല്ലേ സമ്മാനം കിട്ടിയത്.)
  ചേട്ടന്‍റെ ഒന്നാം സമ്മാനം കിട്ടിയ കഥയും പോസ്റ്റ്‌ ചെയ്യണേ...

  ReplyDelete
 13. nannayittundu....... abhinanadanangal...

  ReplyDelete
 14. നിറഞ്ഞ ഹൃദയത്തോടെ അഭിനന്ദനങ്ങള്‍ ............

  ReplyDelete
 15. അഭിനന്ദനങ്ങൾ...ആകാംക്ഷ അവസാനിക്കാതെ നിന്നു കഥ തീരും വരെ..

  ReplyDelete
 16. വളരെ നന്നായി .... അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ ....

  ReplyDelete
 17. good one
  congrts for ur bro too

  ReplyDelete
 18. Abinandanangal....valare nalla avatharanam.

  ReplyDelete
 19. ആഹാ ഇങ്ങനെം കലാപരിപാടികള്‍ ഉണ്ടോ , അഭിനന്ദനങ്ങള്‍

  ReplyDelete
 20. കഥ നന്നായിട്ടുണ്ട്.. എഴുത്തിന്റെ ഒഴുക്കാണ് കഥയെ മനോഹരമാക്കിയത്.. സമ്മാനം ലഭിച്ചതിനു അഭിനന്ദനങ്ങള്‍

  ReplyDelete
 21. മുന്‍പേ വായിച്ചിരുന്നു മനൂ...എനികിഷ്ട്ടമായ കഥ ആയിരുന്നു....

  ReplyDelete
 22. ഈ ബ്ലോഗ്ഗിലെ നല്ല ഒരു കഥ.

  സമ്മാനം ലഭിച്ചതില്‍ അത്ഭുതം തോന്നുന്നില്ല. നല്ല എഴുത്തിന്റെ വഴിയെ അംഗീകാരങ്ങള്‍ എത്തും.

  ReplyDelete